കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട കേസിൽ നിർമാതാക്കളായ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുത് എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ലാഭവിഹിതവും മുടക്കുമുതലും നൽകാതെ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ വഞ്ചിച്ചു എന്ന ആലപ്പുഴ അരൂർ സ്വദേശി സിറാജാണ് പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് നേരത്തേ മരവിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശമനുസരിച്ച് പറവ ഫിലിംസിന്റെ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ എറണാകുളം മരട് പൊലീസ് കേസെടുത്തിരുന്നു.
ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളിലായി ഐപിസി 120 ബി, 406, 420, 468, 34 വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. സിനിമയുടെ നിർമാണത്തിനു പണം മുടക്കാൻ പറവ ഫിലിംസ് തന്നെ സമീപിച്ചു എന്നാണ് പരാതിക്കാരൻ പറയുന്നത്. 2022 നവംബർ 30ന് കരാറിൽ ഒപ്പുവച്ചു. 7 കോടി രൂപ മുടക്കാം എന്നായിരുന്നു കരാർ. ചിത്രത്തിന്റെ ശരിയായ നിർമാണച്ചെലവ് തന്നിൽനിന്നു മറച്ചുവച്ചെന്നും യഥാർഥ വിവരങ്ങളൊന്നും പറഞ്ഞിട്ടില്ലെന്നും പരാതിക്കാരന് ആരോപിച്ചു.