സിനിമ ലോകത്തെയും ആരാധകരെയും ആവേശത്തിലാക്കി അടുത്തിടെയായിരുന്നു നടൻ സിദ്ധാര്ഥിന്റെയും നടി അതിഥി റാവുവിന്റെയും വിവാഹ നിശ്ചയം. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരെയും ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകൾ ചർച്ചയായിരുന്നു. പിന്നീടാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത പുറത്ത് വന്നത്. ഇപ്പോഴിതാ സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ഡി ചിത്രത്തിന്റെ സ്ക്രീനിംഗിൽ ഇരുവരും എത്തിയതാണ് ശ്രദ്ധ നേടുന്നത്. സഞ്ജയ് ലീല ബൻസാലിയുടെ ഹീരമാണ്ടിയിൽ ബിബ്ബോജാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അദിതി റാവു ഹൈദരി മുംബൈയിൽ നടന്ന ഷോയുടെ സ്ക്രീനിങ്ങിൽ പ്രതിശ്രുത വരൻ സിദ്ധാർത്ഥിനൊപ്പമാണ് പങ്കെടുത്തത്.
2021-ൽ പുറത്തിറങ്ങിയ റൊമാൻ്റിക് ആക്ഷൻ ചിത്രമായ മഹാ സമുദ്രത്തിൽ അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും ഒരുമിച്ച് അഭിനയിച്ചിരുന്നു. 2022ൽ സിദ്ധാർത്ഥിൻ്റെ ജന്മദിനത്തിൽ അദിതി ആശംസകൾ നേർന്നതിനെ തുടർന്നാണ് ഇരുവരുടെയും ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയത്. കഴിഞ്ഞ മാസമാണ് ഇവരുടെ വിവാഹ നിശ്ചയം പ്രഖ്യാപിച്ചത്. മാർച്ചിൽ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അദിതി റാവു ഹൈദരിയും സിദ്ധാർത്ഥും വിവാഹനിശ്ചയം ആരാധകരെ അറിയിച്ചത്.
‘അവന് യെസ് പറഞ്ഞു’-വിവാഹ നിശ്ചയ മോതിരം അണിഞ്ഞുള്ള ചിത്രം പങ്കുവെച്ച് അദിതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘അവള് യെസ് പറഞ്ഞു’ എന്ന ക്യാപ്ഷനോടെ സിദ്ധാര്‍ഥും ഇതേ ചിത്രം പങ്കുവെച്ചു.ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹനിശ്ചയം മാത്രമേ കഴിഞ്ഞിട്ടുള്ളുവെന്ന് വ്യക്തമാക്കി ഇരുവരും പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റിന് താഴെ രണ്ടു പേര്‍ക്കും ആശംസ അറിയിച്ച് സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കമന്റ് ചെയ്തത്.
അതേസമയം സഞ്ജയ് ലീല ബൻസാലി, തൻ്റെ വരാനിരിക്കുന്ന പീരിയോഡ് ഡ്രാമാ സീരീസായ ‘ഹീരമാണ്ഡി: ദി ഡയമണ്ട് ബസാറി’ലൂടെ സ്ട്രീമിംഗ് ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ലാഹോറിലെ ഹീരമാണ്ഡി എന്ന സ്ഥലത്ത് ജീവിച്ചിരുന്ന നാലു സ്ത്രീകളുടെ കഥയാണ് ചിത്രം പറയുന്നത്. നെറ്റിഫ്ലിക്സിനായി ഒരുക്കുന്ന സീരീസിൽ മനീഷ കൊയ്രാള, സോനാക്ഷി സിൻഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷർമിൻ സെഗാൾ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.