മലയാളികള്‍ക്ക് സുപരിചിതയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയിലും രഞ്ജു രഞ്ജിമാര്‍ വളരെ സജീവമാണ് . എല്‍ജിബിടിക്യു കമ്യൂണിറ്റിയ്ക്ക് വേണ്ടിയും സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചുമെല്ലാം രഞ്ജു രഞ്ജിമാര്‍ നിരന്തരം സംസാരിക്കാറുണ്ട്. അതിന്റെ പേരില്‍ തനിക്ക് ഭീഷണികള്‍ നേരിടേണ്ടി വരാറുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ ഒരു അഭിമുഖത്തിൽ വ്യക്തമാക്കുന്നു.
നല്ലതിന് വേണ്ടി മാത്രം
അന്നും ഇന്നും നല്ലതിന് വേണ്ടി പ്രതികരിക്കുക എന്നതാണ് എന്റെ നിലപാട്. എനിക്ക് പറയാനുള്ളത് ഏത് സാഹചര്യത്തില്‍ ആണെങ്കിലും ഞാന്‍ പറയും. അവിടെ നമ്മുടെ കടമ പൂര്‍ത്തിയാകും. പറയേണ്ടത് പറഞ്ഞു കഴിഞ്ഞു എന്ന വികാരത്തോടു കൂടി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കിട്ടുന്ന സമാധാനമുണ്ടല്ലോ അതൊരു സംതൃപ്തി കൂടിയാണെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. എല്ലാ കാലത്തും തുറന്നു പറച്ചിലുകളുണ്ടാകുമെന്നും തെറ്റാണെന്ന് മനസിലായി കഴിഞ്ഞാല്‍ അതിനെതിരെ താന്‍ പ്രതികരിക്കുമെന്നും രഞ്ജു പറയുന്നു.
ഭീഷണിയുണ്ട്
തുറന്നു പറച്ചിലുകള്‍ ഭീഷണികളും അവസര നിഷേധങ്ങളും ആകാറുണ്ടെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. പലരും തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കുറേ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഭീഷണിപ്പെടുത്തുന്നവര്‍ക്ക് ഞാന്‍ പോകുന്ന സ്ഥലവും മറ്റുമൊക്കെ പറഞ്ഞു കൊടുത്ത് അങ്ങോട്ടേക്ക് വരാന്‍ പറയും. അത്രമത്രേ എനിക്ക് ചെയ്യാനുള്ളൂ. ധൈര്യ ശാലികള്‍ നേരില്‍ വരുമെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.
അമ്മ എന്നെ കണ്ടിരുന്നത് പെണ്ണായി
തന്റെ ശസ്ത്രക്രിയയെക്കുറിച്ചും രഞ്ജു രഞ്ജിമാര്‍ സംസാരിക്കുന്നുണ്ട്. തനിക്കുണ്ടായത് ഒരു ബയോളജിക്കല്‍ മാറ്റം മാത്രമാണ്. പിന്നെ തന്റെ രക്ഷിതാക്കള്‍ക്ക് തന്നെ അറിയാം. അവര്‍ തന്റെ മാറ്റങ്ങള്‍ കണ്ടറിഞ്ഞതാണ്. ശസ്ത്രക്രിയയ്ക്ക് എത്രയോ മുന്‍പ് തന്നെ തന്റെ അമ്മ തന്നെ കണ്ടിരുന്നതു തന്നെ ഒരു പെണ്ണായിട്ടാണ്. അതൊക്കെ തനിക്ക് അഭിമാനമാണ്. പക്ഷെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ സന്തോഷവും കൗതുകവും ചെറുതൊന്നുമായിരുന്നില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ”ശസ്ത്രക്രിയ കഴിഞ്ഞ അബോധാവസ്ഥയില്‍ നിന്ന് ബോധാവസ്ഥയിലേക്ക് തിരിച്ചുവന്നപ്പോള്‍ എനിക്ക് ഞാന്‍ പൂര്‍ണ്ണമായതു പോലെയാണ് തോന്നിയത്. ഒരു അഭിമാന നിമിഷമായിരുന്നു അത്. എന്റെ അത്രകാലത്തെ ആഗ്രഹത്തിലേക്ക് ഞാന്‍ എത്തിയതു പോലെ എനിക്ക് തോന്നി. തുള്ളിച്ചാടണമെന്നുണ്ടായിരുന്നു” എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. സര്‍ജറിയ്ക്ക് ശേഷം താന്‍ ആദ്യമായി ചെയ്തത് എന്താണെന്നും താരം പറയുന്നുണ്ട്. ശസ്ത്രക്രിയയ്ക്ക് ശേഷം ഞാനെന്റെ മകള്‍ സൂര്യയെ സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ചു. അവള്‍ ആണെന്നെ ഇതിനായി ഒരുപാട് സഹായിച്ചത്. സര്‍ജറിയ്ക്ക് ശേഷം അവളെന്നെ ഒരു കുഞ്ഞിനെപ്പോലെയാണ് നോക്കിയത്. സിനിമാ രംഗത്തെ എന്റെ സുഹൃത്തുക്കളായ ഭാവന, പേളി മാണി, രമ്യ നമ്പീശന്‍, മംമ്ത മോഹന്‍ദാസ്, പ്രിയാമണി എന്നിവരെയെല്ലാം ഫോണില്‍ വിളിച്ച് സംസാരിച്ചുവെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നുണ്ട്.
ആത്മഹത്യയിൽ നിന്ന് ജീവിതത്തിലേക്ക്
തന്നെ ആത്മഹത്യയുടെ വക്കില്‍ നിന്നും രക്ഷപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത് നടി മംമ്ത മോഹന്‍ദാസാണെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. അവരോട് എന്നും കടപ്പാടുണ്ട്. അതുപോലെ ജ്യോതിര്‍മയി, മുക്ത, രമ്യ നമ്പീശന്‍, ഭാവന, പേളി മാണി എന്നിവരുമായെല്ലാം താന്‍ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുവെന്നും രഞ്ജു രഞ്ജിമാരര്‍ പറയുന്നുണ്ട്.