കണ്ണിൽ നോക്കണ്ട; ശരീരം ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ? ബ്ലഡ് കുറവാണ്

രക്തക്കുറവ്​ അഥവാ വിളർച്ച പൊതുവിൽ പറഞ്ഞുകേൾക്കുന്ന സാധാരണ അവസ്ഥയാണ് ഇന്ന്​ എല്ലാവരിലും, പ്രത്യേകിച്ച്​ ഫാസ്​റ്റ്​ ഫുഡുകളും പാക്കറ്റ്​ ഫുഡുകളും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കുന്നവരിലും ​കണ്ടുവരുന്നുണ്ട്​. അതുകൊണ്ടുതന്നെ ഈ രോഗത്തിനെ തിരിച്ചറിയുന്നതിനോ കൃത്യമായ പരിഹാരങ്ങളിലേക്കോ പോകുന്നതിന്​ പകരം ശാരീരിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ താൽക്കാലിക ചികിത്സയിലാണ്​ പലരും ശ്രദ്ധിക്കുന്നത്​.

പൊതുവിൽ രക്തത്തിലെ ശ്വേതരക്താണുക്കളുടെയും ഹീമോഗ്ലോബിൻ എന്ന ഘടകത്തിന്റെയും തോത്​ നോക്കിയാണ്​ ഒരു വ്യക്തിക്ക്​ രക്തക്കുറവ്​ അഥവ അനീമിയ (Anemia) എന്ന രോഗം ഉണ്ടോ എന്ന്​ കണ്ടെത്തുന്നത്​. ഈ രോഗമുള്ളവരിൽ നിരവധി ലക്ഷണങ്ങളാണ്​ പ്രത്യക്ഷപ്പെടുന്നതായി കണ്ടുവരുന്നത്​.

ലക്ഷണങ്ങൾ എന്തെല്ലാം?

കടുത്ത ക്ഷീണം, ​ഓർമക്കുറവ്​, ശരീരത്തിലെ പേശികളിൽ വേദന, മുടികൊഴിച്ചിൽ, തൊലിപ്പുറത്തെ വരൾച്ച, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, കുനിഞ്ഞുനിന്ന്​ നിവരുമ്പോഴും  തലകറക്കം, നടക്കുമ്പോൾ കിതപ്പ്​, കാലുകളിൽ നീര്​, അമിത വിയർപ്പ്​, മണ്ണ്​ പോലുള്ള ദഹിക്കാത്ത വസ്​തുക്കൾ കഴിക്കാനുള്ള താൽപര്യം, ചെവിയിൽ മൂളൽ തുടങ്ങി നിരവധി ലക്ഷണങ്ങൾ അനീമിയയുമായി ബന്ധപ്പെട്ട്​ കണ്ടുവരുന്നുണ്ട്​.

ഈ ലക്ഷങ്ങൾ മറ്റു രോഗങ്ങളു​മായി ബന്ധപ്പെട്ടും കണ്ടുവരുന്നതിനാൽ ഒരിക്കലും സ്വയം രോഗനിർണയം നടത്തരുത്. അതേസമയം, അനീമിയയുമായി ബന്ധപ്പെട്ടാണ്​ 80 ശതമാനവും ഈ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്​.

കൂടാതെ വയറിനുള്ളിലെ അൾസർ, പൈൽസ് (മൂലക്കുരു)​ തുടങ്ങിയ രോഗങ്ങളും രക്തനഷ്​ടത്തിന്​ കാരണമാവുന്നതിനാൽ അനീമിയക്കുള്ള സാധ്യത കൂടുതലാണ്​. ആർത്തവത്തോടനുബന്ധിച്ച്​ പതിവിൽ കവിഞ്ഞ ​രക്തസ്രാവം ഉള്ളവർ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർ ഒരു വൈദ്യ​പരിശോധനക്ക്​ വിധേയമായി രോഗമില്ലെന്ന്​ ഉറ​പ്പുവരുത്തണം.

ചില എൻസൈമുകളുടെ കുറവുമൂലവും അപൂർവം ചിലരിൽ അനീമിയ കണ്ടുവരാറുണ്ട്​. ജനിതകകാരണങ്ങളാലായതിനാൽ ഈ പ്രശ്​നത്തിന്​ മരുന്നുകൾ സ്ഥിരമായി കഴിക്കുന്നത്​ മാത്രമാണ്​ പരിഹാരം. രക്താർബുദം മൂലവും രോഗികളിൽ വിളർച്ചയുണ്ടാവും. അർബുദ ചികിത്സയോടൊപ്പം മരുന്നുകളും രക്തം കുത്തിവെക്കലുമാണ്​ ഇത്തരം അവസ്ഥകളിൽ നിർദേശിക്കുക.

പരിഹാരം

ഭക്ഷ്യവസ്​തുക്കളിലെ ഇരുമ്പ്​ സത്താണ്​ രക്തപോഷണത്തിന്​ ആവശ്യമുള്ളത്​. അതുകൊണ്ട്​ ഇരുമ്പ്​ സത്ത്​ കൂടുതലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, ഇറച്ചി, മത്സ്യം‍, മുട്ട, പയറുവർഗങ്ങള്‍, മാതളം, ബീന്‍സ്, ഉണങ്ങിയ പഴങ്ങൾ, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വർധിപ്പിക്കാന്‍ സഹായിക്കും.

എന്നാൽ, പോഷണങ്ങൾ കുറഞ്ഞ, രുചിക്ക്​ മാത്രം പ്രാധാന്യമുള്ള ബേക്കറി, ഫാസ്​റ്റ്​ ഫുഡുകൾ മുതലായവ ഒഴിവാക്കണം​. പച്ചക്കറികൾ, പഴങ്ങൾ, പാൽ, മുട്ട എന്നിവ ഉൾപ്പെട്ട സമീകൃത ആഹാരമാണ്​ ഒരു വ്യക്തിക്ക്​ ആവശ്യം.

ഈത്തപ്പഴം, ഉണക്കമുന്തിരി, ചീര, മുരിങ്ങയില തുടങ്ങിയവയിൽ ധാരാളം ഇരുമ്പുസത്ത്​ ഉള്ളതിനാൽ അവ പതിവായി കഴിക്കുന്നത്​ ഗുണംചെയ്യും. അതേസമയം, കാൽസ്യത്തിന്റെ അളവ്​ കൂടുതലായാൽ അത്​ ഇരുമ്പുസത്ത്​ ശരീരത്തിലേക്ക്​ ആഗിരണം ചെയ്യുതിനെ കുറക്കുമെന്നതിനാൽ കാൽസ്യം ഗുളികകൾ കഴിക്കുന്നവർ അക്കാര്യം ഡോക്​ടറോട്​ സൂചിപ്പിക്കണം.

അതുപോലെ ചായയിലും കാപ്പിയിലും ഉള്ള ഫിനോളിക് സംയുക്തങ്ങൾ, തേയിലയിലുള്ള ടാനിൻ എന്നിവയും ഇരുമ്പുസത്തി​െൻറ ആഗിരണത്തെ കുറക്കുന്നതിനാൽ ചായയുടെയും കാപ്പിയുടെയും ഉപയോഗവും കുറക്കണം.

വിറ്റാമിൻ-സി ശരീരത്തിൽ ഇരുമ്പ്​ സത്തിന്റെ ആഗിരണം വർധിപ്പിക്കുന്നതിനാൽ ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവ ധാരാളം കഴിക്കുന്നതും രക്തക്കുറവ്​ പരിഹരിക്കാൻ സഹായിക്കും