തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് നടത്താൻ പാടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗത്തിലാണ് നിർദേശം നൽകിയത്. സംസ്ഥാനത്ത് ജൂൺ മൂന്നിന് തന്നെ സ്കുളുകൾ തുറക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.
വീട്ടിൽ നിന്നു സ്കൂളിലേക്കും സ്കൂളിൽ നിന്നു വീട്ടിലേക്കും കുട്ടികൾ സഞ്ചരിക്കുമ്പോൾ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപേയാഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ഇതെല്ലാം സ്കൂൾ തലത്തിൽ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
സുരക്ഷ മുൻനിർത്തി സ്കൂൾ പരിസരം വൃത്തിയാക്കേണ്ടതും അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതുമാണ്. സ്കൂളിൽ സുരക്ഷിതവും പ്രചോദനപരവുമായ ഒരു പഠനാന്തരീക്ഷം ഉണ്ടായിരിക്കേണ്ടതാണെന്ന് മന്ത്രി നിർദ്ദേശം നൽകി. വ്യത്യസ്ത നിലകളിലുള്ള പഠനാനുഭവങ്ങൾ കുട്ടികൾക്ക് ഉണ്ടാകുന്നതിനുവേണ്ടി ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും, ഓരോ സ്കൂളിലും ഒരുക്കേണ്ടതാണ്.
ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കുകയും, അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, പഠനാന്തരീക്ഷവും ഉറപ്പുവരുത്തുകയും വേണം. ഇക്കാര്യത്തിൽ അധ്യാപക ബോധവൽക്കരണം വളരെ പ്രധാനമാണ്. കുട്ടികളുടെ സുരക്ഷ, അവരുടെ അവകാശങ്ങൾ എന്നിവ മുൻനിർത്തി ഓരോ സ്കൂളും ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. പരിസര ശുചീകരണവുമായി ബന്ധപ്പെട്ട് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും നന്നായി വൃത്തിയാക്കേണ്ടതാണ്. പി.ടി.എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൂർവ്വവിദ്യാർത്ഥി സംഘടന തുടങ്ങിയ ജനകീയ ഘടകങ്ങളെ മുൻനിർത്തി ക്ലാസ്സ് മുറികളും, സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന് മുൻകൈയെടുക്കേണ്ടതാണ്. സ്കൂൾ അന്തരീക്ഷം ആകർഷകമാക്കുന്നതിനു വേണ്ടിയുളള എല്ലാ പ്രവർത്തനങ്ങളും നടത്തേണ്ടതാമെന്ന് വിദ്യാഭ്യാസ മന്തി പറഞ്ഞു.