സിനിമാ ലോകത്ത് സജീവമായ ദമ്പതിമാരാണ് നടനും ഗായകനുമായ കൃഷ്ണചന്ദ്രനും ഭാര്യ നടി വനിത കൃഷ്ണചന്ദ്രനും. വനിത തമിഴിലും മലയാളത്തിലും തിരക്കേറിയ നടിയായിരിക്കെയാണ് കൃഷ്ണചന്ദ്രനെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. അമൃതവർഷിണി എന്നാണ് ഇവരുടെ മകളുടെ പേര്. വിവാഹ ശേഷം അഭിനയ രംഗം വിട്ട വനിത പിന്നീട് കരിയറിലേക്ക് തിരിച്ചെത്തുകയും ചെയ്തു. പ്രണയകാലത്തെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണചന്ദ്രനിപ്പോൾ. പ്രണയിക്കുന്ന കാലത്ത് ഒരു ഘട്ടത്തിൽ പിരിയാമെന്ന് തീരുമാനിച്ചിരുന്നെന്ന് കൃഷ്ണചന്ദ്രൻ പറയുന്നു. നാല് വർഷത്തെ പ്രണയമായിരുന്നു. കുടുംബക്കാർക്കൊന്നും പ്രശ്നമില്ല. പക്ഷെ ഞങ്ങൾ കല്യാണത്തിന്റെ ആറ് മാസം മുമ്പ് കല്യാണം വേണോ എന്ന് ആലോചനയിലെത്തി. ഒരു സാധാരണ ആണിന്റെ പ്രശ്നങ്ങളാണ് കാരണം. വേറൊന്നുമല്ല, അവൾ ഇഷ്ടം പോലെ സിനിമകൾ ചെയ്യുന്നുണ്ട്. കല്യാണത്തിന് മുമ്പേ നൂറ് സിനിമകൾ പൂർത്തിയാക്കി.
തമിഴിൽ കാർത്തികിന്റെ കൂടെയും സുരേഷിന്റെ കൂടെയുമെല്ലാം അഭിനയിച്ചു. ഏതൊക്കെയോ പടങ്ങളിൽ ലൗ സീനുകൾ കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. അസൂയ. ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി വരുന്നുണ്ട്. ഞങ്ങൾ സംസാരിക്കാതായി. അമ്മൂമ്മയുടെ സഹോദരിയുടെ വീട്ടിലാണ് ഞാൻ താമസിച്ചിരുന്നത്. ലാൻഡ് ലൈനാണ്. ഒരു മാസമായി വനിതയുടെ ഫോൺ വന്നില്ല. ഞാനും അങ്ങോട്ട് വിളിക്കുന്നില്ല. അമ്മൂമ്മ ഇത് നോക്കുന്നുണ്ട്. വനിതയുടെ സഹോദരിയും ഇക്കാര്യം ശ്രദ്ധിച്ചു. അമ്മൂമ്മയും സഹോദരിയും കൂടി സംസാരിച്ചു. ഇവർ തമ്മിൽ എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നെന്ന് പറഞ്ഞു. രണ്ടാമത് ഞങ്ങളെ തമ്മിൽ സംസാരിപ്പിച്ചു. പ്രണയിച്ച് വിവാഹം ചെയ്യുന്നവർ തമ്മിൽ കല്യാണത്തിന് മുമ്പ് നല്ല അടിയുണ്ടാകുന്നത് നല്ലതാണ്. കാരണം കല്യാണത്തിന് ശേഷമുള്ള വഴക്ക് കുറേ ഒഴിവാക്കാമെന്നും കൃഷ്ണചന്ദ്രൻ പറഞ്ഞു. മകൾ വിവാഹം കഴിച്ച് കാനഡയിൽ സെറ്റിൽഡ് ആണെന്നും ഇദ്ദേഹം വ്യക്തമാക്കി. വനിതയുമായുള്ള പ്രണയകാലത്ത് വന്ന ഗോസിപ്പുകളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
സ്റ്റുഡിയോയിലും ഷൂട്ടിംഗ് സ്ഥലത്തുമാണ് ഞങ്ങൾ കണ്ടിരുന്നത്. എനിക്ക് എവിഎമ്മിലൊക്കെ പാട്ടുണ്ടാകും. വനിതയ്ക്ക് അപ്പുറത്ത് ഷൂട്ടുണ്ടാകു. വൈജി മഹേന്ദ്രനും വനിതയുമാണ് അധികവും ഒരുമിച്ച് അഭിനയിക്കാറ്. പ്രഭുവും ഉണ്ടാകും. ഞാനവിടെ പോയിരിക്കും. ഇത് ന്യൂസായി. ഷൂട്ടിംഗിനിടെ വനിതയെ കാണാനില്ല, നോക്കുമ്പോൾ മരത്തിന് ചുവട്ടിലിരുന്ന് സംസാരിക്കുന്നു എന്നൊക്കെ ഗോസിപ്പ് വന്നു. അന്ന് ഗോസിപ്പുകളുടെ സമയമാണ്. അതിന് മുമ്പ് അംബികയ്ക്കൊപ്പം അഭിനയിച്ചപ്പോഴും ഗോസിപ്പ് വന്നിട്ടുണ്ട്. അംബിക വളരെ നല്ല സുഹൃത്തായിരുന്നു. ഷൂട്ട് ചെയ്യുമ്പോൾ സീനിൽ ഞങ്ങൾ സ്കൂട്ടറിൽ പോയി. തിരിച്ച് വരുമ്പോൾ കുറച്ച് കഴിഞ്ഞു. ഞങ്ങളെ കാണാനില്ലെന്ന് വാർത്ത വന്നു. അതൊക്കെ വെറും ഗോസിപ്പുകൾ മാത്രമായിരുന്നെന്നും കൃഷ്ണചന്ദ്രൻ വ്യക്തമാക്കി.