KSRTC ഡ്രൈവര്‍ യദുവിനെതിരേ നടി റോഷ്ന ആന്‍ റോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പശ്ചാത്തലത്തില്‍, അന്നത്തെ സംഭവത്തിലെ ഏക ദൃക്‌സാക്ഷിയുടെ മൊഴി പുറത്ത്. തിരുവനന്തപുരം-വഴിക്കടവ് ബസിലെ കണ്ടക്ടര്‍ ആയിരുന്ന വള്ളിയപ്പ ഗണേഷിന്റെ മൊഴിയാണ് ഈ വിഷയത്തില്‍ നിര്‍ണ്ണായകം. വഴിക്കടവില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ കുന്നംകുളത്തിനും തൃശ്ശൂര്‍ ബസ്റ്റാന്റിനും ഇടയിലുള്ള റോഡില്‍ വെച്ച് ഇങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്ന് കണ്ടക്ടറുടെ മൊഴി.
ഈ വിഷയം തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലെ ഒക്കറന്‍സിയില്‍ രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതിന് തൃശൂര്‍ KSRTC ഡിപ്പോയിലെ ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് KSRTC സ്റ്റാന്റിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ പരാതിയായി എഴുതി നല്‍കിയെന്നും വള്ളിയപ്പ ഗണേഷ് പറയുന്നു.
പക്ഷെ, ഈ പോലീസ് എയ്ഡ് പോസ്റ്റില്‍ പരാതി എഴുതി നല്‍കിയതിന്റെ ഒരു രേഖയും ഇല്ലെന്നാണ് KSRTC വിജിലന്‍സ് പറയുന്നത്. ഡ്രൈവര്‍ യദുവിനെതിരേ തിരുവനന്തപുരം മേയറും, ഭര്‍ത്താവ് സച്ചിന്‍ ദേവ് എം.എല്‍.എയും നിയമനടപടിയുമായി മുന്നോട്ടു പോയപ്പോഴാണ് പഴയ സംഭവം ഓര്‍മ്മിച്ച് നടി റോഷ്ന ആന്‍ റോയിയുടെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
ഫേസ്ബുക്ക് പോസ്റ്റ് വന്നപ്പോള്‍ തന്നെ യദു മാധ്യമങ്ങളോടു പറഞ്ഞത്, അങ്ങനെയൊരു വിഷയം ഉണ്ടായതായി ഓര്‍ക്കുന്നില്ല എന്നാണ്. എന്നാല്‍, പിന്നീട് തിരുവനന്തപുരം-വഴിക്കടവ് സര്‍വീസിന്റെ അന്നത്തെ ഡ്യൂട്ടി ഷീറ്റ് പുറത്തു വന്നതോടെ റോഷ്‌ന പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. ഇതിനു പിന്നാലെയാണ്, അന്ന് അതേ ബസില്‍ കണ്ടക്ടറായിരുന്ന വള്ളിയപ്പ ഗണേശിനെ മൊഴിയെടുക്കാന്‍ KSRTC വിജിലന്‍സ് തയ്യാറായത്. വള്ളിയപ്പ ഗണേശിന്റെ മൊഴി ഇങ്ങനെ:
‘ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് തിരുവനന്തപുരത്തു നിന്നും വഴിക്കടവ് സൂപ്പര്‍ ഫാസ്റ്റ് RPE 492 എന്ന നമ്പര്‍ ബസ് സര്‍വീസ് പോകുന്നത്. അത് വഴിക്കടവില്‍ നിന്നും തിരികെ വരുമ്പോഴായിരുന്നു സംഭവം ഉണ്ടാകുന്നത്. കുന്നംകുളത്തിനും തൃശൂര്‍ബസ്റ്റാന്റിനും ഇടയിലുള്ള സ്ഥലത്തു വെച്ചാണ് സംഭവം നടക്കുന്നത്. അപ്പോള്‍ സമയം ഏകദേശം 2.30ക്കും 3.30ക്കും ഇടയിലായിരിക്കും. ഈ സ്ഥലത്ത് അമല ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ മാത്രമേ ബസിന് സ്റ്റോപ്പുള്ളൂ. ഈ റോഡ് കുത്തിക്കുഴിച്ചിരുന്നതിനാല്‍ വാഹനങ്ങള്‍ വളരെ പതിയെയാണ് പോയിരുന്നത്. മാത്രമല്ല, ഒരു വശത്തു കൂടി മാത്രമേ വാഹനങ്ങള്‍ വിട്ടിരുന്നുള്ളൂ.
