നിങ്ങള്‍ ഹൃദയപക്ഷത്താണെന്ന് ആരാണ് പറഞ്ഞത്: വര്‍ഗീയത പച്ചയ്ക്കു പറയുമെന്നു സ്വപ്‌നത്തില്‍പ്പോലും പ്രതീക്ഷിച്ചില്ല;

‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു..മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു’ വയലാര്‍ രാമവര്‍മ്മ എഴുതിയ ഈ വരികളുടെ പ്രസക്തി എന്താണെന്ന് ഓരോ മലയാളിയും മനസ്സിലാകുന്നുണ്ട് ഇപ്പോള്‍. പച്ചവെള്ളത്തില്‍പ്പോലും മതത്തിന്റെ വിഷം കലക്കാന്‍ തുനിഞ്ഞിറങ്ങുന്നവരുണ്ട്. അവരെ കരുതിയിരിക്കുയാണ് വേണ്ടത്. തെരഞ്ഞെടുപ്പുകാലത്ത്, രാഷ്ട്രീയത്തില്‍ മതം കലക്കി വോട്ടു പിടിക്കുന്നവരുടെ കൂട്ടത്തെയും സൂക്ഷിക്കണം.

മതം പറഞ്ഞ് വോട്ടു പിടിക്കുന്നവരും, മതം കലക്കി മറ്റുള്ളവരെ നശിപ്പിക്കുന്നവരും, മതത്തെ മോശമാക്കി പറയുന്നവരും കുറവല്ല. അതിന് പ്രത്യേകിച്ച് രാഷ്ട്രീയമൊനനുമില്ല. എല്ലാ രാഷ്ട്രീയ കക്ഷികളിലുമുണ്ട്. കൂടുതല്‍ മതേതരത്വം പറയുന്നവരില്‍ നിന്നുമാണ് വര്‍ഗീയ വിഷം വമിക്കുനനതെങ്കില്‍ അതിനെ മുളയിലേ നുള്ളുകയാണ് ചെയ്യേണ്ടത്. കാസര്‍ഗോഡ് സംഭവിച്ചതും മറിച്ചല്ല.

മതേതരത്വത്തിനും മത സൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊള്ളുന്ന എല്‍.ഡി.എഫാണ് സോഷ്യല്‍ മീഡിയയില്‍ മതത്തെ രാഷ്ട്രീയ ആയുധമാക്കിയത്. മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ നെറ്റിയിലെ കുറി മായ്ച്ച് കളയണമെന്നും, കയ്യിലെ ചരടുകള്‍ മുറിച്ച് മാറ്റണമെന്നും, മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്ന വീഡിയോ സാമൂഹിക മാധ്യമ പേജുകളില്‍ എല്‍.ഡി.എഫ് പോസ്റ്റ് ചെയ്തു.

ഇതിനു പിന്നാലെ വിവാദമാവുകയും ചെയ്തു. കാസര്‍കോട് എല്‍.ഡി.എഫിന്റെ സമൂഹമാധ്യമ പേജിലാണ് വീഡിയോ വന്നത്. മാത്രമല്ല, കാസര്‍കോട്ടെ ഇടത് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്റെയും സിപിഎം ജില്ലാ സെക്രട്ടറി ചുമതല വഹിക്കുന്ന സിഎച്ച് കുഞ്ഞമ്പു എംഎല്‍എയുടേയും ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിലും വീഡിയോ പോസ്റ്റ് ചെയ്തു.

മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പ്രചാരണത്തിന് ഇറങ്ങാന്‍ നെറ്റിയിലെ കുറി മായ്ച്ച് കളയണമെന്നും കയ്യിലെ ചരടുകള്‍ മുറിച്ച് മാറ്റണമെന്നും മുണ്ട് ഇടത്തോട്ട് ഉടുക്കണമെന്നും പറയുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമ പേജുകളില്‍ പോസ്റ്റ് ചെയ്യപ്പെട്ടത്.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കിയിട്ടുണ്ട്. സാമൂഹക മാധ്യമങ്ങളില്‍ നിന്ന് വീഡിയോ പിന്‍വലിച്ചിട്ടുണ്ടെന്നാണ് എല്‍.ഡി.എഫ് വിശദീകരിക്കുന്നത്. അറിഞ്ഞോ അറിയാതെയോ പോലും എല്‍.ഡി.എഫിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു വര്‍ഗീയമായ പ്രചാരണ രീതി ഉണ്ടാകാന്‍ പാടില്ല എന്നതാണ് മതേതര വിശ്വാസികള്‍ പറയുന്നത്.

നാലു നേരവും മതേതരത്വവും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി നില്‍ക്കുകയും ചെയ്യുന്നു എന്നു പറയുന്നവരാണ് ഇടതുപക്ഷവും, എല്‍.ഡി.എഫും. എന്നിട്ടാണ് നാല് വോട്ടിനു വേണ്ടി പച്ചയായ വര്‍ഗീയ പ്രചാരണ വീഡിയോ നിര്‍മ്മിച്ചിറക്കിയത്.

ആരുടെ തലയില്‍ വിരിഞ്ഞ ബുദ്ധയാണെങ്കിലും ഇടതുപക്ഷത്തിന് അത് ദോഷം ചെയ്യുമെന്നുറപ്പാണ്. കാരണം, മതേതരത്വത്തിന്റെ കടയ്ക്കല്‍ കത്തിവെയ്ക്കുന്ന പ്രവണതയുടെ പുറംമൂടി പൊളിഞ്ഞു വീണിരിക്കുന്നു എന്നതു തന്നെ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങള്‍ ശക്തമാകുമ്പോള്‍ വ്യക്തിഹത്യകളും ചെളിവാരി എറിയലുമൊക്കെ വ്യാപകമായി നടക്കുമെന്നു തന്നെ വിശ്വസിക്കുന്നുണ്ട്.

എന്നാല്‍, ഹിന്ദു വര്‍ഗീയതയുടെ മൂര്‍ത്തമായ രാഷ്ട്രീയ ഭാവത്തിനെ എതിര്‍ക്കേണ്ടത് മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ വിഭാഗക്കാരുമാണ്. ആ വിഭാഗത്തിനുള്ളില്‍ വിള്ളല്‍ വീണാല്‍ ഹിന്ദു വര്‍ഗീയതയുടെ വേരുകള്‍ ആഴ്ന്നിറങ്ങും. ഇടതുപക്ഷത്തിന്റെ ഇത്തരം വീഡിയോകളില്‍ പരാജയപ്പെടുന്നത് വലതുപക്ഷമല്ലെന്ന ബോധ്യം ഉണ്ടാകണം.

വര്‍ഗീയതയുടെ വിജയത്തിനാണ് ഇടതുപക്ഷം ഇത്തരം വീഡിയോകള്‍ പ്രചാരണായുധമാക്കിയത്. ന്യൂനപക്ഷങ്ങളുടെ വോട്ടിനു വേണ്ടി അവരുടെ ആചാരമനുസരിച്ചോ, ജീവിതചര്യ അനുസരിച്ചോ, പ്രാര്‍ത്ഥനാ രീതികള്‍ പ്രകാരമോ യുഡി.എഫ് സ്ഥാനാര്‍ത്ഥി പോകുമെന്ന വ്യാജമായ പ്രചാരണത്തെ അംഗീകരിക്കാനാവില്ല.