ജീവനക്കാര്‍ക്ക് ശമ്പളം ഒറ്റഗഡുവായി നല്‍കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ ദിവസം ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും മാനേജ്‌ന്റെും സംയുക്തമായി ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. എന്നാല്‍, തീരുമാനം കേട്ടപ്പോള്‍ ജീവനക്കാരുടെ പ്രതികരണം, കിലുക്കം എന്ന സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഡയലോഗിലൂടെയാണ് പ്രകടിപ്പിക്കുന്നത്. ഇതാണാ ഡയലോഗ്, ‘ഉം കേട്ടിട്ട്ണ്ട്…കേട്ടിട്ട്ണ്ട്..’ എന്ന്. അവസ്ഥയാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടേതും.
ഇതുപോലെ എത്രയോ തവണ പറഞ്ഞു പറ്റിച്ചിരിക്കുന്നു. മോഹന വാദ്ഗാനങ്ങള്‍ മാത്രം അവതരിപ്പിക്കുന്ന മന്ത്രിമാരും എം.ഡിമാരും ഇരിക്കുന്ന വകുപ്പാണ് കെ.എസ്.ആര്‍.ടി.സി. എന്നാല്‍, ഇപ്പോഴത്തെ മീറ്റിംഗും തീരുമാനവും വിശ്വസിച്ചേ മതിയാകൂ. കാരണം, തെരഞ്ഞെടുപ്പിന്റെ കാലമായതു കൊണ്ടും വോട്ടുറപ്പിക്കേണ്ടത്, അത്യാവശ്യമായതു കൊണ്ടും. അതുകൊണ്ട് ശമ്പളം ഒറ്റഗഡുവായി നല്‍കാനുള്ള എല്ലാ സാധ്യതകളെയും കുറിച്ചുള്ള ആലോചന സജീവമാക്കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി എം.ഡിയും ഗതാഗത മന്ത്രിയും.
ജീവനക്കാരുടെ സംഘടനകളുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലും ഇക്കാര്യമാണ് പ്രധാനമായും ഉന്നയിച്ചത്. ശമ്പളത്തിനുള്ള തുക ഇപ്പോഴും ടിക്കറ്റ് വരുമാനത്തില്‍ നിന്നും നേടിക്കൊടുക്കുന്ന ജീവനക്കാരെ പട്ടിണിക്കിടരുത് എന്നാണ് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇത് പരിഗണിച്ചാണ് ശമ്പളം നല്‍കുന്നത് ഒറ്റ ഗഡുവാക്കാന്‍ തീരുമാനിച്ചതും. എന്നാല്‍, അത് എങ്ങനെ നടപ്പാക്കണണെന്നതിലാണ് പ്രായോഗിക ബുദ്ധിമുട്ട്. കാരണം, പല പ്രശ്‌നങ്ങളും ഉന്നയിച്ചാണ് ശമ്പളം രണ്ടു ഗഡുവാക്കിയത്.
അത് ഒറ്റ ഗഡുവാക്കിയാല്‍, നേരത്തെ നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയോ, ഇല്ലാതാവുകയോ ചെയ്തുവെന്നാണ് കരുതേണ്ടത്. അങ്ങനെ വന്നാല്‍, നേരത്തെ ഉണ്ടായിരുന്ന മന്ത്രിയും എം.ഡിയും ഉത്തരം പറേണ്ടി വരും. അന്നും ഇന്നും ടിക്കറ്റ് വരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ല. ശമ്പളം കൊടുക്കാനുള്ള വരുമാനം ഉണ്ടാകുന്നുണ്ട്.പയറ്റിപ്പൊളിഞ്ഞ പഴയൊരു പദ്ധതിയാണ് ഇപ്പോഴും ശമ്പളം ഒറ്റഗഡുവായി നല്‍കാന്‍ ആലോചിക്കുന്നത്. സഹകരണ സംഘങ്ങളില്‍ നിന്നും കടമെടുക്കുക.
ടിക്കറ്റ് വരുമാനവും സര്‍ക്കാര്‍ സഹായവും കിട്ടുന്ന മുറയ്ക്ക് കടം വീട്ടുക. വീണ്ടും മുന്‍കൂറായി കടമെടുക്കുക. ഇതാണ് പ്രായോഗികമാകുന്ന പദ്ധതിയെന്നാണ് യോഗം വിലയിരുത്തിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വരും മാസങ്ങളില്‍ ശമ്പളം മുറിയാതെ നല്‍കാനാകുമോ എന്ന് പരിശോധിക്കുകയാണ്. യോഗത്തില്‍ തീരുമാനമൊക്കെ ആയെങ്കിലും എപ്പോ മുതല്‍ കൊടുക്കാനാകുമെന്ന് ആര്‍ക്കുമറിയില്ല.
സഹകരണ സംഘങ്ങളില്‍ നിന്നും കടമെടുത്ത് ശമ്പളം കൊടുക്കാനുള്ള പദ്ധതി കണ്ടു വരുന്നത്, കടകംപള്ളി സുരേന്ദ്രന്‍ സഹകരണ മന്ത്രി ആയപ്പോഴാണ്. തുടര്‍ന്ന് ശമ്പളം ഒറ്റ ഗഡുവായി കൊടുക്കാന്‍ തുടങ്ങുകയും ചെയ്തിരുന്നു. പിന്നീടെപ്പോഴോ പദ്ധതി പാളിപ്പോയി. കെ.എസ്.ആര്‍.ടി.സി അങ്ങനെയും രക്ഷപ്പെടാതായി. എന്നാല്‍, സഹകരണ സംഘങ്ങള്‍ക്ക് പലിശ ഇനത്തില്‍ കൂടുതല്‍ പണം കിട്ടുകയും ചെയ്തു. ക്രമേണ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിനെ കുറിച്ചുള്ള ചിന്തകളിലേക്കു മാറി.
ഇതോടെ സഹകരണ സംഘം വഴിയുള്ള വായ്പയെടുപ്പും നിലച്ചു. സര്‍ക്കാര്‍ സഹായം അവകാശമല്ലാതായി മാറുകയും ചെയ്തു. എല്ലാവരുടെയും ഔദാര്യത്തില്‍ മാത്രം ശമ്പളം വാങ്ങേണ്ടി വരുന്ന ഏക വര്‍ഗം കെ.എസ്.ആര്‍.ടി.സി ജീനക്കാരായി മാറി. അങ്ങനെ മാറ്റിയെടുക്കാന്‍ പരിശ്രമിച്ച എം.ഡിമാരും, മന്ത്രിമാരും വകുപ്പിന്റെ പേരില്‍ തടിച്ചു കൊഴുക്കുകയും, പേരെടുക്കുകയും ചെയ്തു. കടംകേറിയ കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെന്ന താര പരിവേഷത്തില്‍ തടിയൂരി രക്ഷപ്പെട്ടു.
വന്നവരും നിന്നവരും ഇരുന്നവരും ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമായി മനസ്സിലാകും. കാരണം, കെ.എസ്.ആര്‍.ടി.സിയില്‍ ഒന്നും ശരിയല്ലെന്ന് അവരും പറയുന്നുണ്ട്. വരുമാനത്തില്‍ വിട്ടുവീഴ്ചയില്ലെങ്കില്‍ പിന്നെ സ്ഥാപനം തകരുന്നതെങ്ങനെയാണ് എന്ന് ചിന്തിച്ചു നോക്കിയാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ കെ.എസ്.ആര്‍.ടി.സിയില്‍.