മുതലപ്പൊഴിയിലെ അപകട പരമ്പര, തീരത്ത് ദുരിതം വിതച്ചു കൊണ്ട് തുടരുകയാണ്. അനാഥരാകുന്ന കുടുംബങ്ങള്‍. കണ്‍മുമ്പില്‍വെച്ച് കടല്‍ കൊണ്ടുപകുന്ന ജീവനുകള്‍. നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നവര്‍. കണണും കലങ്ങി ജീവിതവും പോയി എത്രയോപേര്‍. ഇന്നും തീരാ ദുരതമായി തോരാ കണ്ണീരായി അവര്‍ കേണപേക്ഷിക്കുന്നുണ്ട്. ഞങ്ങളെ ഈ മരണക്കുഴിയില്‍ നിന്നും കരകയറ്റണമെന്ന്. ആരു കേള്‍ക്കാന്‍, ആര് കാണാന്‍.
2006ല്‍ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഇതുവരെ 125 അപകടങ്ങളിലായി 73 മത്സ്യത്തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നു പറയുമ്പോള്‍ മുതലപ്പൊഴിയിലെ മരണക്കുഴികളെക്കുറിച്ച് പേടിപ്പെടുത്തുന്ന ചിത്രം തെളിയും. എഴുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ വള്ളവും വലയമുള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടായത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ ഒരു മത്സ്യത്തൊഴിലാളിയുടെ കൂടി ജീവന്‍ നഷ്ടമായിരിക്കുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് കൂടെയുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് രക്ഷപ്പെടാനായത്.
ഒരു നാടിന്റെ സ്വപ്ന പദ്ധതിയായിരുന്ന മുതലപ്പൊഴി ഇന്ന് തീരത്തിന്റെ ശാപമായി മാറിക്കഴിഞ്ഞു. തീരത്ത് കടലാക്രമണവും ബോട്ടപകടങ്ങളും തുടര്‍ക്കഥയാകുന്നു. എന്താണ് ഇതിനു പിന്നിലെ കാരണങ്ങളെന്ന് ചിന്തിക്കണ്ടേ. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഐ.ഐ.റ്റി മദ്രാസ് (ഓഷ്യന്‍ എന്‍ജിനിയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റ്) നടത്തിയ തെറ്റായ പഠനത്തിന്റെ പരിണിത ഫലമാണ് അഞ്ചുതെങ്ങ് തീരവാസികള്‍ അനുഭവിക്കുന്നത്.
രാജ്യത്തെ മികവിന്റെ കേന്ദ്രമെന്ന് വാഴ്ത്തപ്പെടുന്ന ഈ സ്ഥാപനത്തെ പിഴവിന്റെ കേന്ദ്രമായി മാറ്റിയിരിക്കുകയാണ് മുതലപ്പൊഴി. ഇവര്‍ നടത്തിയ തെറ്റായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് തെറ്റായ ആംഗിളില്‍ വിന്യസിച്ചിട്ടുള്ള ബ്രേക്ക് വാട്ടര്‍ അഥവാ പുലിമുട്ട് മൂലമാണ് തീരപ്രദേശത്തിന്റെ വ്യാപ്തി അഞ്ചുതെങ്ങ് ഭാഗത്തേക്ക് കുറയാനും അതുമൂലം അഞ്ചുതെങ്ങ് തീരത്ത് കടലാക്രമണവും, ഹാര്‍ബര്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത് ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയാകാനും കാരണം.
