നാം മനുഷ്യർ എന്നും സ്വാർത്ഥർ ആണ് പ്രത്യേകിച്ച് അവന്റെ ജീവിതത്തിൽ .ഉറുമ്പ് ആറുമണി പേര്ക്കും പോലെ അവൻ ജീവിതത്തിൽ എല്ലാം പെറുക്കി കൂട്ടി വായിക്കും ,എന്നാൽ അത്രേം കഷ്ട്പെട്ടത്തിൽ നിന്നും ഒരു തരി പോയാൽ ഉറക്കം പോകും എന്തിന് ഏറെ പറയുന്നു മറിച്ചു വരെ കളയും.എന്നാൽ ഈ പെറുക്കി കൂട്ടുന്നത് ഒന്നും അല്ല കഷ്ടപ്പെട്ട് നേടി എടുത്തത് ഒറ്റയടിക്ക് കളഞ്ഞു നോക്കി കൈ കൊട്ടി ചിരിക്കുന്നൊരു മനുഷ്യൻ .നമുക്ക് കഴിയുമോ അതുപോലെ… നമ്മൾ പ്രയാസപ്പെട്ട് നേടിയെടുത്തതെല്ലാം ഒറ്റയടിക്ക് നശിച്ചു പോകുന്നത് കണ്ട് ചിരിക്കാൻ..?
ശാന്തമായ നിളാനദിയുടെ തീരത്തിന്… എന്നുമില്ലാത്ത ഒരുപാട് കഥകൾ പറയാനുണ്ട്…. അതിലൊരു കഥയാണ് പറയിപെറ്റ പന്തിരുകുലത്തിന്റെ കഥ, വിക്രമാദിത്യ സദസ്സിലെ മുഖ്യ പണ്ഡിതനായ വരരുചി, തനിക്ക് പറയ കുലത്തിൽ പിറക്കുന്ന ഒരു പെൺകുട്ടിയുമായി ബന്ധമുണ്ടാവുമെന്ന് മുൻകൂട്ടി മനസിലാക്കുന്നു, അതിനാൽ പരിചാരകരെ ഉപയോഗിച്ച് കുട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു,
നടക്കാത്ത ഉദ്യമത്തിന്റെ ഫലമായി വരരുചിയും, പഞ്ചമി എന്ന് പേരുള്ള പറയി സ്ത്രീയും തമ്മിൽ നിള നദിയുടെ തീരമായ തൃത്താലയിൽ വച്ചാണ് കണ്ടുമുട്ടുന്നത്, നീണ്ടൊരു യാത്രക്ക് തുടക്കമിടുന്ന ഇവർ, യാത്രക്കിടയിലാണ പഞ്ചമി പന്ത്രണ്ട് മക്കൾക്ക് ജന്മം നൽകുന്നത്, വരരുചിയുടെ നിർദേശ പ്രകാരം പഞ്ചമിക്ക് തന്റെ എല്ലാ മക്കളെയും ഉപേക്ഷിക്കേണ്ടി വരുന്നു. ഉപേക്ഷിക്ക പെടുന്ന മക്കളെ വ്യത്യസ്ത ജാതിയിലുള്ള പലരും ഏറ്റെടുത്തു വളർത്തി എന്ന് പറയപ്പെടുന്നു, വ്യത്യസ്ത കുലങ്ങളിൽ വളർന്ന അവർ കുലങ്ങളിലെ കർമ്മ മണ്ഡലങ്ങളിൽ മികച്ചവരായി അറിയപ്പെട്ടു.
പന്തിരുകുലത്തില കടിഞ്ഞൂൽ ജന്മം മേഴത്തോൾ അഗ്നിഹോത്രി ആയിരുന്നു, തുടർന്ന് പാക്കനാർ, പെരുന്തച്ചൻ, രചകൻ വള്ളോൻ, വടുതല നായർ, ഉപ്പുകൂറ്റൻ അകവൂർ ചാത്തൻ, പാണനാർ, നാറാണത്ത് ഭ്രാന്തൻ, വായിലാകുന്നിലപ്പൻ കൂടെ പന്തിരുകുലത്തില പെൺതരി ആയി കാരക്കൽ അമ്മയും പിറന്നു വീണു.
നാറാണത്തു ഭ്രാന്തനെ നമ്മളെല്ലാവരും ഭ്രാന്തനെന്ന് വിളിച്ച് തള്ളിക്കളയുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭ്രാന്തമായ പ്രവർത്തികളിൽ നമുക്ക് മഹത്തായ ഒരു ഫിലോസഫി കാണാം..
