തെന്നിന്ത്യയിലെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് രജനികാന്ത്. ഇപ്പോഴിതാ ഭിക്ഷക്കാരനാണെന്ന് കരുതി രജനികാന്തിന് 10 രൂപ ലഭിച്ച കഥ ശ്രദ്ധനേടുകയാണ്. ഒരുക്ഷേത്രത്തില്‍ പോയപ്പോഴാണ് രജനികാന്തിന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായതെന്ന് ഗായത്രി ശ്രീകാന്ത് രചിച്ച ദ നെയിം ഈസ് രജനികാന്ത് എന്ന ബയോഗ്രഫിയില്‍ പറയുന്നു. 2007ല്‍ ശിവജി: ദ ബോസ് എന്ന ചിത്രം ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും വലിയ ഹിറ്റായി. ഈ സമയത്ത് ജനങ്ങളില്‍ നിന്ന് സ്‌നേഹവും നല്ല റെസ്‌പോണ്‍സുകളും ലഭിക്കാനാരംഭിച്ചപ്പോള്‍ രജനികാന്ത് ഒരു ക്ഷേത്രത്തില്‍ പോകാന്‍ തീരുമാനിച്ചു. എന്നാല്‍ അദ്ദേഹം ക്ഷേത്ര ദര്‍ശനം നടത്താന്‍ എത്തിയാല്‍ അവിടുത്തെ സമാധാന അന്തരീക്ഷം നഷ്ടപ്പെടുമെന്ന ഭയം തോന്നിയതിനാല്‍ വസ്ത്രം മാറി പോകാനാണ് രജനികാന്ത് തീരുമാനിച്ചത്. താനാണെന്ന് മനസിലാകാത്ത വിധത്തിലാകണം ക്ഷേത്രത്തില്‍ പോകേണ്ടതെന്നും രജനികാന്ത് തീരുമാനിച്ചു.
ഇതിനായി അദ്ദേഹം തെരഞ്ഞെടുത്തത് കീറിപ്പറഞ്ഞ ഒരു ഷര്‍ട്ടും ലുങ്കിയും ഒരു കട്ടിയുള്ള ബ്രൗണ്‍ നിറത്തിലുള്ള ഷാളും ഒപ്പം വെപ്പുപല്ലും വെച്ചാണ് അദ്ദേഹം പോയതെന്നാണ് പറയുന്നത്. അദ്ദേഹം ക്ഷേത്രത്തിലെത്തിയസ്വാഭാവികമായും അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല. ഈ സമയം കാലിന് മുഴയുള്ള ഒരു സ്ത്രീ നടന്നു വരുന്നുണ്ടായിരുന്നു. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഈ സ്ത്രീ ‘പാവം വയസന്‍’ ഇരിക്കുന്നത് കണ്ട് അലിവ് തോന്നി 10 രൂപയുടെ നോട്ട് കൊടുത്തു. എന്നാല്‍ അദ്ദേഹം ആ പത്ത് രൂപ സ്‌നേഹത്തോടെ വാങ്ങി അമ്പലത്തില്‍ നിന്നിറങ്ങി. എന്നാല്‍ ഈ സ്ത്രീ ഇദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അമ്പലത്തിലെ ഭണ്ഡാരത്തില്‍ 100 രൂപ ഇട്ടത് ശ്രദ്ധയില്‍പ്പെട്ട സ്ത്രീ നോക്കുമ്പോള്‍ ഒരു ആഢംബര കാറില്‍ അദ്ദേഹം തിരിച്ച് പോകാനൊരുങ്ങുന്നതാണ് കണ്ടത്.
സ്ത്രീ ഉടന്‍ തന്നെ തനിക്ക് അബദ്ധം പറ്റിയത് മനസിലാക്കി അദ്ദേഹത്തിന്റടുത്തേക്ക് ക്ഷമ ചോദിക്കാനായി എത്തി. അവര്‍ തന്റെ പണം തിരികെ വാങ്ങിക്കോളാം എന്നും പറഞ്ഞു. എന്നാല്‍ ഈ സമയം രജിനികാന്ത് സ്ത്രീയോട് പറഞ്ഞത്, ദൈവത്തിന് തിരുവടിയില്‍ താനും ഒരു ഭിക്ഷക്കാരനാണെന്ന് ഓര്‍മിപ്പിച്ചുവെന്നാണ്. ആ പത്ത് രൂപ അദ്ദേഹം തന്റെ കൈയ്യില്‍ വെച്ചുകൊണ്ട് അദ്ദേഹം അവിടെ നിന്നും പോയെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. വളരെ എളിമയോടെ സംസാരിക്കുകയും ജീവിക്കുകയും ചെയ്യുന്ന രജിനികാന്ത് 1975ല്‍ അപൂര്‍വ രാഗങ്കള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. തുടര്‍ന്ന് കന്നടയിലും തെലുഗുവിലും അഭിനയിച്ച നടന്‍ പതുക്കെ തമിഴ് സിനിമാ ലോകത്തിന്റെ അവിഭാജ്യ ഘടകമായി മാറുകായിരുന്നു. ഇപ്പോഴും തമിഴില്‍ അതികായനായി നില്‍ക്കുന്ന വ്യക്തിയാണ് രജനികാന്ത്.