സിനിമയിലും ടെലിവിഷനിലും ഒരു പോലെ ചിരിപ്പിക്കുന്ന മുഖമാണ് പ്രസീത മേനോൻ. മൂന്നാംമുറയിലൂടെ ബാലതാരമായി സിനിമയിലെത്തിയ പ്രസീത പെട്ടെന്നാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. അഭിനയത്തിനപ്പുറം അഭിഭാഷക കൂടിയാണ് പ്രസീത. 2005 ൽ അഭിഭാഷകയായി എൻറോൾ ചെയ്ത പ്രസീത, ആദ്യം അച്ഛനൊപ്പമാണ് പ്രാക്ടീസ് തുടങ്ങിയത്. പിന്നീട്, കോർപറേറ്റ് നിയമത്തിൽ സ്പെഷലൈസ് ചെയ്തു. അവിടെയും തീർന്നില്ല സിനിമാ നിർമാണത്തിലേക്കും പ്രസീത ചുവടു വച്ചിട്ടുണ്ട്. ആർജിഎം വെഞ്ചേഴ്സ് എന്ന പേരിൽ തുടക്കമിട്ട പ്രൊഡക്‌ഷൻ കമ്പനിയും പ്രസീതക്കുണ്ട്.
ആദ്യ സിനിമ
അവിചാരിതമായാണ് താൻ സിനിമയിൽ എത്തിപ്പെട്ടതെന്നാണ് പ്രസീത പറയുന്നത്. സെവൻ ആർട്സ് ഫിലിംസുമായി എന്റെ കുടുംബത്തിന് നല്ല ബന്ധമുണ്ടായിരുന്നു. ഞങ്ങൾ കുടുംബസുഹൃത്തുക്കളാണ്. അങ്ങനെയാണ് 1988 ലെ മൂന്നാംമുറ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ഡൽഹിയിൽനിന്നു വരുന്ന കേന്ദ്രമന്ത്രിയുടെ പേരക്കുട്ടികളായി അഭിനയിക്കാൻ അവർക്ക് ആർടിസ്റ്റുകളെ ആവശ്യമുണ്ടായിരുന്നു. കുറെ പേരെ നോക്കിയിട്ടൊന്നും ശരിയാകാതെ ഇരിക്കുന്ന സമയത്താണ് സെവൻ ആർട്സ് ഫിലിംസിലെ വിജയകുമാർ അങ്കിളിനൊപ്പം ഞങ്ങളൊരു ഡിന്നറിനു പോകുന്നത്. എന്ന കണ്ടപ്പോൾ അവർ ചോദിച്ചു, സിനിമയിലൊന്നു ട്രൈ ചെയ്തുകൂടെ എന്ന് ഞാൻ അന്ന് ഏഴിലാണ് പഠിക്കുന്നത്. സിനിമയെക്കുറിച്ച് ഒന്നും അറിയില്ല. എന്നാലും, എല്ലാവരും പറഞ്ഞപ്പോൾ പോയി ചെയ്തു എന്നും അച്ഛനും അമ്മയുമൊക്കെ അന്ന് ഷൂട്ടിനുണ്ടായിരുന്നു എന്നും പ്രസീത ഓർത്തെടുക്കുന്നു.
ഒരിക്കലും മങ്ങാത്ത ഓർമ്മകൾ
സിനിമയിലെ ആദ്യ കാല ഓർമകളെ കുറിച്ചും പ്രസീത മനസ് തുറക്കുന്നുണ്ട്. കമൽ, സിബി മലയിൽ തുടങ്ങി നിരവധി പ്രഗത്ഭ സംവിധായകരുടെ ആദ്യകാല സിനിമകളിൽ തുടർച്ചയായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ഭരത് ഗോപി സർ സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയിരുന്നു. ഷൊർണൂർ ആയിരുന്നു ഷൂട്ട്. പാർവതിച്ചേച്ചിയുടെ അനിയത്തിയുടെ വേഷമായിരുന്നു. എങ്ങനെ ചെയ്യണം എന്നത് ഗോപി സർ അഭിനയിച്ചു കാണിച്ചു തരും. ഐ.വി.ശശി സാറുമായി രസകരമായ ഒരു ഓർമയുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത വർത്തമാനകാലം എന്ന സിനിമയിൽ ഉർവശിച്ചേച്ചിയുടെ കൂട്ടുകാരിയായിട്ടാണ് ഞാൻ അഭിനയിച്ചത്. ചേച്ചിയുടെ അച്ഛന്റെ കഥാപാത്രം മരിച്ചു കിടക്കുന്ന സീൻ ചിത്രീകരിക്കുകയാണ്. കരച്ചിലാണ് സീക്വൻസ്. ശശി സർ ആക്‌ഷൻ എന്നു പറഞ്ഞതും ഞാൻ നല്ലോണമൊരു കരച്ചിൽ വച്ചു കൊടുത്തു. ഉടനെ സർ കട്ട് വിളിച്ചു. എന്നിട്ട് എന്നോടൊരു ചോദ്യം. “നീയെന്തിനാ കരയുന്നത്? മരിച്ചു കിടക്കുന്നത് നിന്റെ അച്ഛനൊന്നുമല്ലല്ലോ” ഞാൻ കരുതിയത്, നല്ല പോലെ കരഞ്ഞാൽ എന്നെ ശ്രദ്ധിക്കുമല്ലോ, അതു നല്ലതല്ലേ എന്നൊക്കെയാണ്. അപ്പോഴാണ് ഈ ചീത്ത കേൾക്കുന്നത്. ഉടനെ ഉർവശി ചേച്ചിയൊക്കെ ആശ്വസിപ്പിച്ചു. അന്നത്തെ സംവിധായകർ അങ്ങനെയാണ്. നന്നായി ചീത്ത പറയുമെന്നും പ്രസീത പറയുന്നു.
