തന്റെ മകൻ പ്രണവിന് വാഹനങ്ങളോട് വലിയ താത്പര്യമില്ലെന്ന് സുചിത്ര മോഹൻലാൽ. അച്ഛനെ പോലെ തന്നെ മകനും കാറുകളോടോ വാഹനങ്ങളോടോ വലിയ ക്രേസ് ഒന്നുമില്ലെന്ന് സുചിത്ര പറഞ്ഞു. പ്രണവ് വീട്ടിൽ ഉപയോഗിക്കുന്ന വാഹനം ബ്രെസ കാർ ആണ്. ഒരുപാട് വർഷമായി ഇത് തന്നെയാണ് ഉപയോഗിക്കുന്നത്. പഴയ വണ്ടി മാറ്റി പുതിയ വണ്ടി എടുത്തുകൂടേയെന്ന് ആരെങ്കിലും ചോദിച്ചാലും അതിന്റെ ആവശ്യമില്ല, തനിക്ക് ഇത് തന്നെ മതിയെന്നാണ് പ്രണവ് നൽകുന്ന മറുപടിയെന്നും സുചിത്ര പറഞ്ഞു. ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.
ബ്രെസ എടുക്കുന്നതിന് മുൻപ് പ്രണവ് ഉപയോഗിച്ചിരുന്നത് ഫോക്സ്വാഗൺ കാറാണ്. അത് കൊടുത്തിട്ടാണ് ബ്രെസ വാങ്ങിയത്. വാഹനം സ്വയം ഡ്രൈവ് ചെയ്യാനാണ് പ്രണവിന് ഇഷ്ടം. വലിയ വിലകൂടിയ വാഹനങ്ങളോടൊന്നും അവന് താത്പര്യമില്ലെന്നും സുചിത്ര അറിയിച്ചു. താരങ്ങൾക്കും ചെറുപ്പക്കാർക്കുമെല്ലാം വാഹനങ്ങളോടുള്ള താത്പര്യ കൂടുതൽ സംബന്ധിച്ച ചോദ്യത്തിനായിരുന്നു സുചിത്ര ഈ മറുപടി നൽകിയത്.
മകനും ഭർത്താവും ഏത് വണ്ടി ഉപയോഗിച്ചാലും തനിക്ക് പ്രശ്നമില്ല. അവരുടെ സുരക്ഷയാണ് എപ്പോഴും തനിക്ക് പ്രധാനം. അവരെല്ലാം വണ്ടിയിൽ ഒരുപാട് യാത്ര ചെയ്യുന്നവരല്ലേ, അതിനാൽ സുരക്ഷ വേണമെന്ന് മാത്രമാണ് താൻ ആഗ്രഹിക്കുന്നത്. മോഹൻലാൽ അധികം വാഹനം ഡ്രൈവ് ചെയ്യാറില്ലെന്നും മറ്റാരെങ്കിലുമാണ് കൂടുതലായും വാഹനം ഓടിക്കാറെന്നും സുചിത്ര കൂട്ടിച്ചേർത്തു.