ബൈക്കിലെത്തിയ സംഘം പട്ടാപ്പകൽ വീട്ടിൽ കയറി സ്വർണമാല പൊട്ടിച്ചു കടന്നു.
തൃശൂർ ചെറുതുരുത്തി നെടുമ്പുര പള്ളിക്കരയിൽ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. രണ്ടംഗ സംഘമാണ് വീട്ടിൽ കയറി വയോധികയുടെയും യുവതിയുടെയും സ്വർണ്ണമാല പൊട്ടിച്ചെടുത്തത്. രജിതയും 87 കാരി ഉർവ്വശിയുമാണ് അക്രമത്തിന് ഇരയായത്. അവശയായി വീടിനുള്ളിൽ കിടക്കുകയായിരുന്നു ഉർവ്വശി.
വീടിന് അകത്തേക്ക് കയറിയ മോഷ്ടാക്കൾ ആദ്യം വയോധികയുടെ അടുത്തേക്കാണ് പോയത്. ഇതു കണ്ട യുവതി ബഹളം വെച്ചു. ഉടനെ ടർക്കിയെടുത്ത് യുവതിയുടെ വായ പൊത്തിപ്പിടിച്ച് മാല വലിച്ചു പൊട്ടിക്കുകയായിരുന്നു. പിന്നാലെ വയോധികയുടെയും മാല കവർന്നു. അകത്തുണ്ടായിരുന്ന പെട്ടികൾ തുറന്നെങ്കിലും ഒന്നും കാണാത്തതിനാൽ മടങ്ങുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
ഹെൽമറ്റും മാസ്കും ധരിച്ചാണ് അക്രമികൾ എത്തിയത്. രജിതയുടെ മൂന്നു പവൻ മാലയും ഉർവശിയുടെ ഒരു പവൻ മാലയുമാണ് നഷ്ടമായത്. ചെറുതുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു