ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാള് ജയിലിനുള്ളിലിരുന്ന് മാമ്പഴം അടക്കം മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നു. ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാൾ ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. ഡോക്ടറെ കാണണം എന്നാവശ്യപ്പെട്ടുള്ള കെജ്രിവാളിന്റെ ഹർജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ഇഡിയുടെ എതിർവാദം. ഹര്ജി വീണ്ടും നാളെ പരിഗണിക്കും.
അതേസമയം, മാധ്യമവാർത്തക്ക് വേണ്ടിയാണ് ഇ.ഡി ഇത്തരം വാദങ്ങൾ ഉയർത്തുന്നതെന്നു കെജ്രിവാളിന്റെ അഭിഭാഷകൻ പ്രതികരിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ്. അദ്ദേഹം ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രമാണ് കഴിക്കുന്നത്. വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണം തടയാനുള്ള ഇ.ഡിയുടെ ശ്രമമാണിതെന്നും അഭിഭാഷകൻ വിവേക് ജെയിൻ പറഞ്ഞു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിച്ച് ജാമ്യം തേടാനാണ് കെജ്രിവാളിന്റെ ശ്രമമെന്ന് ഇ.ഡി പറയുന്നു. ഉയർന്ന പ്രമേഹമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയാണ് പതിവായി മാമ്പഴവും മധുരപലഹാരങ്ങളും കഴിക്കുന്നത്. കൂടാതെ പഞ്ചസാര ചേർത്ത ചായയും കുടിക്കുന്നുണ്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോഹെബ് ഹുസൈൻ പറഞ്ഞു.
കെജ്രിവാൾ കഴിക്കുന്ന ഭക്ഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ തിഹാർ ജയിൽ അധികൃതരോടു കോടതി ആവശ്യപ്പെട്ടു. ജയിലിൽ 24 മണിക്കൂറും ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ടെന്നും കെജ്രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസത്തിൽ രണ്ടുതവണ പരിശോധിക്കുന്നതായും ഇഡി പറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് കെജ്രിവാൾ. ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് കെജ്രിവാൾ രാജിവെക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം തൽസ്ഥാനത്ത് തുടരുകയാണ്.