മിമിക്രിയിലേക്ക് എൻട്രി
മിമിക്രി കൗതുകത്തിന്റെ പേരിലാണ് ചെയ്തത് എന്നാണ് പ്രസീത പറയുന്നത് . ചെറിയ പ്രായത്തിൽത്തന്നെ നിരവധി സിനിമാതാരങ്ങളുമായി അടുത്തിടപെഴുകാൻ അവസരം കിട്ടി. അവരുടെ ശരീരഭാഷയും ശൈലിയുമെല്ലാം നിരീക്ഷിക്കുമായിരുന്നു. ബാത്ത്റൂമിലാണ് ഇതെല്ലാം പയറ്റി നോക്കുക. ഒരു ദിവസം എന്റെ ചേച്ചി ഇതു കയ്യോടെ പൊക്കി. സത്യത്തിൽ മിമിക്രിയിൽ ഒരു കൈ നോക്കാൻ ധൈര്യം തന്നത് ചേച്ചിയാണ്. സ്കൂളിലും കോളജിലും മിമിക്രിക്ക് ധാരാളം സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. അന്ന് സ്ത്രീകൾ മിമിക്രി രംഗത്ത് ഇല്ലല്ലോ. അതിനാൽ, എല്ലായിടത്തുനിന്നും നല്ല പ്രോത്സാഹനമായിരുന്നുവെന്നും പ്രസീത പറയുന്നു.
പഞ്ചാബി ഹൗസിലെ ഹിന്ദിക്കാരി
മലയാളികളെ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ് പഞ്ചാബി ഹൗസിലെ കുക്ക് . ആ സിനിമയിലേക്കു വിളിച്ച സമയത്തായിരുന്നു എൽഎൽബി എൻട്രൻസ് വന്നത്. അതുകൊണ്ട്, വളരെ കുറച്ചു സീനുകളിലേ ഞാൻ ആ സിനിമയിൽ അഭിനയിച്ചിട്ടുള്ളൂ. ഹരിശ്രീ അശോകനുമായിട്ടുള്ള അടുക്കള സീൻ എന്തായാലും ചെയ്യണേ എന്നു റാഫിക്ക പറഞ്ഞു. എന്നിട്ടു ചോദിച്ചു, എനിക്കു ഹിന്ദി അറിയുമോ എന്ന്! സ്കൂൾ മുതൽ ഞാനും ഹിന്ദിയും ‘ദുശ്മൻ’ (ശത്രു) ആണ്. ഞാൻ എന്റെ അവസ്ഥ അറിയിച്ചു. അതു കുഴപ്പമില്ലെന്നു പറഞ്ഞു റാഫിക്ക ധൈര്യം തന്നു. ഡയലോഗ് ഒന്നും എഴുതി വച്ചിട്ടൊന്നുമില്ല. എല്ലാം സ്പോട്ടിൽ വരുന്നതാണെന്നും പ്രസീത ഓർത്തെടുക്കുന്നു.
ഹിറ്റ് അമ്മായി
തനിക്ക് ടെലിവിഷനിൽ വലിയ സ്വീകാര്യത നേടിത്തന്ന കഥാപാത്രമാണ് ബഡായി ബംഗ്ലാവിലെ അമ്മായി എന്നും പ്രസീത പറയുന്നു. അവിവാഹിതയും ഭക്ഷണപ്രേമിയുമായ ആ കഥാപാത്രത്തെപ്പോലെയാണ് ശരിക്കും ഞാനെന്നു കരുതുന്നവരുണ്ട്. അത്രയും ഇംപാക്ടുണ്ടായിരുന്നു ആ കഥാപാത്രത്തിന്. അത് ഹിറ്റായപ്പോൾ ചാനലിന്റെ ഓഫിസിലേക്ക് എനിക്ക് കല്യാണാലോചന വരെ വന്നിട്ടുണ്ട്. ഈയടുത്ത് എന്റെ മകനൊപ്പമുള്ള ചിത്രങ്ങൾ വൈറലായപ്പോഴും പ്രേക്ഷകർ ചോദിച്ചത്, എനിക്ക് ഇത്ര വലിയ മകനുണ്ടോ എന്നായിരുന്നു. പലരുടെയും മനസ്സിൽ എന്നെ കാണുമ്പോൾ അമ്മായി എന്ന കഥാപാത്രമാണ് കണക്ട് ആകുന്നതെന്നും പ്രസീത പറയുന്നു.