സാധരണ പുലിമുട്ടുകള്‍ ഡിസൈന്‍ ചെയ്യുമ്പോള്‍ പരിഗണിക്കേണ്ട ഘടകങ്ങള്‍ തീരത്ത് വീശുന്ന കാറ്റിന്റെ ഗതി, കാറ്റിന്റെ വേഗത, തീരത്ത് മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുള്ള തിരമാലകളുടെ സ്വഭാവം (വേവ് ഹിസ്റ്ററി), മുന്‍കാല വേലിയേറ്റ-വേലിയിറക്ക രേഖ (ടൈഡല്‍ ഡാറ്റ), പ്രാദേശികമായി അനുഭവപ്പെടുന്ന വിവിധ ജലപ്രവാഹങ്ങളെ കുറിച്ചുള്ള പഠനറിപ്പോര്‍ട്ട്, തീരത്തിന്റെ ഭൗമശാസ്ത്രപരമായ ഘടനയെ കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ ചില സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ന്യൂമറിക്കല്‍ മോഡല്‍ സ്റ്റഡീസ്സും, വേവ് മോഡലിങ്ങ് പോലുള്ള സാങ്കേതിക പഠനങ്ങളും അതോടൊപ്പംതന്നെ സാമുഹിക പാരിസ്ഥിതികാഘാത പഠനങ്ങളും, ജിയോടെക്‌നിക്കല്‍ സ്റ്റഡീസും, ഓഷ്യനോഗ്രഫിക് സര്‍വ്വേയും ഒക്കെ നടത്തിയ ശേഷമാണ് പുലിമുട്ടിന്റെ ഘടനപരമായ രൂപരേഖ തയ്യാറാക്കുന്നത്.
പക്ഷേ ഇവിടെ ഈ പഠനങ്ങള്‍ വേണ്ടവിധം നടന്നിട്ടില്ല എന്നുവേണം മനസ്സിലാക്കേണ്ടത്. മുതലപൊഴിയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് തരം പ്രശ്‌നങ്ങളാണുള്ളതെന്ന് ഇന്റര്‍ നാഷണല്‍ സൊസൈറ്റി ഫോര്‍ സോയില്‍ മെക്കാനിക്ക് ആന്റ് ജിയോ ടെക്‌നിക്കല്‍ അഞ്ചിനീയറിംഗ് മെമ്പര്‍ സുബു സുധീര്‍ പറയുന്നു. മറൈന്‍ ജിയോളജിയില്‍ എം.എസ്.സിയും, ഓഷ്യന്‍ ടെക്‌നോളജിയില്‍ എം.ടെക്കും എടുത്തിട്ടുള്ള വ്യക്തി കൂടിയാണ് സുബു സുധീര്‍. അദ്ദേഹത്തിന്റെ വിലയിരുത്തലില്‍ രണ്ടു പ്രശ്‌നങ്ങളും ഗുരുതരമായതാണ്. ഒന്ന് പാരിസ്ഥിതികാഘാത പ്രശ്‌നവും, രണ്ട് സാമൂഹികാഘാത പ്രശ്‌നവും.
മുതലപ്പൊഴിമായി ബന്ധപ്പെട്ട പാരിസ്ഥിതികാഘാത പ്രശ്‌നം
സമുദ്രത്തില്‍, പലതരത്തിലും രൂപത്തിലുള്ള തിരമാലകളാണ് ഉണ്ടാകുന്നത്. പ്രദേശത്തിന്റെ ഭൗമപരമായ ഘടനയും, കാറ്റിന്റെ ഗതിക്കും അനിസൃതമായി തീരത്തിലേക്ക് ഒരു പ്രത്യേക കോണില്‍ തിരമാലകള്‍ (ഒബ്ലിക് വേവ്) രൂപപ്പെടുകയും, കടലിനഭിമുഖമയി വിലങ്ങനെനിര്‍മ്മിച്ചിട്ടുള്ള തെക്ക് (പെരുമാതുറ) ഭാഗത്തെ ബ്രേക്ക് വാട്ടറില്‍ (പുലിമുട്ടുകളില്‍) വന്നിടിക്കുകയും തിരയോടിയുകയും (വേവ് ബ്രേക്ക്) പെരുമാതുറ തീരത്ത് മണല്‍ വന്നടിയുകയും ചെയ്യുന്നു. വടക്ക് ഭാഗത്തെ ബ്രേക്ക് വാട്ടറിന്റെ നിര്‍മ്മാണ രൂപകല്പനയുടെ പിഴവുമൂലം തിരയുടെ ഒഴുക്കിന് വ്യതിയാനം സംഭവിക്കുകയും, പരിണിതഫലമായി ശക്തിയായ ജലപ്രവാഹം അഞ്ചുതെങ്ങ് തീരത്തിനു സമാന്തരമായി വടക്ക് ഭാഗത്തേക്ക്മാത്രം തിരികെ ഒഴുകുകയും ചെയ്യുന്നു.
