ബില്ലടച്ചില്ല: KSRTC ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസ് ഊരി KSEB: “പ്രയ്‌സ് ദി ലോഡ്” ഇരുട്ടിലിരിക്കുന്ന ജീവനക്കാരാ വിശ്വസിക്കൂ; അത്ഭുതം പ്രവര്‍ത്തിച്ചു കഴിഞ്ഞു (സ്‌പെഷ്യല്‍)

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്ക് ബാക്കി ശമ്പളം കിട്ടുന്നു എന്നതാണ് കെ.എസ്.ആര്‍.ടി.സിയിലെ ഇപ്പോഴത്തെ സന്തോഷത്തിന് കാരണം. നാളെ വോട്ടിടാന്‍ പോകുന്നതിനു മുമ്പ് ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും കൊടുത്തു തീര്‍ക്കുക എന്നതാണ് ലക്ഷ്യം. ഇതിനായി കഴിഞ്ഞ ദിവസം മുതല്‍ തീവ്രശ്രമത്തിലാണ് കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ്. ഗതാഗത വകുപ്പ് ഇതിനായി നിരന്തരമായി ധനവകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ഇന്നലെ 30 കോടി രൂപ അനുവദിക്കാന്‍ ധനവകുപ്പ് തയ്യാറായത്. ഇന്ന് 30 കോടി അനുവദിച്ചുള്ള ഉത്തരവും ഇറങ്ങിക്കഴിഞ്ഞു.

38 കോടി രൂപയാണ് രണ്ടാം ഗഡു ശമ്പളത്തിനു വേണ്ടത്. ഇനി 8 കോടി രൂപ കെ.എസ്.ആര്‍.ടി.സി കണ്ടെത്തും. ഇതോടെ ഉച്ചയ്ക്കു ശേഷം ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളില്‍ ക്രെഡിറ്റായിത്തുടങ്ങുമെന്നാണ് അറിയുന്നത്. ഈ മാസം 9നാണ് ശമ്പളത്തിന്റെ ആദ്യ ഗഡു നല്‍കിയത്. ഏപ്രില്‍ 15ന് പ്രതിദിന കളക്ഷനില്‍ കെ.എസ്.ആര്‍.ടി.സി റെക്കോഡ് നേട്ടമുണ്ടാക്കിയിരുന്നു. 8.57കോടി രൂപയായിരുന്നു കളക്ഷന്‍. രണ്ടാം ഗഡു ശമ്പളം വൈകിയെങ്കിലും പതിവ് സമരങ്ങളോ പ്രതിഷേധമോ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായില്ല എന്നതാണ് വലിയ കാര്യം.

കഴിഞ്ഞ ദിവസം ഒരു കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി ജീവനക്കാര്‍ വിച്ഛേദിച്ചിരുന്നു. കറണ്ടു ബില്ല് അടയ്ക്കാന്‍ നിവൃത്തിയില്ലാതെ വന്നതു കൊണ്ടാണ് ഫ്യൂസ് ഊരിയത്. കളക്ഷന്‍ കൂട്ടാന്‍ നെട്ടോടമോടുന്ന ജീവനക്കാരുടെ വീടുകളെല്ലാം അര്‍ദ്ധ പട്ടിണിയിലാണ്. മറ്റു വരുമാന മാര്‍ഗങ്ങള്‍ തേടുന്നവരുടെ വീടുകള്‍ കുഴപ്പമില്ലാതെ പോകുമ്പോള്‍ കെ.എസ്.ആര്‍.ടി.സി വരുമാനം മാത്രം പ്രതീക്ഷിച്ചിരിക്കുന്ന കുടുംബങ്ങളാണ് പട്ടിണിയിലായിരിക്കുന്നത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇത്തവണ നേരത്തെ രണ്ടാംഗഡു ശമ്പളം കിട്ടുന്നത് ആശ്വാമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

 

എറണാകുളം പുത്തന്‍കുരിശില്‍ താമസിക്കുന്ന വിനു എന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്റെ വീട്ടിലെ ഫ്യൂസാണ് കെ.എസ്.ഇ.ബി ഊരിയത്. രണ്ടു മാസത്തെ വൈദ്യുതി ബില്ല് അടയക്കാത്തതാണ് കാരണം. ബല്ലടയ്ക്കാനുള്ള തീയതിയും, പിഴയോടു കൂടി അടയ്ക്കാനുള്ള സമയവും കഴിഞ്ഞിരുന്നു. ഇതിനു ശേഷമാണ് കെ.എസ്.ഇ.ബി ജീവനക്കാരെത്തി വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചത്. 2008ലെ സീനിയര്‍ ബാച്ചിലെ ഡ്രൈവറാണ് വിനു. പിറവം ഡിപ്പോയില്‍ നിന്നും ട്രാന്‍സ്ഫര്‍ ആയി ഇപ്പോള്‍ മൂന്നാര്‍ ഡിപ്പോയിലാണ് ഡ്യൂട്ടി ചെയ്യുന്നത്.

