കൽക്കി റിലീസ് തീയതി നീട്ടി; ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ എത്തും

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. തൻ്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഭാസ് ആണ് കല്‍ക്കിയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടത്.

അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ബച്ചന്‍റെ ക്യാരക്ടര്‍ വെളിപ്പെടുത്തുന്ന ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ടീസർ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരുന്നു.ഇതിന് പിന്നാലെയാണ് ചിത്രത്തിൻ്റെ പുതിയ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നേരത്തെ മെയ് 9 ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം.

ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്ഷന്‍ ഫാന്റസി ചിത്രം വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് നിര്‍മ്മിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

തമിഴില്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്.