തെന്നിന്ത്യൻ താരസുന്ദരി സാമന്ത രൂത്ത് പ്രഭുവിന്റെ 37ാം പിറന്നാളാണ് ഇന്ന്. മലയാളിയും ആലപ്പുഴ സ്വദേശിയുമായ നൈന്റ്റ പ്രഭുവിന്റെയും ആന്ധ്രസ്വദേശിയായ പ്രഭുവിന്റെയും മകളായി 1987 ഏപ്രിൽ 28 നാണ് സാമന്തയുടെ ജനനം. തമിഴ് നാട്ടിൽ ജനിച്ചു വളർന്ന സാമന്ത, ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്കുചിത്രം ‘യെ മായ ചെസവ’യിലൂടെ 2010 ലാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് ഗൗതം മേനോന്റെ തന്നെ തമിഴ് ചിത്രമായ ‘വിണ്ണെതാണ്ടി വരുവായ’യിലും അഭിനയിച്ചു. ‘വിണ്ണെത്താണ്ടി വരുവായ’ യുടെ ഹിന്ദി പതിപ്പായ ‘ഏക് ധീവാനാ ദാ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാമന്ത അരങ്ങേറ്റം കുറിച്ചു. തമിഴിലും തെലുങ്കിലും ഒട്ടേറെ വിജയചിത്രങ്ങളുടെ ഭാഗ്യനായികയാണ് സാമന്ത.
2017 ഒക്ടോബർ ഏഴിനാണ് തന്റെ ആദ്യചിത്രത്തിലെ നായകനും നടൻ നാഗാർജുനയുടെയും ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും മകനുമായ നാഗചൈതന്യയെ സാമന്ത വിവാഹം കഴിക്കുന്നത്. അതോടെ സാമന്ത പ്രഭു, സാമന്ത അക്കിനേനിയായി മാറി. നാലു വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം 2021ന് ഇരുവരും വിവാഹ മോചനം നേടി. അതോടെ സാമന്ത വീണ്ടും പേരുമാറ്റി സാമന്ത രൂത്ത് പ്രഭു എന്നാക്കി.
ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.