മലയാളികൾക്കിടയിൽ പോലും അല്ലു അർജുനെ താരമാക്കി മാറ്റിയതിൽ സുപ്രധാന പങ്കുവഹിച്ച സിനിമയാണ് ആര്യ. സുകുമാർ സംവിധാനം ചെയ്ത് ഈ തെലുങ്ക് ചിത്രം 2004 ലാണ് റിലീസ് ചെയ്തത്. ഇന്നും ഈ സിനിമയ്ക്ക് ആരാധകരുണ്ട്. ടോളിവുഡിലെ പോലെ മലയാളത്തിലും ആര്യ വൻ ഹിറ്റായിരുന്നു. മാെഴി മാറ്റിയെത്തിയ ഈ സിനിമയെ മലയാളി പ്രേക്ഷകർ വൻ വിജയമാക്കി. അല്ലു അർജുൻ മലയാളികളുടെ മനസിൽ ആദ്യം ഇടം നേടുന്നതും ആര്യയിലൂടെയാണ്. പിന്നീട് അല്ലുവിന്റെ സിനിമകൾ തുടരെ കേരളത്തിൽ തരംഗമായി. നായകനായ അല്ലുവിനൊപ്പം തുല്യ പ്രാധാന്യം സിനിമയിൽ നായികയായെത്തിയ അനു മെഹ്തയ്ക്കും ലഭിച്ചിട്ടുണ്ട്.
ഗീത എന്ന കഥാപാത്രത്തെ നടി അവിസ്മരണീയമാക്കി. അല്ലു അർജനും അനു മെഹ്തയും ഒരുമിച്ചുള്ള രംഗങ്ങളും ഗാനങ്ങളും വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. ഈ ഒരു സിനിമയ്ക്ക് ശേഷം അനു മെഹ്തയെ സിനിമാ പ്രേക്ഷകർ അധികം കണ്ടിട്ടില്ല. അനു മെഹ്തയെന്ന പേര് പോലും പലർക്കും പരിചിതമല്ല. വൻ ഹിറ്റായ ആര്യയിൽ നായികായായിട്ടും അനു മെഹ്തയുടെ കരിയറിൽ പിന്നീട് എന്ത് സംഭവിച്ചു എന്ന ചോദ്യം ആരാധകർക്കുണ്ട്. തെലുങ്കിലും കന്നഡയിലും ഒഡിയ ഭാഷയിലുമാണ് അനു മെഹ്ത അഭിനയിച്ചിട്ടുള്ളത്. നടിയുടെ ആദ്യ സിനിമയാണ് ആര്യ. എന്നാൽ ഒരു ഭാഷയിലും നടി സജീവമായിരുന്നില്ല. നാല് വർഷം മാത്രനേ അനു മെഹ്ത സിനിമാ രംഗത്ത് തുടർന്നുള്ളൂ.
2004 മുതൽ 2008 വരെയുടെ സിനിമാ ജീവിതത്തിൽ ആകെ ചെയ്തത് ആറ് സിനിമകൾ മാത്രം. ഇതിനിടെ അഭിമുഖങ്ങളിലോ പൊതുവേദികളിലോ നടിയെ അധികം കണ്ടിട്ടുമില്ല. ആര്യ ഹിറ്റായപ്പോൾ അനു മെഹ്ത സിനിമാ രംഗത്ത് തരംഗമായി മാറുമെന്ന് പലരും കരുതി. പക്ഷെ അതുണ്ടായില്ല. 2008 ൽ പുറത്തിറങ്ങിയ ഹൊങ്കനസു എന്ന കന്നഡ ചിത്രമാണ് ആണ് അവസാന സിനിമ. ഇതിന് ശേഷം ലൈം ലൈറ്റിൽ നിന്നും അനു പൂർണമായും മാറി നിന്നു. നടിയുടെ വ്യക്തിപരമായ വിവരങ്ങളൊന്നും ഇന്ന് ലഭ്യമല്ല. സോഷ്യൽ മീഡിയ അക്കൗണ്ടുമില്ല.