ഒരു വീട്ടമ്മയുടെ അസാധാരണ വളര്‍ച്ചയുടെ കഥ: മാതൃകയാക്കണം ഈ അമ്മയെയും മകളെയും

ഒരമ്മയ്ക്ക് എത്ര ഉയരത്തില്‍ വരെ ചിന്തിക്കാനാകും. കടലിന്റെ ആഴമളക്കുന്നതു പോലെ ഉത്തരം കിട്ടാത്ത സമസ്യയാണത്. അമ്മ, അതെല്ലാമാണ്. ഈ പ്രപഞ്ചത്തില്‍ ജീവന്റെ നിലനില്‍പ്പിനു പോലും ആധാരമായ അമ്മയില്‍ നിന്നുമാണെല്ലാം ഉണ്ടായത്. ആ അമ്മയ്ക്ക് എന്താണ് ചെയ്യാനാകാത്തത്. പക്ഷെ, കാലത്തിനൊപ്പം ഓടാന്‍ ഇന്ന് അവര്‍ക്ക് പിന്തുണ വേണം. അത് കിട്ടാതെ വരുമ്പോള്‍ തളര്‍ന്നു പോകുന്നുണ്ടവര്‍. എന്നാല്‍,
ഒരു പിന്തുണയും ഇല്ലാതെ, ഒരു പിന്‍ബലവുമില്ലാതെ ജീവിതത്തില്‍ പൊരുതി വിജയം കൈവരിക്കുന്ന ചിലരുണ്ട് ലോകത്ത്.

അങ്ങനെയൊരു സാധാരണ അമ്മയുടെ അസാധാരണമായ കഴിവുകളിലേക്ക് എടുത്തുയര്‍ത്തപ്പെട്ട ഒരു വനിതയെ കുറിച്ചാണ് പറയാന്‍ പോകുന്നത്. ഈ കഥയില്‍ പ്രതീക്ഷിക്കുന്ന ട്വിസ്റ്റോ, സെന്റിമെന്‍സോ ഒന്നുമുണ്ടാകില്ല. പക്ഷെ, ഒരു പാഠമുണ്ട്. ഓരോ പെണ്‍കുട്ടികളും മനപ്പാഠമാക്കേണ്ട ജീവിത പാഠം. ഒന്നിനും കൊള്ളില്ലെന്നു പറയുന്നവര്‍ക്കു മുമ്പില്‍ തന്റെ കൊച്ചു കൊച്ചു കഴിവുകളെ തേച്ചുമിനുക്കി ഒരാറന്‍മുള കണ്ണാടിയെന്ന പോലെ സ്വയം ലോകത്തിനു മുമ്പില്‍ എത്തിയ ഒരമ്മയുടെയും കുഞ്ഞിന്റെയും വിജയകഥയാണ്.

പേര് വിദ്യ. മകള്‍ വേദിക. അമൃത ടിവിയിലെ ‘സൂപ്പര്‍ അമ്മയും മകളും’ ഫാമിലി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ടൈറ്റില്‍ വിന്നറായിരിക്കുകയാണ് ഇവര്‍. ഒന്നുമല്ലെന്ന് കുടുംബവും കൂട്ടുകാരും പറഞ്ഞിട്ടും, സ്വയം വിശ്വാസത്തിന്റെ തിരിനാളമായ മനസ്സിനോട് നീതി കാട്ടിയ സമാധാനത്തിലാണ് വിദ്യ. ഐ.ടി. പ്രൊഫഷണല്‍ കൂടിയാണ് വിദ്യ. പക്ഷെ, ഇപ്പോള്‍ മനസ്സു നിറയെ കലാപരമായ ചിന്തകള്‍ മാത്രം.

തന്നെ ലോകം അംഗീകരിച്ചതിന്റെ ആശ്വാസവും ആത്മവിശ്വാസവും വിദ്യക്കുണ്ട്. ഒപ്പം, താന്‍ മകള്‍ക്കു വഴികാട്ടി കൂടിയാവുമ്പോള്‍ അതും മുതല്‍ക്കൂട്ടാണെന്ന് വിദ്യ പറയുന്നു. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക, വിജയിക്കുക എന്നതിനപ്പുറം, വിദ്യ എന്ന പെണ്‍കുട്ടിയെ അടാളപ്പെടുത്താനായിരുന്നു എല്ലാ ശ്രമവും. അതിനു വേണ്ടി എടുത്ത പരിശ്രമങ്ങള്‍, കഷ്ടപ്പാടുകള്‍, വേദനകള്‍, ടെന്‍ഷന്‍ അങ്ങനെ ജീവിതത്തില്‍ അനുഭവിക്കാനിരുന്നതെല്ലാം തരണം ചെയ്തു. ഒടുവില്‍ സ്വന്തം അടയാളപ്പെടുത്തലുകള്‍ക്കൊപ്പം മകളെയും കൈപിടിച്ചുയര്‍ത്തുകയും ചെയ്തു.

