എന്തൊക്കെ കാണണമെന്നാണ് തൃശൂര്‍ പൂരം കഴിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന വോട്ടര്‍മാര്‍ ചോദിക്കുന്നത്. രാത്രി പൊട്ടിക്കേണ്ടിയിരുന്ന കരിമരുനെല്ലാം പകല്‍പ്പൂരമാക്കി മാറ്റിയതിന്റെ സങ്കടം പരസ്പരം പറഞ്ഞിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അമിട്ടു പൊട്ടിയിരിക്കുന്നത്. ജീവിച്ചിരുന്നപ്പോള്‍ എല്‍.ഡി.എഫ് പാളയത്തില്‍ അടിയുറച്ചു നിന്ന നടന്‍ ഇന്നസെന്റിനെ മരണ ശേഷം ബി.ജെ.പിക്കാര്‍ കട്ടോണ്ടു പോയിരിക്കുകയാണ്. അതും ‘തൃശൂരിനെ ഞാനിങ്ങെടുവാ’ എന്നും പറഞ്ഞ് രണ്ടാം വട്ടവും കച്ച മുറുക്കിയ നടന്‍ സുരേഷ് ഗോപിക്കു വേണ്ടി.
ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുമാണ് ഇന്നസെന്റ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചത്. മരിക്കുവോളവും ഇടതുപക്ഷത്ത് തന്നെയായിരുന്നു ഇന്നസെന്റ്. ഒരു വാക്കുകൊണ്ടു പോലും വലതുപക്ഷമോ, ബി.ജെ.പിയോ ആണെന്ന തെറ്റിദ്ധാരണയ്ക്കു പോലും വഴിവെച്ചിട്ടില്ല ഇന്നച്ചന്‍. അങ്ങനെ കറകളഞ്ഞ ഇടതുപക്ഷക്കാരനെ തെങ്ങില്‍ ചേര്‍ത്തു കെട്ടിയ കട്ടൗട്ടറില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ തോഴനായി ചിത്രീകരിച്ചതാണ് ഇപ്പോള്‍ തൃശൂരില്‍ പൊട്ടിയിരിക്കുന്ന വലിയ ഗര്‍ഭം കലക്കി.
ഇരിങ്ങാലക്കുടയില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ഇന്നസെന്റും സുരേഷ്ഗോപിയും ചേര്‍ന്നു നില്‍ക്കുന്ന ചിത്രമാണ് ബിജെപി പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ‘മറ്റെല്ലാത്തിനും അപ്പുറമാണ് സൗഹൃദം’ എന്ന തലവാചകവും ബോര്‍ഡില്‍ ഉണ്ട്. ഇടതുപക്ഷ രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും എംപിയായിരുന്നപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ നഖശിഖാന്തം എതിര്‍ത്തിരുന്നയാളാണ് ഇന്നസെന്റെന്ന് മറന്നുകൂടാ. മറ്റെല്ലാത്തിനും അപ്പുറമാണ് സൗഹൃദമെങ്കില്‍, എന്തുകൊണ്ട് തൃശൂരിനെ ആദ്യം എടുക്കാന്‍ വന്നപ്പോള്‍ ഇന്നസെന്റിനെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു കൊണ്ടുവരാത്തത് എന്ന ചോദ്യമാണ് ‘ഗഡി’കള്‍ക്കുള്ളത്.
കൊണ്ടുവന്നില്ലെങ്കിലും പോട്ടെ, ഒരു പോസ്റ്ററെങ്കിലും തൃശൂര്‍ റൗണ്ടില്‍ എവിടെയെങ്കിലും ഒട്ടിച്ചിരുന്നോ. ഇല്ല. അങ്ങനെ ഒട്ടിച്ചിരുന്നെങ്കില്‍ ഇന്നസെന്റ് വന്ന്, സുരേഷ്‌ഗോപിയെ കൊണ്ടുതന്നെ പോസ്റ്റര്‍ വലിച്ചു കീറിച്ചേനെ. ഇപ്പോഴത്തെ സ്ഥിതിയും അതു തന്നെയാണ്. ഇന്നസെന്റെന്ന ചാലക്കുടിയിലെ മുന്‍ എം.പിയും ഇടതുപക്ഷക്കാരനും ജീവിച്ചിരുന്നുവെങ്കില്‍, ഈ കട്ടൗട്ടര്‍ കണ്ടാല്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇന്നസെന്റ് ‘മരിച്ചു പോയി’ എന്ന ഒറ്റ ധൈര്യത്തിലാണ് സംഘപരിവാറിന്റെ സൗഹൃദ കട്ടൗട്ടര്‍ ഉയര്‍ന്നത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളാണ് തൃശൂരില്‍ നിന്ന് കാണുാനാകുന്നത്. ഇന്നസെന്റിനൊപ്പം നില്‍ക്കുന്ന സുരേഷ്‌ഗോപിക്ക് ക്രിസ്ത്യാനികളുടെ വോട്ട് കിട്ടുമെന്ന മിഥ്യാധാരണയും ബി.ജെ.പിക്കുണ്ടാകും. ചലച്ചിത്ര മേഖലയിലെ രണ്ടു സുഹൃത്തുക്കള്‍ എന്നതിനപ്പുറം രാഷ്ട്രീയത്തില്‍ രണ്ട് ശത്രുക്കള്‍ എന്നുതന്നെ പറയേണ്ടി വരും സുരേഷ്‌ഗോപിയെയും ഇന്നസെന്റിനെയും. ചലച്ചിത്ര ലോകത്തിലെ മിത്രങ്ങള്‍ തമ്മിലുള്ള സൗഹൃദം മനസ്സിലാക്കാന്‍ തൃശൂര്‍കാര്‍ക്ക് പറ്റും. എന്നാല്‍, രാഷ്ട്രീയത്തിലെ ശത്രുതയെ മറച്ചുവെച്ച് വോട്ടിനു വേണ്ടി കൂടെ നിര്‍ത്തുന്ന കുതന്ത്രത്തെ എന്തു വിളിക്കുമെന്നാണ് ചാലക്കുടിക്കാര്‍ ചോദിക്കുന്നത്.
