ബിഗ് ബോസ് മലയാളം സീസണ് ആറ് തുടങ്ങിയിട്ട് ഒരുമാസവും ഒരാഴ്ചയും പിന്നിട്ട് കഴിഞ്ഞു. നിലവില്‍ പതിനെട്ട് മത്സരാര്‍ത്ഥികളാണ് ഷോയിലുള്ളത്. ഇതില്‍ ആറുപേര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയവരാണ്. ഇന്നലെ ജാൻമണി പ്രേക്ഷകരുടെ പിന്തുണ കുറവായതിന്റെ പേരിൽ പുറത്തായി. നോമിനേഷൻ ലിസ്റ്റിൽ ഉള്ള ഒരാൾ കൂടി ഇനി എലിമിനേറ്റാകും. അതാരാകും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് പ്രേക്ഷകരും.
ഇന്നലത്തെ വീക്കെന്റ് എപ്പിസോഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയം വഴക്കിനിടെ ജാസ്മിനോട് സിബിൻ കാണിച്ച സഭ്യമല്ലാത്ത ചില ആംഗ്യങ്ങളാണ്. കഴിഞ്ഞ ദിവസം ആ സംഭവം നടന്നപ്പോൾ തന്നെ സിബിനെതിരെ പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. ജാസ്മിനുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിബിന് നിരന്തരം വാക്കുതർക്കത്തിൽ ഏർപ്പെടാറുണ്ട്.
അത് മൂർധന്യാവസ്ഥയിൽ എത്തിയ സമയത്താണ് സിബിൻ ദേഷ്യം തീർക്കാനായി സഭ്യമല്ലാത്ത ചില ആംഗ്യങ്ങൾ കാണിച്ചത്. സംഭവം നടന്ന ഉടൻ തന്നെ ബിഗ് ബോസ് ഇടപെട്ട് സിബിന് കർശന താക്കീത് നൽകിയിരുന്നു. മാത്രമല്ല വീക്കെന്റ് എപ്പിസോഡിൽ മോഹൻലാൽ വരുമ്പോൾ ഇതേ കുറിച്ച് നിങ്ങളോട് സംസാരിക്കുമെന്ന് സിബിനോട് പറയുകയും ചെയ്തിരുന്നു. ഇന്നലെ പ്രധാനമായും മോഹൻലാൽ ചർച്ചയാക്കിയതും സിബിന്റെ സഭ്യമല്ലാത്ത പെരുമാറ്റമായിരുന്നു. വീട്ടില്‍ നിങ്ങള്‍ ഇങ്ങനെ കാണിക്കുമോ എന്നാണ് മോഹന്‍ലാല്‍ സിബിനോട് ഈ വിഷയവുമായി ബന്ധപ്പെട്ട് ചോദിച്ചത്. എത്ര ലക്ഷക്കണക്കിന് ആള്ക്കാര് കണുന്നതാണ്. അപ്പോള്‍ നിങ്ങള്‍ ക്വാളിറ്റി ഉള്ള ആളാണോ. അപ്പോള്‍ ക്വാളിറ്റി ഇല്ലാത്തവരെ പറഞ്ഞ് വിടാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കും.
അതൊരു മോശമായ കാര്യമാണ് സിബിന്. അങ്ങനെ ചെയ്യാന്‍ പാടില്ല. നമ്മള് ആദ്യം നന്നാകണം. എന്നിട്ട് വേണം മറ്റുള്ളവരെ നന്നാക്കാന്‍. നിങ്ങളോട് ആരോടും എനിക്ക് ദേഷ്യമില്ല. പക്ഷെ പറയുന്ന വാക്കുകള്‍… ഈ ഷോ കണ്ട് അരച്ച് കലക്കി കുടിച്ചെന്ന് പറഞ്ഞ് അവിടെ പോയിട്ട് ഒരു ചെറിയ കാര്യം വരുമ്പോള്‍ നിങ്ങളുടെ മനസ് പതറുന്നു. എല്ലാവരും നല്ല മത്സരാര്‍ത്ഥികളാണ്. നിങ്ങള്‍ കളിക്കാന്‍ വേണ്ടി പോയിരിക്കുവല്ലേ. ആരെയും പറയാന്‍ സമ്മതിക്കില്ല.