ബസിനു പിന്നില്‍ വന്നിരുന്ന ഒരു കാറ് നിരന്തരം ഹോണടിച്ചു കൊണ്ടേയിരുന്നു. ബസ് സൈഡ് കൊടുത്തില്ലെന്നു മാത്രമല്ല റോഡ് നിറഞ്ഞ് ഓടുകയും ചെയ്തു. സൈഡ് തരാതെ പോകുന്ന ബസിനെ ഓവര്‍ ടേക്കു ചെയ്യാന്‍ കാറില്‍ വരുന്നവര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഒടുവില്‍ കാറ് ഓവര്‍ ടേക്ക് ചെയ്ത് ബസിനു മുമ്പിലെത്തി. തുടര്‍ന്ന് ബസ് ഡ്രൈവര്‍ നിരന്തരം ഹോണടിക്കാന്‍ തുടങ്ങി. ഇങ്ങനെ കുറേ ദൂരം കഴിഞ്ഞതോടെ കാറിലുള്ളവരും ഡ്രൈവറും തമ്മില്‍ വാക്കേറ്റവും നടന്നു.
അമല ഹോസ്പിറ്റല്‍ സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ കാറ് മുന്നില്‍ കയറിപ്പോവുകയും ചെയ്തു. തുടര്‍ന്ന് കാറുകാര്‍ റോഡില്‍ ചെക്കിംഗ് നടത്തിയിരുന്ന മോട്ടോര്‍ വെഹിക്കള്‍ ഉദ്യോഗസ്ഥരോട് കാര്യം ധരിപ്പിച്ചു(പോലീസുകാര്‍ എന്നാണ് എനിക്കു തോന്നുന്നത്. കാരണം, അതില്‍ വനിതാ ഉദ്യോഗസ്ഥയും ഉണ്ടായിരുന്നു). തുടര്‍ന്ന് ബസ് നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും ബസിലെ യാത്രക്കാരും പൂര്‍ണ്ണമായും പുറത്തിറങ്ങി.
എം.വി.ഡി ഉദ്യോഗസ്ഥര്‍ ചേച്ചിയുടെ(റോഷ്‌ന ആന്‍ റോയി) ഭാഗം പറഞ്ഞാണ് സംസാരിച്ചത്. ഡ്രൈവറും തന്റെ ഭാഗം പറഞ്ഞു. എന്നാല്‍, ഇരുവരുടെയും ഭാഷ വളറെ മോശമായിരുന്നു. പരസ്പര ബഹുമാനം നല്‍കാതെയാണ് ഇരുവരും സംസാരിച്ചത്. എം.വി.ഡി. ഉദ്യോഗസ്ഥനെ ‘സാര്‍’ എന്ന് അഭിസംബോധന ചെയ്താണ് റോഷന്‍ ആന്‍ റോയി സംസാരിച്ചത്. ഡ്രൈവറെ ‘ഇയാള്‍’ എന്നുമായിരുന്നു പറഞ്ഞത്.
ഇത് എം.വി.ഡി. ഉദ്യോഗസ്ഥനോടു തന്നെ പറയുകയും ചെയ്തു. അതിനു ശേഷം ഉദ്യോഗസ്ഥന്‍ നിഷ്പക്ഷമായി സംസാരിക്കാന്‍ തുടങ്ങി. ഇതിനിടയില്‍ യാത്രക്കാരെല്ലാം റോഡില്‍ ഇറങ്ങി നില്‍ക്കേണ്ട അവസ്ഥ മറികടക്കാന്‍, യാത്രക്കാരും, കണ്ടക്ടറും, എം.വിഡി ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രശ്‌നം തണുപ്പിച്ച് ഇരുവരെയും പറഞ്ഞയക്കുകയായിരുന്നു.
കൂടാതെ, കണ്ടക്ടര്‍ എന്ന നിലയില്‍ ഡ്രൈവറോട് സമാധാനിക്കാന്‍ പറയുകയും ചെയ്തു. ‘ നമ്മള്‍ പാസഞ്ചര്‍ സര്‍വ്വീസാണ്, മത്സര ഓട്ടം നടത്തേണ്ട ആവശ്യമില്ല. സമാധാനമായി ഓടിച്ചാല്‍ മതി’ ഇങ്ങനെയാണ് പറഞ്ഞത്. ഇത് ഡ്രൈവര്‍ കേള്‍ക്കുകയും ചെയ്തു. കുന്നംകുളത്തു നിന്നും യാത്ര തുടരുകയും ചെയ്തു. തൃശ്ശൂരില്‍ വെച്ച് ഇങ്ങനെയൊരു സംഭവം വഴിയില്‍ നടന്നുവെന്ന് ബസ്റ്റാന്റിലെ ഉദ്യോഗസ്ഥനെ ധരിപ്പിച്ചു. എന്നാല്‍, ഒക്കറന്‍സ് എഴുതാന്‍ അനുവദിച്ചില്ല.
