മലയാളിയാണെങ്കിലും മാതൃഭാഷയിൽ ഒതുങ്ങിനിൽക്കാതെ മറ്റുഭാഷാ ചിത്രങ്ങളിലും സ്ഥാനമുറപ്പിച്ച നടിയാണ് മാളവികാ മോഹനൻ. പാ രഞ്ജിത്തിന്റെ വിക്രം ചിത്രം തങ്കലാനാണ് മാളവികയുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയചിത്രം. കഴിഞ്ഞദിവസം സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിൽ താരം ഒരു ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചിരുന്നു. ഇതിൽ ചില ആരാധകരുടെ ചോദ്യങ്ങൾക്ക് മാളവിക നൽകിയ ഉത്തരങ്ങൾ വാർത്തയിൽ ഇടംപിടിക്കുകയാണ്.
തന്റെ അഭിനയത്തേക്കുറിച്ച് രണ്ട് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് രൂക്ഷമായ ഭാഷയിലായിരുന്നു മാളവികയുടെ മറുപടി. എന്നാണ് അഭിനയം പഠിക്കാൻ ക്ലാസിൽ പോകുന്നതെന്നായിരുന്നു ഒരു ചോദ്യം. നിങ്ങൾ ഈ സമൂഹത്തിൽ ഏതെങ്കിലും രൂപത്തിൽ പ്രസക്തമാകുന്ന സമയത്ത് താൻ അഭിനയം പഠിക്കാൻ പോകും. അപ്പോൾ ഈ ചോദ്യം വീണ്ടും ചോദിക്കണമെന്നാണ് ഇതിനോട് പ്രതികരിച്ചത്.
ഗ്ലാമർ ഷോകൾക്ക് പകരം എപ്പോഴാണ് അഭിനയിക്കാൻ തുടങ്ങുകയെന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടിയിരുന്നത്. ഒരിക്കലുമില്ല, അതിലെന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു മാളവികയുടെ പ്രതികരണം.
പുതിയ ചിത്രമായ തങ്കലാനേക്കുറിച്ചും അവർ പ്രതികരിച്ചു. തങ്കലാനുവേണ്ടി സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്തത്. പ്രേക്ഷകർ അതെങ്ങനെ സ്വീകരിക്കുമെന്നറിയാൻ ആകാംക്ഷയുണ്ട്. ആക്ഷനിൽ ഒരുകൈ നോക്കണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നതാണ്. തങ്കലാനിലൂടെ അത് സാധിച്ചു. നല്ലൊരു പ്രണയകഥ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
ഒരു ലേഡി ഗ്യാങ്സ്റ്റർ വേഷം ചെയ്യാൻ ഇഷ്ടമാണ്, പക്ഷേ കാണാനല്ല. തങ്കലാനെക്കുറിച്ച് ഒരു കാര്യംകൂടി പറയാനാഗ്രഹിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ ചിത്രമല്ല തങ്കലാൻ. അതിനപ്പുറം കഥയിലൂന്നിക്കൊണ്ട് സഞ്ചരിക്കുന്ന സിനിമയാണിത്. കഥാനുസൃതമായ ആക്ഷൻ രംഗങ്ങളാണ് തങ്കലാനിലുള്ളതെന്നും മാളവിക കൂട്ടിച്ചേർത്തു.
വിക്രമിന്റെ വ്യത്യസ്തമായ വേഷപ്പകർച്ചയുമായെത്തുന്ന തങ്കലാൻ ഈ വർഷംതന്നെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോലാർ സ്വർണ ഖനിയുടെ പശ്ചാത്തലത്തിലുള്ള പീരിയോഡിക് ചിത്രത്തിൽ ഒരു ഗോത്ര നേതാവായാണ് വിക്രം എത്തുന്നത്. പാർവതി തിരുവോത്താണ് മറ്റൊരു നായിക. അതേസമയം മാരുതി സംവിധാനംചെയ്ത് പ്രഭാസ് നായകനാവുന്ന ദ രാജാ സാബ് ആണ് മാളവികയുടേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം. മാളവികയുടെ ആദ്യ തെലുങ്കുചിത്രം കൂടിയാണ് രാജാ സാബ്.