കെ.എസ്.ആര്‍.ടി.സിയെ ശുദ്ധീകരിക്കാനുള്ള അടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് ഗതാഗതമന്ത്രി ഗണേഷ് കുമാറും മാനേജ്‌മെന്റും. കെ.എസ്.ആര്‍.ടി.സിയില്‍ അച്ചടക്ക നടപടിക്കു വിധേമായ 895 ജീവനക്കാരുണ്ട്. മദ്യപിച്ച് ബസ് ഓടിക്കല്‍, സാമ്പത്തിക തിരിമറി, ഫയല്‍ വൈകിക്കല്‍, ടിക്കറ്റ് നല്‍കാതെ പണം വാങ്ങല്‍, വര്‍ക്ക്‌ഷോപ്പുകളിലെ അടിച്ചു മാറ്റല്‍, ഡീസല്‍ ഊറ്റല്‍, അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കല്‍, അനധികൃത അവധിയെടുക്കല്‍, മെയിന്റനന്‍സ് വര്‍ക്കുകളിലെ വീഴ്ച, ടെര്‍മിനേറ്റ് ചെയ്ത ശേഷം കോടതി വിധിയിലൂടെ വീണ്ടും ജോലിയില്‍ കയറിയിട്ട് കൃത്യ സമയത്ത് ഡ്യൂട്ടിക്ക് വരാത്തവര്‍, ക്രിനല്‍ കേസില്‍പ്പെട്ട് റിമാന്റിലായി, മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു തുടങ്ങിയ നിരവധി കേസുകളില്‍പ്പെട്ടവരാണിവര്‍.
ഇവരുടെ കേസുകള്‍ തീര്‍പ്പാക്കണോ, അതോ നടപടി എടുക്കണോ എന്നതാണ് പ്രധാന പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കാനായി ഇവരുടെ കേസുകള്‍ അദാലത്തില്‍ വെയ്ക്കുകയാണ്. അതിനായി ഈ മാസം 15 മുതല്‍ അടുത്ത മാസം 9 വരെ അദാലത്ത് നടത്തും. സംസ്ഥാനത്തെ 76 ഡിപ്പോകളിലെയും ചീഫ് ഓഫീസിലെയും പരാതികളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. 17 ദിവസം നീണ്ടും നില്‍ക്കുന്ന അദാലത്ത് കെ.എസ്.ആര്‍.ടി.സി വിജിലന്‍സാണ് നടത്തുന്നത്.
അതത് യൂണിറ്റുകള്‍ കണ്ടെത്തിയ പരാതികളോ, പോലീസ് കേസെടുത്ത പരാതികളോ, ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളോ എല്ലാം ഇതില്‍പ്പെടുന്നുണ്ട്. ഏറ്റവും കൂടുതല്‍ പരാതിയുള്ളത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയിലാണ്. 41 പരാതികള്‍. എറണാകുളത്ത് 37 പരാതികളും, പാപ്പനംകോട് 29, തൃശ്ശൂര്‍ 29, നെടുമങ്ങാട് 27, കൊട്ടാരക്കര 22, പതതനംതിട്ട 21 പരാതികളുമാണുള്ളത്. ഏറ്റവും കുറച്ച് പരാതികള്‍ ഉള്ളത് അഞ്ച് ഡിപ്പോകളിലാണ്. മൂന്നു പരാതികള്‍ മാത്രം.
തൊട്ടില്‍പ്പാലം, പൊന്നാനി, ചിറ്റൂര്‍, ആലുവ, കോതമംഗലം എന്നീ ഡിപ്പോകളാണിവ. ഏപ്രില്‍ 15ന് കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, മാനന്തവാടി ഡിപ്പോകളിലെ പരാതികളാണ് ഒരുമിച്ച് എടുക്കുന്നത്. ഈ ഡിപ്പോകളിലെല്ലാമായി 57 പരാതികളുണ്ട്. 16ന് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, തൊട്ടില്‍പ്പാലം, താമരശ്ശേരി, കോഴിക്കോട് എന്നീ ഡിപ്പോകളിലെ പരാതികളാണ് എടുക്കുന്നത്. ഇവിടെ 49 പതാകിളുണ്ട്. 17ന് എടപ്പാള്‍, നിലമ്പൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, മലപ്പുറം, ചിറ്റൂര്‍, പാലക്കാട് (മണ്ണാര്‍ക്കാട്) എന്നിടങ്ങളിലെ ജീവനക്കാരുടെ പരാതികളാണ് എടുക്കുന്നത്.
