സ്ത്രീയുടെ മാനത്തിന് പുല്ലുവിലയോ ?: അത്രയ്ക്ക് അശ്ലീലം പറയണോ; മറുപടി ജനം തന്നോളും

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെന്ന് അഭിമാനിക്കുമ്പോഴും, അപമാനിതരായി തലകുനിക്കേണ്ടി വരുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. പെണ്ണിന്റെ മാനത്തിന് വില പറയുന്നവരുടെ പേക്കൂത്തുകള്‍ ക്രമാനുഗതമായി വര്‍ദ്ധിക്കുമ്പോള്‍. പിറന്നു വീഴുന്ന പെണ്‍കുഞ്ഞിനെ മുതല്‍ വാര്‍ദ്ധക്യത്തില്‍ എത്തിയവരെപ്പോലും ലൈംഗീകതയുടെ അശ്ലീല കണ്ണോടെ നോക്കുന്നവരുടെ നെറികെട്ടപ്രവൃത്തികളിലൂടെ, എത്രയോ തവണയാണ് മലയാളികള്‍ തലതാഴ്ത്തി നിന്നിരിക്കുന്നത്.

നോക്കൂ, ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്കു കടക്കുമ്പോള്‍ മുന്നണികളും സ്ഥാനാര്‍ത്ഥികളും കൊടുമ്പിരിക്കൊണ്ട പ്രചാരണ ചൂടിലായിരിക്കുകയാണ്. രാഷ്ട്രീയ പ്രചാരണം തൊട്ട് വ്യക്തിഹത്യ വരെ എടുത്തു പ്രയോഗിക്കുകയാണ് പലരും. അതിരു കടന്ന വ്യക്തിഹത്യയില്‍ പൊതുസമക്ഷം പൊട്ടിക്കരയേണ്ടി വന്ന ഒരു പൊതു പ്രവര്‍ത്തകയുടെ അവസ്ഥയെ കുറിച്ച് ആലോചിക്കാനാവുമോ.

അഞ്ചു വര്‍ഷം അഭിമാനകരമായി കേരളത്തിന്റെ ആരോഗ്യമേഖലയെ നിലനിര്‍ത്തിയ കെ.കെ. ഷൈലജയ്ക്കാണ് ഈ ദുര്യോഗം ഉണ്ടായത്. കേരളം അറിയുന്ന, രാഷ്ട്രീയ പ്രവര്‍ത്തകരും, മുന്നണികള്‍ക്കും അറിയാവുന്ന പൊതു പ്രവര്‍ത്തകയാണ് കെ.കെ. ഷൈലജ. അവരുടെ ജീവിതവും, രാഷ്ട്രീയ പ്രവര്‍ത്തനവും, ജനങ്ങളുമായുള്ള ഇടപെടലും, വ്യക്തി ശുചിത്വവുമെല്ലാം പ്രത്യേകിച്ച് പറയേണ്ടതില്ല.

പൊതുപ്രവര്‍ത്തകര്‍ എങ്ങനെ ആയിരിക്കണണെന്നതിന് ഉത്തമ ഉദാഹരണം കൂടിയാണ് കെ.കെ. ഷൈലജ ടീച്ചര്‍. കേരളത്തിന്റെ മന്ത്രിയായിരുന്ന, നിലവില്‍ എം.എല്‍.എയുമായ ഒരു സ്ത്രീക്കെതിരേ സൈബര്‍ ഇടങ്ങളില്‍ ലൈംഗീകച്ചുവയുള്ള ഭാഷ ഉപയോഗിച്ചാലോ, മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ പ്രരിപ്പിച്ചാലോ എന്താണ് സംഭവിക്കാന്‍ പോകുന്നത്. കെ.കെ. ഷൈലജ മോശം സ്ത്രീയാണെന്ന് ജനം വിലയിരുത്തുമോ.

അതോ, ലൈംഗീകതയുടെ മറവില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണെന്ന് വ്യാഖ്യാനിക്കുമോ. സോഷ്യല്‍ മീഡിയകളിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഇത്തരം വഴിവിട്ട പ്രചാരണങ്ങള്‍ നടത്തുമ്പോള്‍, മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. നല്ല കാര്യങ്ങള്‍ക്കു വേണ്ടിയാണ് കമ്പ്യൂട്ടറും, ഇന്റര്‍നെറ്റുമൊക്കെ മനുഷ്യന്‍ കണ്ടു പിടിച്ചത്. അത് അത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചില്ലെങ്കില്‍ പിന്നെ കണ്ടുപിടുത്തത്തിനേ വിലയില്ലാതാകും.

