ന്യൂസീലൻഡിൽ CAP (Competency Assessment Programme) വഴി ജോലിക്കു വന്ന മലയാളി നേഴ്‌സുമാർ ജോലി കിട്ടാതെ വലയുന്നു. ഇത് ന്യൂസീലൻഡ് ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ന്യൂസീലൻഡ് നഴ്സസ് ഓർഗനൈസേഷനും കേരള അസോസിയേഷൻ ഓഫ് പാൽമെർസ്‌റ്റോൺ നോർത്തും ചേർന്ന് റാലി സംഘടിപ്പിച്ചു. ഏപ്രിൽ 27ന് പാൽമെർസ്‌റ്റോൺ നോർത്ത് സിറ്റിയുടെ ഹൃയഭാഗമായ സിറ്റി സ്ക്വയറിൽ വച്ചാണ് റാലി നടന്നത്.
ന്യൂസീലൻഡിൽ ഇപ്പോൾ അഞ്ഞുറിൽ അധികം മലയാളി നഴ്സുമാർ ജോലിയില്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. CAP പ്രോഗ്രാം ചെയ്യാനായി വരുന്ന നേഴ്‌സുമാർ വിസിറ്റിങ് വീസയിലാണ് വരുന്നതെന്നത് അവരുടെ ജോലി സാധ്യതയെ ബാധിക്കുന്നു. CAP പ്രോഗ്രാം വിജയിച്ചു ന്യൂസീലൻഡ് നഴ്സിങ് കൗൺസിലിൽ നിന്നും ആനുവൽ പ്രാക്ടിസിങ് സർട്ടിഫിക്കറ്റ് നേടിയ നഴ്സുമാർക്ക് ജോലി അന്വേഷിക്കുന്നതിനായി ഓപ്പൺ വർക്ക് വീസ നൽകണം എന്നതാണ് റാലിയിൽ പങ്കെടുത്ത നഴ്സുമാരുടെ ആവശ്യം. ആറു മാസത്തെ വിസിറ്റിങ് വീസയിൽ വരുന്നവർ CAP പ്രോഗ്രാം കഴിഞ്ഞു പ്രാക്ടീസ് സർട്ടിഫിക്കറ്റ് ലഭിക്കുമ്പോഴേക്കും നാലു മാസത്തോളം ആകുമെന്നതും ബാക്കിയുള്ള രണ്ടു മാസത്തിനുള്ളിൽ ജോലി കണ്ടുപിടിക്കുക ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമാണെന്നും നഴ്സുമാർ പറയുന്നു.
ന്യൂസീലൻഡിൽ ഒരു മാസത്തെ വീട്ടു വാടക തന്നെ മുപ്പതിനായിരം രൂപയോളം വരും. മറ്റു ചിലവുകൾ ഉൾപ്പെടെ എഴുപതിനായിരം രൂപയോളം വേണെ ഒറു മാസത്തെ ചിലവിനെന്ന് നഴ്സുമാർ. CAP പ്രോഗ്രാമിന് നഴ്സുമാരെ കൊണ്ടുവരുന്ന ഏജൻസികൾ അഞ്ചു ലക്ഷത്തോളം രൂപയാണ് ഈടാക്കുന്നത്. ഇതു കൂടാതെ അഞ്ചു ലക്ഷം രൂപയോളം CAP പ്രോഗ്രാം ഫീസായും കൊടുക്കണം. ജോലി ലഭിക്കാൻ സഹായിക്കാമെന്ന് പറഞ്ഞു പൈസ വാങ്ങുന്ന ഏജൻസികളും ധാരാള മാണ്.
ഇത്തരത്തിൽ നഴ്സുമാർ അഭിമുഖീകരിക്കുന്ന പ്രശ്ങ്ങളെല്ലാം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് വേണ്ടിയാണ് നഴ്സുമാരുടെ റാലി നടന്നത്. ന്യൂസീലൻഡ് നഴ്സസ് ഓർഗനൈസേഷൻ (NZNO) ഡയറക്ടർ സാജു ചെറിയാൻ, NZNO പ്രസിഡന്റ് ആൻ ഡാനിയേൽസ്, കേരള അസോസിയേഷൻ ഓഫ് പാൽമെർസ്‌റ്റോൺ നോർത്ത് പ്രസിഡന്റ് ഷിനോയ് സേവിയർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അക്ബർ ഫസൽ എന്നിവർ റാലിയിൽ സംസാരിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു റാലി ന്യൂസീലൻഡിൽ നടക്കുന്നത്.