നിങ്ങള്‍ എന്താണ് പറയുന്നതെന്ന് ഞങ്ങള്‍ക്ക് തന്നെ മനസിലാകുന്നില്ല. ദേഷ്യത്തെ അടക്കാനും കൂടിയുള്ള ജോലിയാണ് ഇത്. മാറ്റം ഉണ്ടാവണം. പറയേണ്ടത് പറയണം. ബഹുമാനം കൊടുത്താലെ കിട്ടൂ എന്നാണ് മോഹന്‍ലാല്‍ സിബിനോട് പറഞ്ഞത്. ശേഷം സിബിനെ ഡയറക്ട് നോമിനേഷനിലേക്ക് ഇടുകയും അതുകൊണ്ട് പവര്‍ ടീമില്‍ നിന്നും സിബിനെ പുറത്താകുകയും ചെയ്തു മോഹൻലാൽ.
ഈ വിഷയത്തിൽ ജാസ്മിനും തെറ്റുകാരിയാണെന്നാണ് ഹൗസിലെ മറ്റ് അംഗങ്ങളും പ്രേക്ഷകരും വിശ്വസിക്കുന്നത്. പക്ഷെ ഈ സംഭവത്തിൽ ജാസ്മിനെ ഒന്ന് ശകാരിക്കുക പോലും ചെയ്തില്ല മോഹൻലാൽ. എന്നാൽ സിബിനെപോലെ തെറ്റ് ചെയ്തവരും ശിക്ഷ അർഹിക്കുന്നവരും ഹൗസിൽ വേറെയുമുണ്ടെന്ന് റിഷി മോഹൻലാൽ ചോദിച്ചപ്പോൾ പറഞ്ഞു. മോഹൻലാൽ ചോദിച്ചപ്പോൾ ആ കാര്യങ്ങൾ തുറന്ന് പറയാൻ റിഷി മനസ് കാണിച്ചതിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സോഷ്യൽമീഡിയ. സിബിനെ പവർ റൂമിൽ നിന്നും പുറത്താക്കിയത് കണ്ട് റിഷി വിഷമത്തിലായിരുന്നു. അതുകണ്ട് എന്തുപറ്റിയെന്ന് മോഹൻലാൽ ചോദിച്ചപ്പോഴാണ് റിഷി തന്റെ അഭിപ്രായം പറഞ്ഞത്. സിബിൻ ചെയ്തതുപോലെ തന്ന വായിൽ നിന്നും പലതും വന്നിട്ടുള്ളവരും അത് ഉപയോഗിച്ചിട്ടുള്ളവരും സിറ്റുവേഷനും ഇവിടെയുണ്ട് എന്നാണ് റിഷി പറഞ്ഞത്.
ആ സമയത്ത് ജാസ്മിൻ റിഷിയെ രൂക്ഷമായി നോക്കുന്നതും വൈറൽ വീഡിയോയിൽ കാണാം. പക്ഷെ അതേകുറിച്ച് കൂടുതൽ സംസാരിക്കാൻ മോഹൻലാൽ നിന്നില്ല. റിഷി എങ്കിലും ഇത് പറഞ്ഞല്ലോ അതുമതി. ജാസ്മിന്റെ കാര്യത്തിൽ ഇത് പറയാൻ ഞങ്ങളും ആഗ്രഹിച്ചിരുന്നു, റിഷി പറഞ്ഞത് കേട്ടപ്പോൾ ഉണ്ടായ സാറ്റിസ്ഫാക്ഷൻ ലെവൽ വലുതായിരുന്നു എന്നിങ്ങനെയാണ് റിഷിയെ അഭിനന്ദിച്ച് വരുന്ന കമന്റുകൾ.