ലോകത്തെ ഏറ്റവും വലിയ കരജീവി ആഫ്രിക്കൻ ആനയാണെന്നതും എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കരഭൂമിയിൽ ഇതുവരെ ജീവിച്ചിട്ടുള്ളവയിൽ എറ്റവും വലിയ ജീവിയായി തിരിച്ചറിഞ്ഞിട്ടുള്ളത് പാറ്റഗോറ്റിറ്റൻ മേയോറം എന്ന ദിനോസറാണ്. എഴുപതിനായിരം കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ ദിനോസറിന്റെ നീളം 121 അടിയായിരുന്നു. ഏകദേശം 10 ആഫ്രിക്കൻ ആനകളുടെ ഭാരത്തിനു തുല്യം.
10 കോടി വർഷം മുൻപ് ഉളള കാലഘട്ടത്തിലായിരുന്നു ഇവ ജീവിച്ചിരുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. ഇപ്പോഴത്തെ അർജന്റീനയിലെ പ്രശ്‌സതമായ പാറ്റഗോണിയ മേഖലയിലായിരുന്നു ഈ ദിനോസറുകൾ ജീവിച്ചിരുന്നത്. 2017 -ലാണ് മേയോറത്തിന്റെ ഫോസിലുകൾ പാറ്റഗോണിയയിൽ നിന്നു കണ്ടെത്തിയത്. അതീവ വലിപ്പമുള്ള ജീവികളിൽ പലതും സസ്യാ ആഹാരികളായിരുന്നു.
ഇന്നത്തെ കാലത്തെ ജിറാഫുകളെ പോലെ വലിയ മരങ്ങളിൽ നിന്ന് ഇലകൾ പറിക്കാനായി തങ്ങളുടെ നീളമുള്ള കഴുത്ത് ഇവ ഉപയോഗിച്ചു. ഇവയെ വേട്ടയാടാൻ തക്ക ശക്തിയുള്ള ജീവികൾ അന്നു മേഖലയിലില്ലാത്തതിനാൽ ഒന്നിനെയും പേടിക്കേണ്ട കാര്യം ഇവയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വളരെ പതിയെയായിരുന്നു ഇവയുടെ നടപ്പും മറ്റ് പ്രവൃത്തികളുമെല്ലാം. വളരെ നീളമുള്ള കഴുത്തും നീളമുള്ള വാലുകളും തടിച്ചകാലുകളുമായിരുന്നു ഇവയുടെ പ്രത്യേകത.