സുരേഷ്‌ഗോപിക്ക് ഇന്നസെന്റിന്റെ പടം വെച്ച് വോട്ടു പിടിക്കാമെന്നതാണ് ഗുണം. എന്നാല്‍, സുരേഷ്‌ഗോപിയുടെ പടം വെച്ച് ബി.ജെ.പി ഒഴികെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടു പിടിക്കാനാവില്ല. കാരണം, കിട്ടാനുള്ള വോട്ടു കൂടി പോകുമെന്നതു കൊണ്ടുതന്നെ. ഇതു മനസ്സിലാക്കിയാണ് ബി.ജെ.പിക്കാര്‍ ഇന്നച്ചനെ സുരേഷ്‌ഗോപിയോട് ചേര്‍ത്തു വെച്ച് പോസ്റ്ററടിച്ചത്. സംഘപരിവാര്‍ നിര്‍മ്മിതിയുടെ ആദ്യ എപ്പിസോഡ് ഇതല്ല. സമാനമായ രാഷ്ട്രീയ പ്രചാരണങ്ങള്‍ നേരത്തെയും നടത്തിയിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ തലതൊട്ടപ്പനായ എ.കെ.ജിയെ ഹിന്ദുഐക്യവേദിയുടെ സ്ഥാപകാചാര്യനാക്കി മാറ്റിയിട്ടുണ്ട്. ഹിന്ദുഐക്യവേദിയുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് വെച്ച് നടക്കുമ്പോഴായിരുന്നു ഈ പ്രചാരണം.
അതും സെക്രട്ടേറിയറ്റ് നടയിലാണ് എ.കെ.ജിയുടെ ഫോട്ടോ വെച്ചത്. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍, എ.കെ.ജിസെന്ററില്‍ നിന്നുമാത്രം ഇതിനെതിരേ ഒരു ശബ്ദവും ഉയര്‍ന്നു കേട്ടില്ല. അതുകൊണ്ടുതന്നെ ആ വിഷയവും തണുത്തുറഞ്ഞുപോയി. ഇതേ മോഡല്‍ പ്രചാരണ അടവാണ് സുരേഷ്‌ഗോപിക്കു വേണ്ടിയും ബി.ജെ.പി പുറത്തെടുത്തിരിക്കുന്നത്. പക്ഷെ, മറ്റെല്ലാത്തിനും അപ്പുറമാണ് സൗഹൃദമെങ്കില്‍ എന്തുകൊണ്ടാണ് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും ജയറാമിന്റെയും ദിലീപിന്റെയും ഫോട്ടോയൊന്നും വെയ്ക്കാത്തത്. എന്തിനേറെ സ്വന്തം പാര്‍ട്ടിയുടെ പ്രചാരകയായ ശോഭനയുടെ ഫോട്ടോ പോലും വെച്ചുകണ്ടില്ല.
ചലച്ചിത്ര മേഖലയില്‍ നിന്നും സുരേഷ്‌ഗോപി മാത്രമല്ല ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നടന്‍ മുകേഷുണ്ട്.
കൃഷ്ണകുമാറുണ്ട്. ചെറുതായിട്ടാണെങ്കിലും രാജ്‌മോഹന്‍ ഉണ്ണിത്താനും ഒരു നടനാണ്. ഇവരൊന്നും ചലച്ചിത്ര രംഗത്തെ സൗഹൃദങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വലിച്ചിഴച്ചില്ല എന്നതും കാണാതെ പോകരുത്. ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ള മലയാളിയോട് രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്താണ് സംവദിക്കേണ്ടത്. പത്തു വോട്ട് മുന്നില്‍ക്കണ്ട് നടത്തുന്ന ഇതുപോലെയുള്ള രാഷ്ട്രീയ പാപ്പരത്തങ്ങളെല്ലാം ഉയര്‍ന്ന രാഷ്ട്രീയ നിലവാരമുള്ള സമ്മതിദായകരുടെ മുന്നില്‍ ഏശുമോ എന്നത് സംശയമാണ്.