ഈ ശക്തിയായ ജലപ്രവാഹത്തെ ലോങ്ങ്‌ഷോര്‍ കറണ്ടെന്നറിയപ്പെടുന്നു, ഈ ഒഴുക്കില്‍ അഞ്ചുതെങ്ങ് തീരത്തിലെ മണല്‍ ഒലിച്ച് കടലില്‍ പോകുകയും ക്രമേണ തീരത്തിന്റെ വ്യാപ്തി അപകടമാംവിധം കുറയുകയും ചെയ്യുന്നു. ഈ പ്രതിഭാസത്തെ ലോങ്ങ്‌ഷോര്‍ ഡ്രിഫ്റ്റ് എന്നറിയപ്പെടുന്നു. ലോങ്ങ്‌ഷോര്‍ കറണ്ട്മൂലമുള്ള ജലപ്രവാഹം തീരത്തിനു സമാന്തരമായി ഒരുവശത്തേക്ക് മാത്രം തിരികെ ഒഴുകുന്നതിനാല്‍ ഡൌണ് ഡ്രിഫ്റ്റ് സൈഡില്‍ ഇറോഷന്‍ മൂലം മണ്ണൊലിച്ചുപോകുമ്പോള്‍, ഈ മണലിന്റെ ചെറിയൊരു ഭാഗം അപ് ഡ്രിഫ്റ്റ് സൈഡില്‍ അടിഞ്ഞുകൂടുകയുകയും ചെയ്യുന്നു. അഞ്ചുതെങ്ങ് തീരത്തിലെ മണല്‍ ഒലിച്ച് കടലില്‍ പോകുകയും ക്രമേണ തീരത്തിന്റെ വ്യാപ്തി കുറയുന്നത് മൂലമാണ് കടല്‍ക്ഷോഭം അടിക്കടി ഉണ്ടാകുന്നത്.
ഈ ഭാഗത്ത് പുലിമുട്ടും (ഗ്രോയിന്‍) കടല്‍ ഭിത്തിയും നിര്‍മ്മിച്ച് തീരത്തെ സംരക്ഷിക്കാന്‍സാധിക്കും. പെരുമാതുറ തീരത്തടിയുന്ന മണലും, ഹാര്‍ബറിനുള്ളില്‍ വന്നടിയുന്ന വാമനപുരം നദിയില്‍ നിന്നുള്ളമണലും ഡ്രഡ്ജ് ചെയ്ത്, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അഞ്ചുതെങ്ങ്തീരത്തിലിട്ട് നഷ്ടപെട്ട തീരം കാലക്രമേണ വീണ്ടെടുക്കാം (കോസ്റ്റല്‍ റീസ് റ്റൊറേഷന്‍). കണ്ടല്‍കാട് പോലെയുള്ള ചെലവു കുറഞ്ഞ കോസ്റ്റ്ല്‍ റീസ് റ്റൊറേഷന്‍ ടെക്‌നിക്ക് വഴി നഷ്ടപ്പെട്ട തീരം ഒരു പരിധി വരെ പുന:സ്ഥപിക്കാനും സാധിക്കും.
