തെലുങ്ക് സിനിമാ മേഖലയിലെ ജനപ്രിയ നടനാണ് മഹേഷ് ബാബു. മിസ്റ്റർ പെർഫെക്‌ട് പദവി ആരാധകർ നല്‍കിയിട്ടുള്ള നായക നടന്മാരില്‍ ഒരാളാണ് മഹേഷ് ബാബു.സിനിമയില്‍ വന്നശേഷം വിവാദങ്ങളില്‍ അധികം ഉള്‍പ്പെടാത്ത നടനും ഒരുപക്ഷെ മഹേഷ് ബാബു മാത്രമാകും. നല്ല ഭർത്താവ് നല്ല പിതാവ് എന്നീ ടാഗുകളും യോജിക്കുന്ന നടനാണ് മഹേഷ് ബാബു എന്നതില്‍ സംശയമില്ല. സിനിമ കഴിഞ്ഞാല്‍ കുടുംബമാണ് താരത്തിൻ്റെ ലോകം. ഒഴിവ് സമയം കിട്ടിയാല്‍ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ യാത്രകള്‍ പോകും താരം.
വംശിയുടെ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മഹേഷ് ബാബു പ്രണയത്തിലായത്. ചിത്രത്തിലെ നായിക നമ്രത ശിരോദ്കറിനെ ജീവിത സഖിയാക്കാൻ ആ സെറ്റില്‍ വെച്ച് തന്നെ മഹേഷ് ബാബു തീരുമാനിച്ചു. പ്രണയ ബന്ധം പതിയെ വിവാഹത്തിലേക്ക് നീങ്ങി. നമ്രതയും മഹേഷും പ്രണയത്തിലാണെന്നത് ഇന്റസ്ട്രിയില്‍ അധികം ആർക്കും അറിയില്ലായിരുന്നു. പിന്നീട് മഹേഷ് ബാബു 2005ല്‍ നമ്രതയെ രഹസ്യമായി വിവാഹം കഴിച്ചു. ഇരു കുടുംബത്തിലേയും അംഗങ്ങളും ചുരുക്കം ചില സുഹൃത്തുക്കളും മാത്രമാണ് മഹേഷിൻ്റെയും നമ്രതയുടെയും വിവാഹത്തില്‍ പങ്കെടുത്തത്.
മാധ്യമങ്ങള്‍ അറിഞ്ഞിരുന്നില്ല. ലളിതമായ ചടങ്ങുകളോടെയായിരുന്നു മഹേഷ് ബാബുവിൻ്റെ വിവാഹം. ഇന്ന് ഇരുവർക്കും ഗൗതം, സിത്താര എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മഹേഷ് ബാബുവിനെപ്പോലെ തന്നെ താരത്തിന്റെ മക്കളും ഇപ്പോള്‍ കൊച്ചു സെലിബ്രിറ്റികളാണ്. മകള്‍ സിത്താര പരസ്യ ചിത്രങ്ങളില്‍ വരെ പ്രത്യക്ഷപ്പെട്ട് തുടങ്ങി. മഹേഷ് സൂപ്പർസ്റ്റാറായി ഉയർന്നുവരുന്ന കാലത്ത് താരത്തെ മരുമകനാക്കാൻ തെലുങ്കിലെ മുതിർന്ന താരം നന്ദമൂരി ബാലകൃഷ്ണ ആഗ്രഹിച്ചിരുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മൂത്ത മകള്‍ ബ്രഹ്മണിയെ മഹേഷ് ബാബുവിന് വിവാഹം ചെയ്ത് കൊടുക്കാൻ ബാലയ്യയ്ക്ക് പ്ലാനുണ്ടായിരുന്നുവത്രെ. ഇതേ കുറിച്ച് ബാലകൃഷ്ണ മഹേഷിനോട് സംസാരിച്ചിട്ടുണ്ട്. പക്ഷെ ബാലകൃഷ്ണയുടെ ആവശ്യം മഹേഷ് വിനയപൂർവം നിരസിച്ചു. മഹേഷ് ബാബു നമ്രതയുമായി അപ്പോഴേക്കും പ്രണയത്തിലായി കഴിഞ്ഞിരുന്നു. അതിനാലാണ് ബ്രഹ്മണിയെ വിവാഹം കഴിക്കില്ലെന്ന് മഹേഷ് ബാബു ബാലയ്യയോട് പറഞ്ഞത്.മഹേഷിൻ്റെ വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് നാരാ ലോകേഷും ബ്രഹ്മണിയും വിവാഹിതരായത്.
1993ലെ മിസ് ഇന്ത്യ മത്സരത്തില്‍ കിരീടം ചൂടിയായിരുന്നു നമ്രത ശിരോദ്കര്‍ എന്ന പെണ്‍കുട്ടിയുടെ ജൈത്രയാത്ര ആരംഭിക്കുന്നത്. 1930കളിലെ മറാത്തി ചലച്ചിത്ര രംഗത്തെ അഭിനേത്രിയായ മീനാക്ഷി ശിരോദ്കറിന്റെ പൗത്രിയും ബോളിവുഡ് താരം ശില്‍പ്പ ശിരോദ്കറിന്റെ സഹോദരിയും കൂടിയാണ് നമ്രദ.
മിസ് ഇന്ത്യ വിജയത്തിന് ശേഷം 1998ല്‍ ജബ് പ്യാര്‍ കൈസേ ഹോതാ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. മമ്മൂട്ടി നായകനായ ഏഴുപുന്ന തരകനായിരുന്നു നമ്രത അഭിനയിച്ച മലയാളചിത്രം. ഏഴ് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2004ല്‍ നമ്രത സിനിമാ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിച്ചു.