ദുബായ്: സൗദി ജയിലിൽ മോചനം കാത്തു കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സംവിധായകൻ ബ്ലെസി. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അബ്ദുൽ റഹീമിന്റെ കഥ ബോബി ചെമ്മണൂർ സിനിമയാക്കാൻ പോവുകയാണെന്നും സിനിമയ്ക്കു വേണ്ടി താനുമായി സംസാരിച്ചിരുന്നുവെന്നും ബ്ലെസി വ്യക്തമാക്കി. വിമാനത്താവളത്തിൽ ഇരിക്കുമ്പോഴാണ് അദ്ദേഹം വിളിച്ചത്. കൃത്യമായ മറുപടി പറയാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും ബ്ലെസി പറഞ്ഞു.
‘ഇപ്പോൾ ഞാൻ അതിനു സന്നദ്ധനല്ല. തന്മാത്ര ചെയ്തു കഴിഞ്ഞപ്പോൾ അത്തരത്തിലുള്ള ധാരാളം സിനിമകൾ അന്ന് തേടിയെത്തിയിരുന്നു. ഒരു അതിജീവനകഥ പറഞ്ഞു കഴിഞ്ഞു വീണ്ടും ഗൽഫിലെ പ്രയാസങ്ങൾ മുൻനിർത്തി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രിലില്ല’- ബ്ലെസി പറഞ്ഞു. ആടുജീവിതം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ബ്ലസി ദുബായിൽ എത്തിയത്. ആടുജീവിതം ചെയ്തതുകൊണ്ടു റഹീമിന്റെ കഥ സിനിമയാക്കാനുള്ള യോഗ്യത തനിക്കുണ്ടോയെന്നും ബ്ലെസി ചോദിച്ചു.
കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലാണ് അബ്ദുള്‍ റഹീമിന്റെ ജീവിതം ബ്ലെസ്സി സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ പ്രഖ്യാപിച്ചത്. ബ്ലെസിയുമായി സംസാരിച്ചെന്നും പോസറ്റീവ് മറുപടിയാണ് ലഭിച്ചതെന്നുമാണ് ബോബി ചെമ്മണ്ണൂർ പറഞ്ഞത്. എന്നാൽ അത്തരത്തിലൊരു തീരുമാനമില്ലെന്നു ബ്ലെസി ദുബായിൽ വ്യക്തമാക്കി.
അബ്ദുൽ റഹീമിന്റെ ജീവിതവും മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും മലയാളികളുടെ ഒരുമയുമാണ് സിനിമയുടെ പ്രമേയമെന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. സിനിമയിലൂടെ ലഭിക്കുന്ന ലാഭം ബോച്ചെ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നു.