ഇവിടെ, കെ.കെ ഷൈലജ എന്ന വനിതയെ മോശം സ്ത്രീയാണെന്നു കാണിക്കാന്‍ സൈബര്‍ ഇടങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ വിജയിക്കുമെന്ന തെറ്റായ ചിന്ത ഉണ്ടായതെങ്ങനെയാണ്. കണ്ണൂരും, കോഴിക്കോടും മാത്രം അറിയുന്ന സ്ത്രീയല്ല കെ.കെ. ഷൈലജ എന്ന സാമാന്യ ബുദ്ധിയെങ്കിലും പ്രവര്‍ത്തിക്കേണ്ടതായിരുന്നു. പക്ഷെ, അങ്ങനെയൊരു ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ, ഇത്തരം പ്രചാരണത്തില്‍ നിന്നും അവര്‍ വിട്ടു നിന്നേനെ.

ഒരു കാര്യം ഉറപ്പാണ്. സൈബര്‍ ബുള്ളിയിംഗില്‍ കെ.കെ. ഷൈലജ വലിയ വിഷമത്തിലാണ്. തെരഞ്ഞെടുപ്പു ഘട്ടം കൂടിയായതിനാല്‍, അതിനെതിരേ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍, മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.കെ. ഷൈലജയ്‌ക്കെതിരായി ഇങ്ങനെ സൈബര്‍ ആക്രമണമുണ്ടായെങ്കില്‍ കേരളത്തിലെ ഒരു സാധാരണ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും. ഇങ്ങനെ ഈ വിഷയത്തെ ആലോചിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്.

സൈബറിടങ്ങളില്‍ ഇരുന്ന് നേരംപോക്കിന് ചെയ്യുന്ന പ്രവൃത്തികള്‍ ഒരു സ്ത്രീയുടെ ജീവിതത്തെ തന്നെ ചോദ്യം ചെയ്യുകയാണ്. ഒരു കള്ളത്തെ സൈബറിടങ്ങള്‍ വഴി പ്രരിപ്പിക്കുമ്പോള്‍, അതിന്റെ സത്യാവസ്ഥ തെളിയിക്കേണ്ട ബാധ്യത ഇരയിലേക്ക് മാത്രം ചുരുങ്ങി എത്തുകയാണ്. ഫോട്ടോ മോര്‍ഫ് ചെയ്യുന്നവനും, അശ്ലീലം എഴുതുന്നവനും, അത് ചെയ്തതിനു ശേഷം യാതൊരു പ്രശ്‌നങ്ങളുമില്ല. ഇരയുടെ നിലവിളി കണ്ട് ആസ്വദിക്കുക മാത്രമാണ് പിന്നെ ചെയ്യുന്നത്.

ഇതാണ് വടകരയിലും സംഭവിച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെയാണ് കെ.കെ. ഷൈലജയ്‌ക്കെതിരേയുള്ള സൈബര്‍ ബുള്ളിയിംഗ് നടന്നതെന്നാണ് ഇടതുപക്ഷ മുന്നണി ആരോപിക്കുന്നത്. അങ്ങനെയെങ്കില്‍ പോലീസ് സൈബര്‍ വിംഗിന്റെ സഹായത്താല്‍ അവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. യൂത്തു കോണ്‍ഗ്രസ്സുകാരാണ് ഇത് ചെയ്തതെങ്കില്‍ ഇതൊരു നല്ല പ്രവണതയല്ല.

രാഷ്ട്രീയ പ്രവര്‍ത്തനം എന്നത്, പൊതു പ്രവര്‍ത്തന രംഗത്തു നില്‍ക്കുന്ന വനിതകളെ മോശാക്കി കാണിക്കുന്നതല്ല. എതിരാളികളോടു പോലും മാന്യമായി പെരുമാറാന്‍ പഠിക്കുക എന്നതാണ് പ്രാഥമിക പാഠം. വനിതകളോട് സഭ്യമായ ഭാഷയും, മാന്യമായ ഇടപെടലും നടത്തുമ്പോള്‍ കിട്ടുന്ന ഒരു പൊതു സ്വീകാര്യതയുണ്ട്. അത് രാഷ്ട്രീയക്കാരുടെ ഉയര്‍ച്ചയിലേക്കുള്ള പടികളാണ്. സ്വന്തം മുന്നണിയിലെ വനിതാ പ്രവര്‍ത്തകരെ ഇങ്ങനെ സോഷ്യല്‍ മീഡിയയില്‍ അവഹോളിച്ചാല്‍, അത് കണ്ടുനില്‍ക്കുമോ ആരെങ്കിലും.

