ഒട്ടാവ: വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർമാത്രം കാംപസിനുപുറത്ത് ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ ചട്ടവുമായി കാനഡ. സെപ്റ്റംബർ മുതൽ പ്രാബല്യത്തിൽവരും. 20 മണിക്കൂറിലധികം പാർട്ട്ടൈം ആയി ജോലിചെയ്യാൻ വിദേശവിദ്യാർഥികളെ അനുവദിച്ചിരുന്ന താത്കാലിക നയത്തിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണിത്.
കോവിഡ് കാലത്താണ് ആഴ്ചയിൽ 20 മണിക്കൂറിലധികം ജോലിയെടുക്കാൻ വിദേശവിദ്യാർഥികൾക്ക് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ലിബറൽപാർട്ടിസർക്കാർ ഇളവ് നൽകിയത്. രാജ്യത്ത് തൊഴിലാളിക്ഷാമം നേരിട്ട പശ്ചാത്തലത്തിൽക്കൂടിയായിരുന്നു അത്. ഇവിടെയെത്തുന്ന വിദേശവിദ്യാർഥികൾ പ്രഥമപരിഗണനൽകേണ്ടത് പഠനകാര്യങ്ങൾക്കാണ്. ജോലിസമയങ്ങളിൽ 24 മണിക്കൂർ പരിധി ഏർപ്പെടുത്തുന്നതിലൂടെ അവർക്ക് പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് കുടിയേറ്റകാര്യമന്ത്രി മാത്യു മില്ലർ പറഞ്ഞു.