അദ്ദേഹം കല്ലുകൾ മലമുകളിലേക്ക് പ്രയാസപ്പെട്ട് കഷ്ടപ്പെട്ട് തള്ളി കൊണ്ടുപോകും എന്നിട്ട് മുകളിൽ എത്തിയാൽ അത് താഴെക്ക് ഉരുട്ടിവിടും അത് കണ്ട് അദ്ദേഹം പൊട്ടിച്ചിരിക്കും.നമുക്ക് കഴിയുമോ അതുപോലെ… നമ്മൾ പ്രയാസപ്പെട്ട് നേടിയെടുത്തതെല്ലാം ഒറ്റയടിക്ക് നശിച്ചു പോകുമ്പോൾ അദ്ദേഹത്തെപ്പോലെ ചിരിച്ചില്ലെങ്കിലും നമുക്ക് പതറാതെ പിടിച്ചു നിൽക്കാൻ കഴിയുമോ…
രായിരനെല്ലൂർ മനയിലാണ് നാറാണത്ത് ഭ്രാന്തന്റെ ഓർമ്മകൾ ഉറങ്ങുന്നത്
കേരളത്തിൽ അറിയപ്പെട്ട ഐതിഹ്യങ്ങളിൽ ഒന്നായ പറയിപെറ്റ പന്തിരുകുലത്തിലെ അംഗങ്ങളായ വരരുചിക്ക് പഞ്ചമിയിൽ ഉണ്ടായ സന്തതികളിൽ അഞ്ചാമത്തെ സന്താനമാണ് നാറാണത്തു ഭ്രാന്തൻ.
“പന്ത്രണ്ടു മക്കളെ പെറ്റൊരമ്മേ….
നിന്റെ മക്കളിൽ ഞാനാണു ഭ്രാന്തൻ….”
എന്ന് തുടങ്ങുന്ന മധുസൂദനൻ നായരുടെ പ്രശസ്തമായ കവിതയിൽ നാറാണത്തു ഭ്രാന്തനെ കുറിച്ച് വർണിക്കുന്നുണ്ട്.
വശ്യമനോഹരമായ കുന്തിപ്പുഴയുടെ തീരത്ത് വരരുചിയും പഞ്ചമിയും കുഞ്ഞിനെ ഉപേക്ഷിച്ചുപോയി. നാരായണ മംഗലത്ത് മനയിലെ അന്തർജനം കുട്ടിയെ കാണുകയും കുട്ടിയെ എടുത്തു വളർത്തുകയും ചെയ്തു. (നാരായണ മംഗലത്ത് മന എന്നും ആമയൂർ മന എന്നും ഈ മന അറിയപ്പെടുന്നു) ഈ മനയിലാണ് നാറാണത്തു ഭ്രാന്തൻ വളർന്നത്.
കുട്ടിക്കാലം മുതൽക്കുതന്നെ അസാധാരണമായ പ്രവർത്തനങ്ങൾ കുട്ടിയിൽ കണ്ടു വന്നു. ഇഷ്ട വിനോദങ്ങൾ കട്ടുറുമ്പുകളേ എണ്ണൽ, മലമുകളിലേക്ക് കല്ലുരുട്ടി കൊണ്ടുപോയി താഴോട്ട് തള്ളിവിടുക തുടങ്ങിയ അസാധാരണ ചെയ്തികൾ..
പിന്നീട് വേദ പഠനത്തിനായി രായിരനല്ലൂരുള്ള തിരുവേഗപ്പുറ ഇല്ലത്ത് എത്തുകയും. അവിടുത്തെ പഠനസമയത്ത് രായിരനെല്ലൂർ മല മുകളിലേക്ക് കല്ലുരുട്ടി കൊണ്ടുപോവുകയും താഴോട്ട് തള്ളിവിട്ട് കൈകൊട്ടി ചിരിക്കുകയും ചെയ്യുമായിരുന്നു.
അങ്ങനെ ഒരിക്കൽ ആയാസപ്പെട്ട് കല്ലുരുട്ടുന്ന സമയത്ത് ദേവി ദർശനം കിട്ടിയെന്നും ദേവിയുടെ കാൽപ്പാദങ്ങൾ അവിടുത്തെ പാറയിൽ പതിഞ്ഞെന്നും കാൽപാദത്തിൽ നാറാണത്തു ഭ്രാന്തൻ പൂജ നടത്തിയെന്നും പറയപ്പെടുന്നു. ആ കാൽപ്പാദങ്ങൾ ഇന്നും അവിടെ കാണാം.തുലാം ഒന്നിനാണ് ദേവി ദർശനം കിട്ടിയത് എന്നും പറയപ്പെടുന്നു അതുകൊണ്ട് അന്നേദിവസം ആയിരക്കണക്കിന് ഹിന്ദു മതവിശ്വാസികൾ മലകയറാൻ എത്തുന്നു.
