കൊച്ചി: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഉള്ളടക്കം നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടി നിർത്തിവെയ്പ്പിക്കാമെന്ന് ഹൈക്കോടതി. അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നല്കി. മലയാളം ആറാം സീസണ് സംപ്രേക്ഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
ശാരീരിക ഉപദ്രവമടക്കമുള്ള നിയമവിരുദ്ധ നടപടികള്‍ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നല്കിയ ഹർജിയിലാണ് കോടതിയുടെ നടപടി. നിയമവിരുദ്ധതയുണ്ടെങ്കിൽ പരിപാടി നിർത്തിവയ്പ്പിക്കാമെന്ന് ജസ്റ്റിസുമാരായ എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എം.എ അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
നിയമ വിരുദ്ധതയുണ്ടെങ്കില്‍ പരിപാടിയുടെ സംപ്രേഷണം തടയണം. പ്രശ്നം ഗൗരവതരമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. മോഹന്‍ലാലിനും ഡിസ്നി സ്റ്റാറിനും എന്‍ഡമോള്‍ ഷൈനിനും നോട്ടീസ് നല്കി. ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും.
ഏഷ്യാനെറ്റ് ചാനലിൽ നടക്കുന്ന തത്സമയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ ആണ് ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകന്. പരിപാടിക്ക് യുവാക്കള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുണ്ട്. എന്നാല്‍ പലപ്പോഴും ബിഗ് ബോസില്‍ അവതരിപ്പിക്കുന്ന കണ്ടന്റുകള്‍ക്കും മത്സരാര്‍ത്ഥികളുടെ പെരുമാറ്റത്തിനും വ്യാപകമായി വിമര്‍ശനവും ഉണ്ടാകാറുണ്ട്.