ദക്ഷിണ വ്യോമസേന ആസ്ഥാനത്ത് മാർഷൽ ഓഫ് ഇന്ത്യൻ എയർഫോഴ്സ് അർജൻ സിംഗ് പത്മവിഭൂഷൺ, ഡിഎഫ്‌സിയുടെ 105-ാം ജന്മവാർഷികം ആഘോഷിച്ചു. ജന്മവാർഷികത്തിൻ്റെ സ്മരണയ്ക്കായി ദക്ഷിണ വ്യോമസേനയുടെ കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും ക്രോസ് കൺട്രി, വാക്കത്തോൺ, പ്രഭാഷണങ്ങൾ, അദ്ദേഹത്തെ കുറിച്ചുള്ള അവതരണങ്ങൾ തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു.
എല്ലാ വ്യോമസേനാ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ആവേശത്തോടെ പരിപാടികളിൽ പങ്കെടുക്കുകയും ഭാരതീയ വ്യോമസേനയ്ക്കും രാജ്യത്തിനും മാർഷൽ ഓഫ് ഇന്ത്യൻ എയർഫോഴ്സ് അർജൻ സിംഗ് നൽകിയ നിസ്വാർത്ഥ സംഭാവനയെക്കുറിച്ച് അറിയാനും പ്രചോദനം ഉൾക്കൊള്ളാനും കഴിഞ്ഞു.
1919 ഏപ്രിൽ 15-ന് ജനിച്ച അർജൻ സിംഗ് 19-ാം വയസ്സിൽ വ്യോമസേനയിൽ ചേർന്നു. ഔദ്യോഗിക കഴിവ്, നേതൃത്വപാടവം, തന്ത്രപരമായ കാഴ്ചപ്പാട് എന്നിവയ്ക്ക് അദ്ദേഹം പ്രശസ്തനാണ്.
രണ്ടാം ലോകമഹായുദ്ധസമയത്ത് ബർമ്മ യുദ്ധത്തിൽ മികച്ച നേതൃത്വവും മികച്ച വൈദഗ്ധ്യവും ധൈര്യവും പ്രകടിപ്പിച്ചതിന് 1944-ൽ അദ്ദേഹത്തിന് ഡിസ്റ്റിംഗ്വിഷ്ഡ് ഫ്ലയിംഗ് ക്രോസ് (ഡിഎഫ്സി) ലഭിച്ചു. തൻ്റെ മികച്ച സേവന ജീവിതത്തിൽ അദ്ദേഹം 60 ലധികം വ്യത്യസ്ത വിമാനങ്ങൾ പറത്തിയ അനുഭവ സമ്പത്തുണ്ട്. 1964 ഓഗസ്റ്റ് 01-ന് എയർ മാർഷൽ റാങ്കിൽ ചീഫ് ഓഫ് എയർ സ്റ്റാഫ് ആയി ചുമതലയേറ്റ അദ്ദേഹം 1969 വരെ സേവനമനുഷ്ഠിച്ചു.
രാഷ്ട്രത്തിനായുള്ള അദ്ദേഹത്തിൻ്റെ സ്തുത്യർഹമായ സേവനത്തെ മാനിച്ച്, 2002 ജനുവരിയിൽ ഭാരത സർക്കാർ മാർഷൽ ഓഫ് ഇന്ത്യൻ എയർഫോഴ്സ് പദവി നൽകി ആദരിച്ചു. അദ്ദേഹം വ്യോമസേനയിലെ ആദ്യത്തെയും ഒരേയൊരു ‘ഫൈവ് സ്റ്റാർ’ റാങ്കിലുള്ള ഉദ്യോഗസ്ഥനുമായിരുന്നു. രാഷ്ട്രത്തിനായുള്ള മഹത്തായ സേവനത്തിന് പത്മവിഭൂഷൺ ബഹുമതിയും അദ്ദേഹത്തെ തേടിയെത്തി.