ഇതാണ് വിദ്യ എന്ന സാധാരണ അമ്മയുടെ അസാധാരണ വിജയ കഥയുടെ തുടക്കം. ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ് വിദ്യയും കുടുംബത്തിന്റെയും താമസം. പന്ത്രണ്ടു വര്‍ഷമായി മറുനാടന്‍ മലയാളി ആയിട്ട്. ഭര്‍ത്താവ് ഐ.ടി. പ്രൊഫണല്‍ തന്നെയാണ്. പൊതുവേ തിരക്കുള്ള ഐ.ടി മേഖലയില്‍ നിന്നും കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കാന്‍ ആരും മെനക്കെടാറില്ല. പിന്നെ, സാമ്പത്തിക നേട്ടവും ഐ.ടി. മേഖലയില്‍ നിന്നുമേ ഉണ്ടാകൂ. കലാവാസന ഉണ്ടെങ്കിലും കുടുംബ ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ എല്ലാവരും കലയെ ഉപേക്ഷിക്കുകയോ, മാറ്റിവെയ്ക്കുകയോ ചെയ്യുന്നുണ്ട്.

പ്രൊഫഷണല്‍ കാലാകാരന്‍മാര്‍ മാത്രമാണ് മറ്റു ജോലികള്‍ തേടി പോകാതെ കലാ പ്രവര്‍ത്തനങ്ങളില്‍ മാത്രം നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ, വിദ്യ തന്റെ കാലാവാസനകളെ അടക്കിവെയ്ക്കുകയായിരുന്നു ചെയ്തത്. എന്നാല്‍, വിധിയുടെ വിളയാട്ടം എന്നതു പോലെ, അമൃത ചാനലിലെ പ്രോഗ്രാമിന് വെറുതേ എന്‍ട്രി അയച്ചു. അത് കിട്ടുകയും ചെയ്തു. സ്വതവേ എല്ലാത്തിനും മടിയായ കുഞ്ഞു മകള്‍ വേദിക, അമ്മയുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി എന്നതാണ് വിദ്യയെ കൂടുതല്‍ പ്രചോദിപ്പിച്ചത്.

വിജയത്തെ കുറിച്ച് വിദ്യ പറയുന്നത്:

കലാപരമായി ഒരു പിന്‍ബലവുമില്ലാത്ത കുടംബമാണ് എന്റേത്. അത്ര വലിയ ആര്‍ട്ടിസ്റ്റോ, ഡാന്‍സറോ, നാടകക്കാരിയോ ഒന്നുമല്ല. പക്ഷെ, ഒരു പാഷനുണ്ടായിരുന്നു. കലാകാരന്‍മാരോടും, കലാപരിപാടികളോടും വലിയ താല്‍പ്പര്യം ഉണ്ടായിരുന്നു. മകള്‍ക്ക് പ്രചോദനമാകണണെന്നും ആഗ്രഹിച്ചു. പഠിക്കുന്ന കാലത്ത് സ്പര്‍ട്‌സ് ആക്ടിവിറ്റികളില്‍ പങ്കെടുത്തിട്ടുണ്ട്. ലോങ്ജമ്പ്, ഹൈജമ്പ്, ഓട്ടം എന്നിവയായിരുന്നു പ്രധാന ഐറ്റംസ്. സ്‌കൂള്‍ തലത്തില്‍ ഗ്രൂപ്പ ഡാന്‍സിനും പങ്കെടുത്തിട്ടുണ്ട്. വീട്ടില്‍ അച്ഛനോ, അമ്മയോ, അമ്മൂമ്മയോ, അപ്പൂപ്പനോ കലാപരമായ കുടുംബത്തില്‍ നിന്നും ഉള്ളവരല്ല. ഓസ്‌ട്രേലിയയില്‍ പ്രത്യേകിച്ച് ഒരു കലാപരമായ അവസരത്തിന് സാധ്യതയില്ല. എങ്കിലും ഇനി അവിടെയാകും എന്റെ കലാപരമായ കൂടുതല്‍ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. സൂംമ്പാ ക്ലാസ്സ് ഇടണമെന്നുണ്ട്. ഡാന്‍സ് ക്ലാസ്സും തുടങ്ങണമെന്നാഗ്രഹിക്കുന്നുണ്ട്.

പരിപാടിക്ക് വേണ്ടി എടുത്ത ശ്രമങ്ങള്‍:

