തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അജിത്ത്. തലയെന്നാണ് ആരാധകര്‍ അദ്ദേഹത്തെ വിളിക്കുന്നത്. എന്‍ വീട് എന്‍ കണവര്‍ എന്ന ചിത്രത്തിലൂടെയായാണ് അജിത്ത് തുടക്കം കുറിച്ചത്. കാതല്‍ കോട്ടൈയായിരുന്നു അദ്ദേഹത്തിന് ബ്രേക്കായി മാറിയത്. അമര്‍ക്കളമെന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹത്തിന് ആക്ഷന്‍ ഹീറോ പരിവേഷം ലഭിച്ചത്. മലയാളികളുടെ പ്രിയനായികയായ ശാലിനിയെയാണ് അജിത്ത് വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അമര്‍ക്കളമെന്ന ചിത്രത്തിനിടയില്‍ വെച്ചായിരുന്നു ഇരുവരും പ്രണയത്തിലായത്. വിവാഹത്തോടെയായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് ശാലിനി.
പൊതുപരിപാടികളിലും മറ്റുമായി ശാലിനിയുടെ വിശേഷങ്ങളും ആരാധകര്‍ അറിയാറുണ്ട്. തിരക്കുകള്‍ക്കിടയിലും കുടുംബത്തിനായി സമയം മാറ്റിവെക്കുന്നയാളാണ് അജിത്ത്. എസ്പിബിയുടെ ശുപാർശയിലാണ് തമിഴില്‍ അഭിനയിക്കാൻ അജിത്തിന് അവസരം ലഭിച്ചത്. ആദ്യകാലങ്ങളില്‍ വിവാദ സെലിബ്രിറ്റിയായിരുന്നു അജിത്ത്. അദ്ദേഹത്തിന് ഒരുപാട് ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എ.ആർ മുരുഗദോസ്, സംവിധായകൻ മണിരത്നം തുടങ്ങിയവരോടെല്ലാം പലവിധ കാരണങ്ങളാല്‍ അജിത്തിന് ഈഗോ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവത്രേ. എന്നാല്‍ പിന്നീട് മകള്‍ ജനിച്ചതിന് ശേഷമാണ് അദ്ദേഹം ഈഗോ ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ട്.
എല്ലാ വർഷവും തമിഴ്നാട്ടില്‍ കൃത്യമായി നികുതി അടയ്ക്കുന്നവ സെലിബ്രിറ്റികളില്‍ ഒരാളാണ് അജിത്ത്. കള്ളപ്പണ പ്രശ്‌നങ്ങള്‍ക്ക് അറുതിവരുത്തുന്നതില്‍ ഭാഗമാകുന്നതിനായി സിനിമയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം ചെക്കിലൂടെയാണ് താരം വാങ്ങുന്നത്. 2011ല്‍ പുറത്തിറങ്ങിയ മങ്കാത്ത എന്ന ചിത്രം മുതല്‍ അജിത്ത് ഈ രീതി പിന്തുടരുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അജിത്ത് അഭിനയിക്കാൻ തുടങ്ങിയ ആദ്യ നാളുകളില്‍ എല്ലാവരുമായും വളരെ എളുപ്പത്തില്‍ സൗഹൃദത്തിലാവുകയും എളിമയോടെ ആളുകളോട് പെരുമാറുകയും സംസാരിക്കുകയും ചെയ്തിരുന്നു.
തന്റെ ആശ്രിതരെ പലവിധത്തില്‍ ഇപ്പോഴും താരം സഹായിക്കുന്നുണ്ട്. എന്നാല്‍ വിവാഹശേഷം മാധ്യമപ്രവർത്തകരാല്‍ ചില ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും നേരിടേണ്ടി വന്നതിനാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇനി സംസാരിക്കില്ല എന്ന കടുത്ത തീരുമാനം താരം എടുത്തു. അജിത്ത് സാധാരണയായി തൻ്റെ സിനിമകളുടെ വിജയപരാജയങ്ങളെക്കുറിച്ച് അധികം വിഷമിക്കാറില്ല. എന്നാല്‍ ബില്ല 2 പരാജയപ്പെട്ടത് അദ്ദേഹത്തെ ആശങ്കയിലാക്കിയിരുന്നു. പരാജയമായിരുന്നുവെങ്കിലും ബില്ല 2 ഇപ്പോഴും അജിത് ആരാധകർ ആഘോഷിക്കുന്ന ഒരു അജിത്ത് സിനിമയാണ്.