ഗ്രൂപ്പുവഴക്കും, വിഭാഗീയതയും സി.പി.എമ്മിന്റെ തലപ്പത്തു മാത്രമാണെന്ന് തെറ്റിദ്ധരിച്ചവരുണ്ടെങ്കില്‍, ആ ധാരണ തെറ്റാണ്. പാര്‍ട്ടിയുടെ താഴേത്തട്ടിലും, പോഷക സംഘടനയിലുമെല്ലാം വിഭാഗീയതയും ഗ്രൂപ്പും വഴക്കുമൊക്കെയുണ്ട്. അതിനു പ്രത്യക്ഷ ഉദാഹരണമാണ് ഇന്നലെ സെക്രട്ടേറിയറ്റില്‍ നടന്നത്. സെക്രട്ടേറിയറ്റിലെ സി.പി,എം ഓഫീസിലാണ് ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റു മുട്ടിയത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.
കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെ ഫോട്ടോ, സംഘടനയുടെ മുഖമാസികയായ സെക്രട്ടേറിയറ്റ് സര്‍വീസില്‍ അപ്രസക്തമായി കൊടുത്തു എന്നതാണ് വിഷയം. സെക്രട്ടേറിയറ്റ് മാവേലി സ്റ്റോര്‍സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ രണ്ടാം നിലയില്‍ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഓഫീസില്‍ വച്ച് ഈ വിഷയം, മുഖമാസികയുടെ ചീഫ് എഡിറ്ററോട് മാനേജിംഗ് കമ്മിറ്റി അംഗം ചോദിച്ചു. ഇത്തരം വിഷയങ്ങള്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉന്നയിക്കാന്‍ ചീഫ് എഡിറ്റര്‍ ആവശ്യപ്പെടുകയും ചെയ്തു.
ഇത് പരാതിക്കാരനായ സഖാവിന് പിടിച്ചില്ല. അയാള്‍ ചീഫ് എഡിറ്ററെ തെറിവിളിച്ചു. ചീഫ് എഡിറ്റര്‍ തിരിച്ചും തെറിവിളിയായി. പരസ്പരം തെറിവിളിക്കുന്നവര്‍ക്കൊപ്പം ക്യാന്റീന്‍ കമ്മിറ്റി അംഗവും ചേര്‍ന്നു. രണ്ടു പക്ഷത്തും ഓരോരുത്തരായി അണി ചേര്‍ന്നതോടെ തെറിവിളി പതിയെ കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. തെറിവിളി ഉച്ചത്തിലായതോടെ സെക്രട്ടേറിയറ്റ് പരിസരത്തുണ്ടായിരുന്ന കടക്കാരും, ആള്‍ക്കാരും കെ.എസ്.ഇ.എയുടെ ഓഫീസിലേക്ക് എത്താന്‍ തുടങ്ങി.
കാഴ്ചക്കാര്‍ കൂടിയതോടെ തെറിവിളി വിട്ട് ചീഫ് എഡിറ്ററും, ക്യാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗവും, മാഗീന്‍ നിര്‍വാഹക സമിതിയിലെ അംഗവും പരസ്പരം പൊരിഞ്ഞ അടിയായി. സഖാക്കളുടെ വൈരുദ്ധ്യാത്മക ഭൗതിക തല്ലില്‍ മറ്റു സഖാക്കളും പങ്കു ചേര്‍ന്നതോടെ യൂണിയന്‍ ഓഫീസില്‍ നിന്നും വലിയ ശബ്ദങ്ങളും, പൊട്ടിത്തെറികളുമുണ്ടായി. കസേരകള്‍, മേശ, തുടങ്ങിയവയെല്ലാം പറന്നു നടന്നുവെന്നാണ് കാഴ്ചക്കാര്‍ പറയുന്നത്.
മണിക്കൂറുകള്‍ നീണ്ടു നിന്ന പോരാട്ടം യൂണിയന്‍ ഓഫീസില്‍ നിന്നും റോഡിലേക്കും പടര്‍ന്നു. സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ യൂണിയനിലെ സമു്‌നതരായ നേതാക്കള്‍ സെക്രട്ടേറിയറ്റിനു മുമ്പിലെ റോഡില്‍ നിന്നുകൊണ്ട് പരസ്പരം വെല്ലുവിളിച്ചും, പുലഭ്യം പറഞ്ഞും കാഴ്ചക്കാര്‍ക്ക് ഹരം പകര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടു പോയെന്ന് മനസ്സിലാക്കിയ മറ്റു സഖാക്കള്‍ പതിയെ സംഭവ സ്ഥലത്തു നിന്നും വലിഞ്ഞു.
സഖാക്കളുടെ പൂരപ്പാട്ടും, കൈകൊട്ടിക്കളിയും എ.കെ.ജി സെന്ററില്‍ അറിഞ്ഞതോടെ, സഖാക്കളെ വിളിച്ചു വരുത്തി. താക്കീതു നല്‍കി വിട്ടുവെന്നാണ് ലഭിക്കുന്ന സൂചന. തെറിവിളിയിലും, തമ്മില്‍ത്തല്ലിലും തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയുടെ ബന്ധുവും മുന്‍പന്തിയിലുണ്ടായിരുന്നു. പാര്‍ട്ടിയിലെ രണ്ടു വിഭാഗങ്ങളുടെ ശീത സമരമാണ് ഇന്നലെ അണപൊട്ടി കുത്തിയൊലിച്ചത്.
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് ഒരു ചേരിയും ജനറല്‍ സെക്രട്ടറി മറ്റൊരു ചേരിയുമാണ്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് അസോസിയേഷന്റെ തലപ്പത്തിരുന്നവരെ പാര്‍ട്ടിയില്‍ നിന്ന് തഴഞ്ഞിട്ടാണ് നിലവിലുള്ള നേതാക്കള്‍ അധികാരത്തിലെത്തിയത്. എന്നാല്‍, സ്ഥാനം ഏറ്റെടുത്ത് മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും തമ്മില്‍ തെറ്റി.
രണ്ടു വഴിക്ക് പ്രവര്‍ത്തനങ്ങളും, ചേരി തിരിഞ്ഞുള്ള ചര്‍ക്കവും പതിവായി. ഇതിന്റെ ഭാഗമായാണ് മുഖമാസികയിലെ ഫോട്ടോ അപ്രസക്തമായി കൊടുത്തതെന്നാണ് മാസികയുടെ നിര്‍വാഹക സമിതി അംഗത്തിന്റെ ആരോപണം. സംഘടനയുടെ പഴയ ഭാരവാഹികളെ പാര്‍ട്ടിയില്‍ ഒതുക്കി, സംഘടന പിടിച്ചെടുത്തവര്‍ തമ്മില്‍ പരസ്യമായി തമ്മിലടിക്കുന്ന കാഴ്ചയാണ് സെക്രട്ടേറിയറ്റില്‍ കാണാനാകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് വിഭാഗീയത സംഘര്‍ഷത്തിലെത്തിയത് പാര്‍ട്ടിക്ക് നാണക്കേടാവുകയും ചെയ്തിട്ടുണ്ട്.