ഇവിടെ 46 പാതികളാണുള്ളത്. 19ന് ഗുരുവായൂര്‍, ചാലക്കുടി, മാള എന്നീ ഡിപ്പോകളിലെ 48 പരാതികള്‍ കേള്‍ക്കും. 20ന് തൃശ്ശൂര്‍, പെരുമ്പാവൂര്‍, ആലുവ, നോര്‍ത്ത് പറവൂര്‍ എന്നീ ഡിപ്പോകളിലെ 50 പരാതികള്‍ കേള്‍ക്കും. 22ന് മൂവാറ്റുപുഴ, കോതമംഗലം, പിറവം, ആലുവ, അങ്കമാലി, കുമിളി എന്നീ ഡിപ്പോകളിലെ പരാതികള്‍ കേള്‍ക്കും. ഇവിടെ 47 പരാതികളുണ്ട്. 23ന് എറണാകുളം, കട്ടപ്പന ഡിപ്പോകളിലെ 55 പരാതികള്‍ കേള്‍ക്കും. 24ന് തൊടുപുഴ, വൈക്കം, ഈരാറ്റുപേട്ട, പൊന്‍കുന്നം, പാലാ ഡിപ്പോകളിലെ ജീവനക്കാരുടെ പരാതികള്‍ കേള്‍ക്കും.
ഈ ഡിപ്പോകളില്‍ 49 പരാതികളുണ്ട്. 29ന് കോട്ടയം, ചങ്ങനാശ്ശേരി, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ ഡിപ്പോകളിലെ 56 പരാതികള്‍ കേള്‍ക്കും. 30ന് കായംകുളം, ചേര്‍ത്തല, ഹരിപ്പാട്, ആലപ്പുഴ ഡിപ്പോകളിലെ 55 പരാതികള്‍ കേള്‍ക്കും. മെയ് 3ന് തിരുവല്ല, പത്തനംതിട്ട, അടൂര്‍ എന്നീ ഡിപ്പോകളിലെ 55 പതാരികളും, മെയ് 4ന് പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര ഡിപ്പോകളിലെ 47 പരാതികളും കേള്‍ക്കും. മെയ് 6ന് കരുനാഗപ്പള്ളി, കൊല്ലം, ചാത്തന്നൂര്‍, ചടയമംഗലം, കിളിമാനൂര്‍, വെഞ്ഞാറമൂട്, ആറ്റിങ്ങല്‍ ഡിപ്പോകളിലെ പരാതികള്‍ കേള്‍ക്കും.
ഇവിടെ 47 പരാതികളുണ്ട്. മെയ് 7ന് കണിയാപുരം, നെടുമങ്ങാട്, വെള്ളനാട്, കാട്ടാക്കട ഡിപ്പോകളില്‍ 55 പരാതികള്‍ കേള്‍ക്കും. മെയ് 9ന് വെള്ളറട, വിഴിഞ്ഞം, പൂവാര്‍, പാറശ്ശാല, നെയ്യാറ്റിന്‍കര ഡിപ്പോകളിലെ 53 പരാതികള്‍ കേള്‍ക്കും. മെയ് 10ന് സെന്‍ട്രല്‍ വര്‍ക്‌സ്, പാപ്പനംകോട്, വികാസ് ഭവന്‍, പേരൂര്‍ക്കട എന്നീ ഡിപ്പോകളിലെ 52 പരാതികളും, മെയ് 13ന് ടി.വി.എം സെന്‍ട്രല്‍, ടി.വി.എം സിറ്റി, ചീഫ് ഓഫീസ് എന്നനിവിടങ്ങളിലെ 60 പരാതികളും കേള്‍ക്കും.