അതോ അതിനെതിരെ പ്രതികരിക്കുമോ. ഈ ചോദ്യത്തിന്റെ ഉത്തരം പോലെയാണ് ഓരോ രാഷ്ട്രീയ പ്രവര്‍ത്തകന്റെയും മാനസിക നിലവാരം ഉണ്ടാവുക. വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാണ് കെ.കെ. ഷൈലജ. എസ്.എഫ്.ഐയിലൂടെ വളര്‍ന്ന്, ഡി.വൈ.എഫ്.ഐയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച് ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതാവായാണ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ ഇടംപിടിക്കുന്നത്.

തന്റെ രാഷ്ട്രീയ പ്രവര്‍ത്തന കാലയളവിലൊന്നും ഒരു തരത്തിലുമുള്ള ചീത്തപ്പേരു കേള്‍ക്കേണ്ടി വന്നിട്ടില്ല എന്നതാണ് വസ്തുത. 2016 മുതല്‍ 2021 വരെ പതിനാലാം നിയമസഭയിലെ കേരളത്തിന്റെ ആരോഗ്യ സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഷൈലജ. അതും മന്ത്രിസഭയിലെ രണ്ട് വനിതാ മന്ത്രിമാരിലൊരാള്‍. മട്ടന്നൂര്‍ നിയോജകമണ്ഡലത്തെ രണ്ടുതവണ പ്രതിനിധീകരിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലെ നേതൃത്വമികവ് ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, കേരളനിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ എറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 60,963 വോട്ടിനാണ് അവര്‍ 2021ല്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. അന്ന് കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി ആവുമെന്നുള്ള അഭ്യൂഹങ്ങളും നിലനിന്നിരുന്നു.

ഇങ്ങനെ കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവ സാന്നിധ്യമായി നില്‍ക്കുന്ന കെ.കെ. ഷൈലജയുടെ മോര്‍ഫ് ചെയ്ത തുണിയില്ലാത്ത ഫോട്ടോകള്‍ പ്രചരിപ്പിച്ചാലൊന്നും മത്സരത്തിന്റെ ചൂട് കുറയില്ല. കേരളത്തിലെ കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കെ.കെ. ഷൈലജ ടീച്ചറുടെ നേതൃത്വത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭിച്ചിരുന്നതും മറന്നു കൂടാ. ലോകശ്രദ്ധയില്‍ ഒരു വകുപ്പിനെ കൊണ്ടെത്തിക്കുകയും, അതിന്റെ തലപ്പത്ത് ഇരിക്കുകയും ചെയ്യുന്നത് വലിയ കാര്യം തന്നെയാണ്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെതിരെയുള്ള കേരളത്തിന്റെ പോരാട്ടത്തില്‍ യുഎന്‍ പൊതുസേവന ദിനത്തില്‍ സ്പീക്കറായി ടീച്ചറെ ക്ഷണിച്ചു. ‘കൊറോണ വൈറസ് കൊലയാളി’, ‘റോക്ക് സ്റ്റാര്‍ ആരോഗ്യമന്ത്രി’ എന്നാണ് ഗാര്‍ഡിയന്‍ ടീച്ചറെ വിശേഷിപ്പിച്ചത്. ഏഷ്യന്‍ വനിതാ കൊറോണ പോരാളികള്‍ക്കായി ജംഗ് യുന്‍-ക്യോങ് (ദക്ഷിണ കൊറിയ), സണ്‍ ചുന്‍ലാന്‍ (ചൈന), ചെന്‍ വെയ് (ചൈന), ലി ലഞ്ചുവാന്‍ (ചൈന), ഐ ഫെന്‍ (ചൈന), സി ലിങ്ക (ചൈന) എന്നിവരോടൊപ്പം ബിബിസി ന്യൂസില്‍ ഇടംപിടിച്ചു.

ധ19പ കൊറോണ വാരിയര്‍ഷിപ്പിനായി വോഗ് മാസികയും ടീച്ചറെ തിരഞ്ഞെടുത്തു. ബ്രിട്ടനിലെ പ്രോസ്പെക്ട് മാഗസിന്‍ 2020ലെ ലോകത്തെ മികച്ച ചിന്തകരുടെ ഗണത്തില്‍ കെ.കെ. ഷൈലജയെ തിരഞ്ഞെടുക്കുകയും ചെയ്തു. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയാണ് കോവിഡ് കാലത്ത് ചിന്തകളെ പ്രായോഗികതലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍ നിന്ന് കെ. കെ. ഷൈലജ ഒന്നാം സ്ഥാനത്തെത്തിയത്.