മുതലപ്പൊഴിമായി ബന്ധപ്പെട്ട സാമൂഹികാഘാത പ്രശ്‌നങ്ങള്‍
ഹാര്‍ബര്‍ എന്നാല്‍ സമുദ്രയാനകള്‍ തീരത്തടുപ്പിക്കുന്നതിനും വേലിയേറ്റത്തെയും, ശക്തമായ തിരമാലകളേയും, അടിയൊഴുക്കുകളേയും ചെറുത്ത് സമുദ്രയാനകളെ സംരക്ഷിക്കപ്പെടുന്ന പ്രകൃതിദത്തമായതോ മനുഷ്യ നിര്‍മ്മിത മായതോആയ സുരക്ഷിതസ്ഥാനമെന്ന് വ്യാഖ്യനിക്കാം. അഞ്ചുതെങ്ങില്‍ ഹാര്‍ബര്‍ സ്ഥിതിചെയ്യുന്നത് പൊഴിമുഖത്തായതിനാല്‍ (എഷോറി / റിവര്‍ മൗത്തില്‍) വാമനപുരം നദിയില്‍നിന്നും കൂടാതെ കടലിനിന്നുമുള്ള മണല്‍ പൊഴിമുഖത്തു വന്നടിയുകയും ഇത് മണല്‍ തിട്ടകളായി രൂപാന്തരപ്പെടുകയും (സാന്‍ഡ് ബാര്‍) ഇതില്‍ ബോട്ട് ഇടിച്ച് അപകടം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കടലില്‍ തിരകള്‍ രൂപാന്തരപ്പെടുമ്പോള്‍ ഉള്‍ക്കടലില്‍ ആഴം കൂടുതലുള്ളതിനാല്‍ തിരകള്‍ക്ക് വേവ് ലെങ്ത് കുടുതലും വേവ് ഹൈറ്റ് കുറവുമായിരിക്കും. തിരമാലകള്‍ കരയോടക്കുമ്പോള്‍ പ്രത്യേകിച്ച് താരതമ്യേന ആഴം കുറഞ്ഞ മണല്‍ മൂടിയ ഹാര്‍ബര്‍ / ആഴി മുഖത്തെത്തുമ്പോള്‍ വേവ് ലെങ്ത് കുറയുകയും, വേവ് ഹൈറ്റ് കൂടുകയും ചെയ്യുന്നതുമൂലം രൗദ്രഭാവമുള്ള തിരമാലകള്‍ രൂപാന്ദ്രപ്പെടുന്നു. പ്രത്യേകിച്ച് മണ്‍സൂണ്‍ കാലഘങ്ങളില്‍. നമ്മുടെ കാലാവസ്ഥയെയും മണ്‍സൂണുകളെയും ഒക്കെ നിയന്ത്രിക്കുന്നത് കടലില്‍ രൂപാന്ദ്രപ്പെടുന്ന വിവിധ ജലപ്രവാഹങ്ങളാണെന്നുള്ളത് മറ്റൊരുവസ്തുത.
തുറമുഖങ്ങളിലോ, അഴിമുഖങ്ങളുമായോ ബന്ധപ്പെട്ട് കാണപ്പെടുന്ന അപകടകാരികളായ ജലപ്രവാഹങ്ങളാണ് (അടിയൊഴുക്കുകള്‍) റിപ്പ്-കറണ്ട്, ലോങ്‌ഷോര്‍-കറണ്ട്, സ്ട്രച്ചറല്‍-കറണ്ട് മുതലായവ. തിരമാലകള്‍, അഴിമുഖത്ത് അടിയുന്ന മണല്‍ തിട്ടയ്ക്കുമീതെ (സാന്‍ഡ്ബാറിനു) മീതെ വീശുമ്പോള്‍ രൂപംകൊള്ളുന്ന ജലപ്രവാഹമാണ് റിപ്പ്-കറണ്ട്. ഇത് വളരെ ശക്തമായതും, പ്രാദേശികവും, ഇടുങ്ങിയചുഴി പ്രഭാവം സൃഷ്ടിക്കാന്‍ കഴിയുന്നതുമായ ജലപ്രവാഹമാണ്. അപകടകരമായ ഈ നീരൊഴുക്കില്‍ പെട്ടുപോകുന്നയാളെ വളരെ വേഗത്തില്‍ കടലിനുള്ളിലേക്ക് വലിച്ചുകൊണ്ടു പോകുകയും.