പ്രൊഡ്യൂസർ വേഷം
ആർജിഎം വെഞ്ചേഴ്സ് എന്ന പേരിൽ ഒരു പ്രൊഡക്‌ഷൻ കമ്പനി തനിക്കുണ്ടെന്നും പ്രസീത പറയുന്നു. ഫിലിം പ്രൊഡക്‌ഷൻ, തിയറ്റർ പ്രൊഡക്‌ഷൻ, ഇവന്റ്സ്, അഡ്വർടൈസിങ്, സ്റ്റേജ് ഷോ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രൊഡക്‌ഷൻസ് കമ്പനി ലക്ഷ്യം വയ്ക്കുന്നു.
കാത്തിരുന്ന കഥാപാത്രം
വെള്ളിനക്ഷത്രം എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ചും പ്രസീത ഓർത്തെടുത്തു. ആ സിനിമയ്ക്ക് വിനയൻ സർ എന്നെ വിളിക്കുമ്പോൾ ഞാൻ ഗർഭിണിയാണ്. ജഗദീഷേട്ടന്റെ ഭാര്യയുടെ വേഷമാണ്. സർ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, ‘അയ്യോ സർ പറ്റില്ല… ഞാൻ പ്രസവിക്കാൻ പോകാണ്’ എന്ന്. സർ എന്റെ ഡെലിവറി ഡേറ്റ് ചോദിച്ചു. എന്നിട്ടു പറഞ്ഞു, ഡെലിവറി കഴിഞ്ഞ്, കുഞ്ഞിന്റെ 56 ഉം കഴിഞ്ഞിട്ട് സിനിമയിൽ ജോയിൻ ചെയ്താൽ മതിയെന്ന്! എന്റെ കഥാപാത്രം വേറെ ആരു ചെയ്താലും ഓകെയാണ്. പക്ഷേ, സർ എനിക്കു വേണ്ടി കാത്തിരുന്നു. ഡെലിവറി കഴിഞ്ഞ് ഞാനെത്തിയതിനു ശേഷമാണ് എന്റെ ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. എന്റെ സൗകര്യാർഥമാണ് ഷൂട്ട് സെറ്റ് ചെയ്തത്. ഞാനൊരു നായിക അല്ല. അത്ര വലിയ ആർടിസ്റ്റു പോലുമില്ല. എന്നിട്ടും, അദ്ദേഹം എനിക്കു വേണ്ടി ഇത്രയും കാര്യങ്ങൾ ചെയ്തുവെന്നും പ്രസീത പറഞ്ഞു.
നല്ല കഥകൾക്കായി വെയിറ്റിങ്
വലിയ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളൊന്നും ഇതുവരെ ചെയ്തിട്ടുമില്ല. എല്ലാ തരം വേഷങ്ങളും ചെയ്യണമെന്നുണ്ട്. ധാരാളം കോമഡി വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതിൽനിന്നു വ്യത്യസ്തമായിരുന്നു പത്രം, സ്റ്റാൻഡ് അപ് എന്നീ സിനിമകളിലെ വേഷങ്ങൾ. കോമഡി എനിക്കു വഴങ്ങുമെന്ന് അറിയില്ലായിരുന്നു. വന്നപ്പോൾ ചെയ്തു. അതു വർക്ക് ആയി. ഞാനെപ്പോഴും വിശ്വസിക്കുന്ന ഒരു കാര്യമുണ്ട്; ഞാനല്ല, എന്റെ വർക്കു വേണം എനിക്കു വേണ്ടി സംസാരിക്കാൻ. ഏതു കാര്യം ചെയ്യുമ്പോഴും എന്റെയൊരു കയ്യൊപ്പ് അതിലുണ്ടാകണമെന്ന് എനിക്ക് നിർബന്ധമുണ്ട്. എന്റെ പ്രൊഡക്‌ഷൻ കമ്പനിക്കു വേണ്ടി ഇപ്പോൾ കഥകൾ കേട്ടുകൊണ്ടിരിക്കുകയാണ്. 36 വർഷമായി ഞാൻ ഈ ഇൻഡസ്ട്രിയിലുണ്ട്. ആ അനുഭവം തീർച്ചയായും നല്ല കഥകൾ തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും വൈകാതെ നല്ലൊരു പ്രൊജക്ടുമായി എത്തുമെന്നും പ്രസീത പറഞ്ഞു.