180 എപ്പിസോഡുകള്‍ പിന്നിട്ട ഷോ ആയിരുന്നു സൂപ്പര്‍ അമ്മയും മകളും. ആദ്യമൊക്കെ വലിയ പാടായിരുന്നെങ്കിലും മനസ്സില്‍ വിജയിക്കണമെന്ന വാശിയുണ്ടായിരുന്നു. പിന്നെപ്പിന്നെ വലിയ ടാസ്‌ക്കുകള്‍ വളരെ സിമ്പിളായി ചെയ്യാനായി. അങ്ങനെ, ഒരിക്കലും ചെയ്യാന്‍ കഴിയില്ലെന്നു കരുതിയിരുന്ന പല സംഭവങ്ങളും മകളുമായി അനായാസം ചെയ്തു. പോള്‍ ഡാന്‍സും, ഗ്രൂപ്പ് ഡാന്‍സുമെല്ലാം ഇതില്‍ വരുന്നതാണ്. പ്രളയത്തെ ആസ്പദമാക്കി ചെയ്ത സ്‌കിറ്റും വലിയ പ്രശംസ പിടിച്ചു പറ്റി. മള്‍ട്ടി ടാസ്‌ക്കുകള്‍ എല്ലാം കഠിന പരിശ്രമത്തിന്റെ ഭാഗമായി പഠിച്ചെടുത്ത് അവതരിപ്പിച്ചു. ഫൈനല്‍ സ്റ്റേജില്‍ മനസ്സും ശരീരവും ഒരുപോലെ വഴങ്ങി. സംവിധായകന്‍ ലാല്‍ ജോസായിരുന്നു വിധി കര്‍ത്താവ്. അദ്ദേഹത്തിനു മുമ്പില്‍ കലാപ്രകടനം നടത്താനായതു തന്നെ വലിയ കാര്യമാണെന്നും വിദ്യ പറയുന്നു.

അനുഭവിച്ച കഷ്ടപ്പാടുകള്‍:

പരിപാടിയുടെ വിജയത്തിനായി അനുഭവിച്ച കഷ്ടപ്പാടുകള്‍ ഏറെയാണ്. കമ്പു കൊണ്ട് കണ്ണു മുറിഞ്ഞതും, കാലൊടിഞ്ഞതുമെല്ലാം വേദനയുള്ള ഓര്‍മ്മകളാണ്. എന്നിട്ടും, പരിപാടി മുടക്കാന്‍ നിന്നിട്ടില്ല. എല്ലാ മാസവും ഓസ്‌ട്രേലിയയില്‍ നിന്നുമാണ് പരിപാടിക്കായി തിരുവനന്തപുരത്ത് എത്തിയിരുന്നത്. കുടുംബത്തില്‍ നിന്നും നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ നിരധിയാണ്. ഈ പ്രോഗ്രാമിനു വേണ്ടി ജോലി വരെ ഉപേക്ഷിച്ചു. മകളുടെ പഠിത്തം, വീട്ടിലെ കാര്യങ്ങള്‍, ഭര്‍ത്താവിന്റെ അനുമതി അങ്ങനെ നിരവധി പ്രതീകൂല സാഹചര്യങ്ങള്‍ താണ്ടിയാണ് വിജയം കൈവരിച്ചത്. അതുകൊണ്ടു തന്നെ ഇത് ജീവിതത്തില്‍ മറക്കാനാവുന്നതല്ല.

തിരുവനന്തപുരം സ്വദേശികളാണ് വിദ്യ വിനുവും മകളും. ഫൈനല്‍ മത്സരത്തില്‍ വിധകര്‍ത്താക്കളായത് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍, നടി ശ്വേതാ മേനോന്‍ എന്നിവര്‍ . നടി സ്വാസികയാണ് അവതാരകയായതും. തന്റെ സിനിമാ മോഹവും ലാല്‍ജോസിനോട പറയാന്‍ വിദ്യ മടിച്ചില്ല. ലാല്‍ജോസ് തന്റെ മൊബൈല്‍ നമ്പര്‍ നല്‍കുകയും ബന്ധപ്പെടാന്‍ പറഞ്ഞതും വലിയ അംഗീകാരമായാണ് ഈ കുടുംബ കരുതുന്നത്.

എന്തൊക്കെയോ നേടിയാണ് വിദ്യ ഇനി ഓസ്‌ട്രേലിയയ്ക്ക് മടങ്ങുന്നത്. മനസ്സിനോട് എത്രയോ തവണ ആ അമ്മ പറഞ്ഞു കരഞ്ഞിട്ടുണ്ടാകും, എല്ലാ വിഷമങ്ങള്‍ക്കും വേദനകള്‍ക്കും പരിഹാരമായെന്ന്. ഇനിയുള്ള ജീവിതത്തില്‍ സൂക്ഷിച്ചു വെയ്ക്കാന്‍ മയില്‍പ്പീലിത്തുണ്ടു പോലെ ഈ ഓര്‍മ്മകളും അതിലൂടെ നേടിയ കരുത്തുമുണ്ട്. മുന്നോട്ടുള്ള പ്രയാണത്തിന് ഇതിനെക്കാള്‍ വേറെന്താണ് വേണ്ടത്.

അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകള്‍ ഓര്‍ത്തെടുത്താല്‍ ‘ നിങ്ങള്‍ അമ്മയോട് സംസാരിക്കുമ്പോള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. കാരണം, നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് അമ്മയാണ്’ . ആ അമ്മയ്ക്ക് സാധിക്കാത്തതെന്താണ് ഈ ലോകത്ത്. അത് തെളിയിച്ച സാധാരണ ഒരമ്മയും മകളുമാണ് വിദ്യയും വേദികയും.