പോലീസ് എയിഡ് പോസറ്റില്‍ പരാതി എഴുതിയാല്‍ മതിയെന്നായിരുന്നു ലഭിച്ച മറുപടി. അങ്ങനെ തൃശ്ശൂര്‍ സ്റ്റാന്റിലെ പോലീസ് എയിഡ് പോസ്റ്റില്‍ പരാതി എഴുതി നല്‍കിയിട്ടാണ് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.’ ഇതാണ് വള്ളിയപ്പ ഗണേശ് KSRTC വിജിലന്‍സിനു നല്‍കിയിരിക്കുന്ന മൊഴി. ഈ വിഷയത്തില്‍ പോലീസോ, മറ്റു ഏജന്‍സികളോ ഒന്നും ഇതുവരെ കേസെടുത്തിട്ടില്ല. എന്നാല്‍, മേയറുമായുള്ള യദുവിന്റെ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിഷത്തില്‍ സത്യം കണ്ടെത്തേണ്ടത് KSRTCയുടെ ബാധ്യതയായി മാറിയിരിക്കുകയാണ്.
അതുകൊണ്ടാണ് നടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തില്‍ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷി അന്നത്തെ കണ്ടക്ടര്‍ വള്ളിയപ്പ ഗണേശിന്റെ മൊഴിയെടുത്തത്. മറ്റാര്‍ക്കും ഈ വിഷയത്തില്‍ മൊഴിനല്‍കാനാവില്ല. കാരണം, തിരുവനന്തപുരത്തു നിന്നും വഴിക്കടവിലേക്കു മാത്രമേ ഈ ബസിന് റിസര്‍വേഷനുള്ളൂ. വഴിക്കടവില്‍ നിന്നും തിരുവനന്തപുരത്തേക്ക് റിസര്‍വേഷനില്ല.
അതുകൊണ്ടു തന്നെ റിസര്‍വേഷന്‍ ചാര്‍ട്ടുമില്ല. അന്ന്, ഇതോടെ ഈ ബസില്‍ യാത്ര ചെയ്ത യാത്രക്കാരെ കണ്ടെത്താനോ, അവരുടെ മൊഴിയെടുക്കാനോ കഴിയില്ല. വള്ളിയപ്പ ഗണേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഈ വിഷയത്തില്‍ നടപടി എടുക്കാനാകൂ. ഈ മാസം 4നാണ് വള്ളിയപ്പ ഗണേശിനെ വിജിലന്‍സ് മൊഴിയെടുക്കാന്‍ വിളിപ്പിച്ചത്.
ഉച്ചയ്ക്ക് 12 മണിക്കു പോയ വള്ളിയപ്പയെ വൈകിട്ട് 3 മണിയോടെ മൊഴിയെടുത്ത് വിട്ടയച്ചു. ഈ മാസം മൂന്നിനാണ് നടി റോഷ്‌ന യദുവിനെതിരേ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷ്ന പങ്കുവച്ചത്. മേയര്‍ ആര്യയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരസ്യപ്പെടുത്തുന്നതെന്നും നടി പറയുന്നു. യദു ഓടിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ചിത്രങ്ങള്‍ അടക്കമാണ് നടിയുടെ പോസ്റ്റ്.
സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുമ്പോഴാണ് സംഭവം. കുന്നംകുളം റൂട്ടില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ഒരു വണ്ടിക്ക് മാത്രമേ പോകാനുള്ള സ്ഥലമുണ്ടായിരുന്നുള്ളൂ. തങ്ങളുടെ പിന്നിലെ കെ.എസ്.ആര്‍.ടി.സി ബസ് തുടര്‍ച്ചയായി ഹോണ്‍ അടിക്കുകയും ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കാറിനെ മറികടക്കുകയും ചെയ്തു. തുടര്‍ന്ന് പിന്നിലായ തങ്ങളും ഹോണ്‍ അടിച്ചു.
വളരെ പെട്ടന്ന് അയാള്‍ നടുറോഡില്‍ ബസ് നിര്‍ത്തുകയും സ്ത്രീ ആണെന്ന പരിഗണന ഇല്ലാതെ മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് വഴിയില്‍ എംവിഡിയെ കണ്ടു കാര്യങ്ങള്‍ സംസാരിക്കവേ അവിടേയും ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നാടകം കളിക്കുകയും റോക്കിഭായി ചമയുകയും ചെയ്യുകയായിരുന്നു എന്നാണ് നടിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.