പല തരത്തിലുള്ള പ്രത്യേകതകളുള്ള ദിവസങ്ങളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, പല രാജ്യങ്ങളും മെയ് മാസത്തിൽ ആഘോഷിക്കുന്ന ‘നോ പാന്റ്സ് ഡേ’യെ കുറിച്ച് കേട്ടിട്ടുണ്ടോ? മെയ് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് സാധാരണയായി നോ പാന്റ്സ് ഡേ ആഘോഷിക്കുന്നത്. എന്നാൽ, ഇതൊരു ഗൗരവതരമായ ആഘോഷമോ അവധി ദിവസമോ ഒന്നുമല്ല. മറിച്ച് ജീവിതത്തെ വളരെ രസകരമായും ഫ്രീയായും കാണാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഒരു ദിനാചരണമാണ്.
ആ ദിവസങ്ങളിൽ ആളുകൾ പാന്റുകൾ ധരിക്കാതെ അടിവസ്ത്രം മാത്രം ധരിച്ച് ജോലിക്ക് പോവുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോവുകയും യാത്ര ചെയ്യുകയും ഒക്കെ ചെയ്യുന്നു. അങ്ങനെ യാത്ര ചെയ്യുന്ന ആളുകളെ കാണുമ്പോൾ നമുക്ക് ചിരിവരും അല്ലേ? അത് തന്നെയാണ് ആ ദിനത്തിന്റെ ലക്ഷ്യവും. മറ്റുള്ളവരുടെ മുഖത്ത് ഒരു ചെറുപുഞ്ചിരിയെങ്കിലും വിരിയിക്കുക. ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളുടെ സെമസ്റ്ററിൻ്റെ അവസാനം നടന്ന അനൗപചാരികമായ ഒരു ആഘോഷമായാണ് നോ പാൻ്റ്സ് ഡേ തുടങ്ങിയത് എന്നാണ് പറയുന്നത്. ഏകദേശം 15 വർഷം എല്ലാ മെയ് മാസത്തിലും ഇത് ആഘോഷിക്കപ്പെട്ടു. ശേഷം, ഒരു കാമ്പസ് കോമഡി ക്ലബ്ബായ നൈറ്റ്ഹുഡ് ഓഫ് ബുഹ് 2000 -ത്തിൽ ഈ ദിവസത്തിന് അവധി പ്രഖ്യാപിച്ചു.
2003 -ലെ ആഘോഷത്തിന് ശേഷം, ഓസ്റ്റിൻ ക്രോണിക്കിൾ അതിനെ നഗരത്തിലെ തന്നെ ‘മികച്ച പ്രാദേശിക അവധി’ എന്ന് വിശേഷിപ്പിച്ചു. ഇതിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും കാനഡയുടെ പല ഭാഗങ്ങളിലും ഫ്രാൻസ്, സ്വീഡൻ, ഓസ്‌ട്രേലിയ, ഫിൻലാൻഡ്, ബ്രിട്ടൻ എന്നിവിടങ്ങളിലും ‘നോ പാന്റ്സ് ഡേ’ ദിനാചരണം പ്രചാരം നേടി.പാന്റിടാതെ ഒരാളെ കാണുമ്പോൾ മറ്റുള്ളവർക്കുണ്ടാകുന്ന ഞെട്ടലും ചിരിയും ഒക്കെത്തന്നെയാണ് ഇതിന്റെ ഹൈലൈറ്റ്.