തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ (70) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സാഹിത്യകാരന്‍മാരുടെ സംവിധായകന്‍ എന്ന് വിശേഷിക്കപ്പെടുന്ന സംവിധായകനാണ് ഹരികുമാര്‍. എം.ടി വാസുദേവന്‍ നായര്‍, എം. മുകുന്ദന്‍, പെരുമ്പടവം ശ്രീധരന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ കഥകളും തിരക്കഥകളും സിനിമയാക്കിയിട്ടുണ്ട്. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യമുള്ള സിനിമകള്‍ക്ക് ദൃശ്യാവിഷ്‌കാരം നല്‍കുന്നതിന് മുന്‍തൂക്കം നല്‍കിയ സംവിധായകന്‍ കൂടിയാണ് അദ്ദേഹം.
1981-ല്‍ പുറത്തിറങ്ങിയ ആമ്പല്‍ പൂവാണ് ആദ്യചിത്രം. 1994-ല്‍ എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ സംവിധാനം ചെയ്ത് സുകൃതമാണ് ശ്രദ്ധേയമായ ചിത്രം. മമ്മൂട്ടി, ഗൗതമി എന്നിവര്‍ പ്രധാനകഥപാത്രങ്ങളെ അവതരിപ്പിച്ച സുകൃതം ഏറ്റവും നല്ല മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടുകയും ചെയ്തു. ദേശീയ ചലച്ചിത്രപുരസ്‌ക്കാര ജൂറിയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജാലകം, ഊഴം, അയനം, ഉദ്യാനപാലകന്‍,സ്വയംവരപ്പന്തല്‍, എഴുന്നള്ളത്ത് തുടങ്ങി പതിനാറോളം സിനിമകള്‍ സംവിധാനം ചെയ്തു. എം മുകുന്ദന്റെ തിരക്കഥയില്‍ സുരാജ് വെഞ്ഞാറമൂട്, ആന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രധാനവേഷങ്ങളെ അവതരിപ്പിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യയാണ് അവസാനം സംവിധാനം ചെയ്ത ചിത്രം.
കലാമൂല്യവും വാണിജ്യമൂല്യങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ച മലയാളത്തിലെ മധ്യവര്‍ത്തി സിനിമാപ്രസ്ഥാനത്തിന്റെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായിരുന്നു ഹരികുമാറെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. മുഖ്യധാരയ്ക്കും വിപണിയോട് ഒത്തുതീര്‍പ്പുകളില്ലാത്ത ശുദ്ധകലാസിനിമയ്ക്കും മധ്യേ മറ്റൊരു സിനിമ സാധ്യമാണ് എന്ന് തെളിയിച്ച ചലച്ചിത്രകാരന്മാരില്‍ പ്രമുഖനായിരുന്നു അദ്ദേഹമെന്നും പിണറായി പറഞ്ഞു. നിരവധി സിനിമകൾ മലയാളിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്നും പിണറായി പറഞ്ഞു.
ഹരികുമാറിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും അനുശോചിച്ചു. വാണിജ്യ സിനിമയുടെ ചട്ടക്കൂടുകൾക്ക് പുറത്ത് കലാമൂല്യത്തിൻ്റെ നിറവ് കണ്ടെത്തിയ സംവിധായകനായിരുന്നു ഹരികുമാർ. അനുഗ്രഹീതനായ ഒരു കലാകാരനെയാണ് ഹരികുമാറിൻ്റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.