ആരോഗ്യ രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് 2021-ലെ സെട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ‘ഓപ്പണ്‍ സൊസൈറ്റി പ്രൈസ്’ എന്ന ബഹുമതിയും ഷൈലജ ടീച്ചര്‍ നേടി. ഈ പുരസ്‌ക്കാരം നേടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ വ്യക്തിയാണ് കെ.കെ. ഷൈലജ. ഇങ്ങനെ കേരളത്തെയും, മലയാളികളെയും ആരോഗ്യ മേഖലയെയും ഉയര്‍ച്ചയിലെത്തിക്കാന്‍ ശ്രമിച്ച വനിതയ്ക്കാണ് വടകരയില്‍ ഈ ദുര്‍ഗതി വന്നത്.

തുണിയില്ലാ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തവനും, അതിന് കൂട്ടു നിന്നവരുമെല്ലാം ജനങ്ങള്‍ക്കു മുമ്പില്‍ മോശക്കാരായതല്ലാതെ ഷൈലജ ടീച്ചര്‍ക്ക് ഒരു ചുക്കും സംഭവിച്ചിട്ടില്ല. മാത്രമല്ല, വടകരയില്‍ രാഷ്ട്രീയ മത്സരം നടക്കുകയാണ്. അതിനെ രാഷ്ട്രീയമായി തന്നെ നേരിടേണ്ടതാണ്. അതും ആരോഗ്യകരമായി. ഇഥ് മുന്നണിയിലെ യുവാക്കള്‍ക്കു പഠിപ്പിച്ചു കൊടുക്കണം.

ഇരിട്ടിക്കടുത്ത് മാടത്തി സ്വദേശിയാണ് കെ.കെ. ഷൈലജ. 1956 നവംബര്‍ 20ന് കെ. കുണ്ടന്റെയും കെ.കെ.ശാന്തയുടെയും മകളായി കണ്ണൂര്‍ ജില്ലയിലെ മാടത്തിലാണ് ജനനം. മട്ടന്നൂര്‍ കോളേജില്‍ നിന്ന് ബിരുദവും വിശ്വേശരയ്യ കോളേജില്‍ നിന്ന് 1980 ല്‍ ബിഎഡ് വിദ്യാഭ്യാസവും നേടി. തുടര്‍ന്ന് ശിവപുരം ഹൈസ്‌കൂളില്‍ ശാസ്ത്രാദ്ധ്യാപികയായി സേവനം അനുഷ്ഠിച്ചു. ഭര്‍ത്താവ് കെ. ഭാസ്‌കരനും അദ്ധ്യാപകനായിരുന്നു.

ശോഭിത്ത് (എന്‍ജിനീയര്‍, ഗള്‍ഫ്), ലസിത്ത് (എന്‍ജിനീയര്‍, കിയാല്‍). മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും, സി.പി.എം സംസ്ഥാനകമ്മറ്റി അംഗവുമാണ് കെ.കെ. ഷൈലജ. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഏഴ് വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെ മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി 2004ല്‍ സ്വയം വിരമിക്കുകയായിരുന്നു.

മട്ടന്നൂര്‍ പഴശ്ശിരാജ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ സെക്രട്ടറി എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ശൈലജ മഹിളാ അസോസിയേഷന്റെ സ്ത്രീശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്.

പഴയ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996ലും പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും 2006ലും നിയമസഭാംഗമായി. മണ്ഡലം പുനര്‍നിര്‍ണയത്തിനു ശേഷം നിലവില്‍വന്ന പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് 2011ല്‍ പരാജയപ്പെട്ടു. കേരള നിയമസഭയില്‍ 1996ല്‍ കൂത്തുപറമ്പിനേയും 2006ല്‍ പേരാവൂരിനേയും പ്രതിനിധീകരിച്ചു.

2016ല്‍ കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തില്‍ 67,013 വോട്ട് നേടി 12,291 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ.കെ. ഷൈലജ വിജയിച്ചത്. 2019 ല്‍ ഇറങ്ങിയ ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തില്‍ രേവതി കെ. കെ. ശൈലജ ആയി വേഷമിട്ടു.