മൂന്നു ദിവസം അടുപ്പിച്ച് ഉദുമല്‍പ്പേട്ട ഷെഡ്യൂള്‍ ഡ്യൂട്ടി ചെയ്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് കെ.എസ്.ഇബി ജീവനക്കാര്‍ ഫ്യൂസ് ഊരാനെത്തിയത്. രണ്ടു ദിവസത്തിനുള്ളില്‍ ബില്ല് അടയ്ക്കാമെന്ന് വിനു കെ.എസ്.ഇ.ബി ജീവനക്കാരോട് പറഞ്ഞെങ്കിലും കനിവുണ്ടായില്ല. അവര്‍ അവരുടെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്ന മറുപടിയില്‍ ഒതുക്കി. ഈ വിവരം വിനു തന്നെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്‌തെങ്കിലും ആര്‍ക്കും ഒന്നും പറയാനില്ലായിരുന്നു. കാരണം, എല്ലാവരും ഓരോ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുയാണ്.

ശമ്പളം മാത്രം ആശ്രയിച്ചു ജീവിക്കുന്ന ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. വിനുവിന് രണ്ടു ദിവസം മുമ്പേ ശമ്പളം കിട്ടിയിരുന്നെങ്കില്‍ വീട് ഇരുട്ടിലാകുമായിരുന്നില്ല. എല്ലാ മാസത്തിലും ഏതെങ്കിലും തരത്തില്‍ സര്‍ക്കാരില്‍ പ്രഷര്‍ ചെലുത്താനുള്ള വലിയ പ്രോഗ്രാമുകള്‍ വരികയാണെങ്കില്‍ കെ.എസ്.ആര്‍ടി.സി ജീവനക്കാര്‍ രകഷപ്പെടും. രണ്ടാംഗഡു ശമ്പളം ആ പ്രോഗ്രാമുകളുടെ പേരില്‍ നേരത്തെ ലഭിക്കും. ഇതാണ് ജീവനക്കാരുടെ അവസ്ഥ. തെരഞ്ഞെടുപ്പിനു മുമ്പ് ശമ്പളം കൊടുക്കാന്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്നും, തെരഞ്ഞെടുപ്പായാലും, വിഷുവായാലും ശമ്പളം കൊടുക്കാതിരിക്കുന്നത് എന്തു കൊണ്ടാണെന്നും സാമാന്യ ബുദ്ധിയില്‍ ചിന്തിച്ചാല്‍ മനസ്സിലാകും.

അവനവന് ആവശ്യമുള്ളപ്പോള്‍ മാത്രം നേരത്തെ ശമ്പളം നല്‍കും. ഇല്ലെങ്കില്‍ തോന്നുമ്പോള്‍ ശമ്പളം. ഇതാണ് ലൈന്‍. ഇത് മറ്റേതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ നടപ്പാകുമോ. അവശ്യ മേഖലയില്‍പ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരോട് മാത്രം ചിറ്റമ്മനയം കാട്ടുന്നത്, നീതികേടാണെന്നാണ് ജീവനക്കാരുടെ സംഘടനകളും പറയുന്നത്. പക്ഷെ, പാര്‍ട്ടിയെ തള്ളിപ്പറയാന്‍ കഴിയാത്തതു കൊണ്ടും, പാര്‍ട്ടി നിലപാടുകള്‍ മാറ്റി പറയാന്‍ പറ്റാത്തതു കൊണ്ടും വയറ് മുറുക്കിയുടുത്ത് അവരും സിന്ദാബാദ് വിളിക്കുന്നു.

ശമ്പളം നല്‍കാനുള്ള വരുമാനം എത്തിക്കുന്നുണ്ടെങ്കിലും, അത് കൊടുക്കാന്‍ തയ്യാറാകാത്തത് എന്തു കൊണ്ടാണെന്ന് ജീവനക്കാര്‍ക്ക് മനസ്സിലാകുന്നില്ല. ഈ മാസം മാത്രമാണ് രണ്ടാം ഗഡു ശമ്പളം നേരത്തെ കിട്ടുന്നതെന്ന് ജീവനക്കാര്‍ക്കും, കൊടുക്കുന്ന കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിനും, ധനസഹായം നല്‍കിയ ധനവകുപ്പിനും അറിയാം. അടുത്ത മാസം ഒന്നാം ഗഡുവും രണ്ടാം ഗഡുവും എപ്പോഴൊക്കെ കിട്ടുമെന്നോ, കൊടുക്കുമെന്നോ ആര്‍ക്കും അറിയില്ല. ഇങ്ങനെ എത്രകാലം മുന്നോട്ടു പോകുമെന്നതാണ് ഗതാഗത മന്ത്രിയുടെ മുന്നിലുള്ള ചോദ്യം. പരിഷ്‌ക്കാരങ്ങള്‍ ഫലം കാണുന്നുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

അങ്ങനെയെങ്കില്‍ അടുത്ത വര്‍ഷമെങ്കിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും, ആനുകൂല്യങ്ങളും നല്‍കാനാകും എന്ന പ്രതീക്ഷയാണുളളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അടുത്തു വരുന്നത്, ബൈ ഇലക്ഷനായിരിക്കും. വടകരയില്‍ അത് ഉറപ്പായിക്കഴിഞ്ഞു. ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടത്തിലും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുന്‍കൂറായി ശമ്പളം കിട്ടുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.