വെള്ളത്തിന്റെ ശക്തമായ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിച്ചുകൊണ്ട് സ്വയം തളര്‍ന്നുപോവുകയോചെയ്യാം. ഈ നീരൊഴുക്കില്‍പ്പെടുന്നയാള്‍ ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കാതെ ഒഴുക്കിന്റെ ശക്തിക്ഷയിച്ച ശേഷം ഒഴുക്കിന്റെ ഇടതോ വലതോ വശങ്ങളില്‍കൂടി നീന്തിരക്ഷപ്പെടാന്‍ സാധിക്കും. പ്രദേശത്തിന്റെ ഭൗമപരമായ ഘടനയും, കാറ്റിന്റെ ഗതിക്കും അനുസൃതമായി തീരത്തിലേക്ക് ഒരു പ്രത്യേക കോണില്‍ തിരമാലകള്‍ (ഒബ്ലിക് വേവ്) രൂപപ്പെടുകയും അഴിമുഖത്ത് അടിയുന്ന മണല്‍ തിട്ടയ്ക്കുമീതെ (സാന്‍ഡ്ബാറിനു) മീതെ വീശുമ്പോള്‍ രൂപംകൊള്ളുന്ന നീരൊഴുക്കുകള്‍ കടല്‍ത്തീരത്തേക്ക് സമാന്തരമായി നീങ്ങുന്നു.
ആയതിനാല്‍ ഇത്തരം ജലപ്രവാഹത്തില്‍ പെട്ടുന്നയാള്‍ കടലിലേക്കോ തീരത്തേക്കോ നീന്തിരക്ഷപ്പെടാന്‍ സാധിക്കും. മിക്ക ജല പ്രവാഹങ്ങളും പ്രവചിക്കാന്‍ പ്രയാസമാണ്. ഹാര്ബറിലെ ബ്രേക്ക്-വാട്ടറിലോ, വാര്‍ഫിലോ വന്നടിക്കുന്ന ശക്തമായ തിരമാലകളുടെ ഫലമായി എതിര്‍ ദിശയില്‍ ഉണ്ടാകുന്ന ശക്തിയേറിയ മറ്റൊരു ജലപ്രവാഹമാണ് സ്ട്രക്ചറല്‍ കറണ്ട്. കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികള്‍ ബോട്ടുകളില്‍ സുരക്ഷാ സംവിധാനങ്ങളായ ലൈഫ് ജാക്കറ്റ്, യാനങ്ങളുടെ സഞ്ചാരപാത കരയിലിരുന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ജിപിഎസ്സ് വെസല്‍ ട്രാക്കിംഗ് സംവിധാനം തുടങ്ങിയവ നിര്‍ബന്ധമായും കരുതണം.
കൃത്യമായ ഇടവേളകളില്‍ ഡ്രെഡ്ജിങ് നടത്തി അഴിമുഖത്തെ മണല്‍തിട്ടകള്‍ മാറ്റിയാല്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ഒരുപരിതി വരെ സാധിക്കും, ഡ്രെഡ്ജിങ് താരതമ്യേന ചെലവുള്ള പ്രക്രിയയാണ്. സ്ഥായിയായ പോംവഴിയായി തോന്നുന്നത്, ഹാര്‍ബറില്‍ സ്ഥാപിച്ചിട്ടുള്ള പുലിമുട്ടുകള്‍ക്ക് (ഹാര്‍ബര്‍ മൗത്തിന്) സമാന്തരമായി ആര്‍ക്ക് രൂപത്തില്‍ ഒരു വര്‍ഫോ, സീവാളോ നിര്‍മ്മിക്കുകയാണെങ്കില്‍ ഹാര്‍ബര്‍ മൗത്ത് ഭാഗികമായി കവര്‍ ചെയ്യപെടുകയും , ഹാര്‍ബറിനുള്ളിലേക്ക് കയറിവരുന്ന ശക്തമായ തിരമാലകളേയും, കടലില്‍നിന്നും ഹാര്‍ബറിനുള്ളില്‍ വന്നടിയുന്ന മണല്‍, തിട്ടകളായി (സാന്‍ഡ് ബാറുകള്‍) രൂപന്തരപ്പെടുന്നത് നിയന്ത്രിക്കാനും അതുമൂലം അപകടകാരികളായ ജലപ്രവാഹങ്ങളെ തടയാനും സാധിക്കുമെന്നാണ് മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറയുന്നു.