പ്രതിഷ്ഠ ഒന്നുമില്ലാത്ത അവിടുത്തെ ക്ഷേത്രത്തിൽ ഈ പാദങ്ങളേയാണ് പൂജിക്കുന്നത്. ആൺ കുഞ്ഞു ജനിക്കാൻ ഓട്ട് കിണ്ടിയും പെൺകുട്ടി പിറക്കാൻ ഓടയും ഇവിടെ കമഴ്ത്തുന്നു.
മലകയറി മുകളിലെത്തുന്ന വിശ്വാസികളെ കാത്തിരിക്കുന്നത് ന്നാറാണത്തു ഭ്രാന്തന്റെ പ്രതിമയാണ്. 20 അടിയോളം ഉയരമുള്ള ഈ പ്രതിമ ശില്പിയായ സുരേന്ദ്ര കൃഷ്ണൻ 1995 ൽ സ്ഥാപിച്ചതാണ്
മലമുകളിലെ കാഴ്ചകൾ വശ്യമനോഹരവും പ്രകൃതി രമണീയവുമാണ്. മലയുടെ താഴ്‌വാരത്തിൽ പച്ചപ്പരവതാനി വിരിച്ച നെൽ പാടങ്ങൾ കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയാണ്. ഏതൊരു സഞ്ചാരിയെയും ആകർഷിക്കുന്ന മനോഹരമായ ഒരു വിനോദ കേന്ദ്രവുമാണ് രായിരനെല്ലൂർ മല.
രായിരനെല്ലൂരിൻ നിന്നും വിളിപ്പാടകലെ ഭ്രാന്തൻ തപസ്സിരുന്ന ഭ്രാന്തൻകല്ല് ഭ്രാന്തങ്കോട്ട അഥവാ ഭ്രാന്താചലം എന്നറിയുന്നു. ആർക്കിയോളജി വകുപ്പിന്റെ അധീനതയിലുള്ള ഈ ഒറ്റക്കൽ ഗുഹ വാസ്തുവിദ്യാവിസ്മയം ആണ്. അതിനടുത്ത് 3 ഗുഹാക്ഷേത്രങ്ങൾ കൂടി ഉണ്ട് . ഭ്രാന്തന്റെ ഭൂതങ്ങൾ കൈകൊണ്ട് മാന്തി ഉണ്ടാക്കിയതത്രെ. ഇവിടെ ഒരിക്കലും വറ്റാത്ത നീരുറവകളുണ്ട്. ഭ്രാന്തൻ പ്രതിഷ്ഠിച്ച അമ്പലവും ചങ്ങലക്കിട്ട കാഞ്ഞിരമരത്തിലെ പൊട്ടാത്ത ചങ്ങലയും ഇവിടെ കാണാം.
അദ്ദേഹത്തെ നാം ഒരു ഭ്രാന്തനായി കാണുന്നുവെങ്കിലും പ്രവാചകനും, അവതാരപുരുഷനുമായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.
ജ്യോതിശാസ്ത്രഗ്രന്ഥമായ “പരഹിതകരണം”
രചിച്ചത് നാറാണത്തു ഭ്രാന്തനാണെന്നും പറയപ്പെടുന്നു.
മീനത്തിലെ മൂലംനക്ഷത്ര ദിവസം അപ്രത്യക്ഷനായ അദ്ദേഹം പിന്നീട് ഒരിക്കലും തിരിച്ചു വന്നിട്ടില്ല എന്നാണ് പറയപ്പെടുന്നത്.
ഗ്രീക്ക് പുരാണത്തിലെ “സിസിഫസ്” എന്ന ദേവനുമായി നാറാണത്തുഭ്രാന്തന് സാമ്യമുണ്ട്. സിസിഫസ് സ്യൂസ് ദേവൻ ശിക്ഷയായിട്ടാണ് ആയുഷ്കാലം മുഴുവൻ മലമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതും തള്ളി താഴേക്കിടുന്നതെങ്കിൽ നാറാണത്തുഭ്രാന്തൻ സ്വയേഛയാലാണ് ഈ പ്രവൃത്തി ചെയ്യുന്നത് എന്ന വ്യത്യാസമേയുള്ളൂ.