മൂന്നാറിലെ ആരും ശ്രദ്ധിക്കാത്ത സ്ഥലവും, പഴമക്കാരുടെ വിശ്വാസവും: അടുത്ത തവണ പോകുമ്പോൾ ഉറപ്പായും കാണണം

ഒരു സഞ്ചാരിക്ക് മുന്നില്‍ മൂന്നാര്‍ തുറന്നുവെക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്. ദിവസങ്ങളോളം സഞ്ചരിച്ചാലും കണ്ടുതീരാത്ത നിരവധി കാഴ്ചകളാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായുള്ളത്. അത്തരത്തില്‍ മൂന്നാറിലെ കിടിലന്‍ കാഴ്ചാനുഭവങ്ങളിലൊന്നാണ് മലയില്‍ കള്ളന്‍ ഗുഹ. മൂന്നാറില്‍ നിന്നും തേക്കടി പോകുന്ന റോഡില്‍ ദേവികുളം കഴിഞ്ഞ്, ഗ്യാപ്പ് റോഡില്‍ ഇടത് വശത്തായുള്ള പാറക്കെട്ടിലെ ഒരു ചെറിയ ഗുഹയാണ് മലയില്‍ കള്ളന്‍ ഗുഹ.

ഗുഹക്ക് ഈ പേര് വന്നതിന് പിറകില്‍ രസകരമായ ഒരു കഥയുണ്ട്. പണ്ട് കാലത്ത് ഈ ഗുഹയില്‍ ഒരു കള്ളനുണ്ടായിരുന്നു. ഇത് വഴി യാത്ര ചെയ്യുന്ന സമ്പന്നരെ കൊള്ളയടിച്ച് സമീപ ഗ്രാമങ്ങളിലെ പാവപ്പെട്ടവരെ സഹായിക്കുന്ന നല്ലവനായ കള്ളന്‍. തങ്കയ്യന്‍ എന്ന് പേരുള്ള ഈ കള്ളനെ ജനങ്ങള്‍ മലയില്‍ കള്ളന്‍ എന്ന് വിളിച്ചു. അയാളുടെ ഗുഹ മലയില്‍ കള്ളന്‍ ഗുഹ എന്നും അറിയപ്പെട്ടു. തമിഴ്‌നാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ തങ്കയ്യന്‍ കൊല്ലപ്പെട്ടതായാണ് പഴമക്കാര്‍ പറയുന്നത്.

1960കളിൽ മൂന്നാറിലെ തോട്ടം മാനേജർമാരായ സായ്‌പന്മാർക്കും തമിഴ്നാടുമായി കച്ചവട ബന്ധം ഉണ്ടായിരുന്ന വ്യാപാരികൾക്കും ഒരുപോലെ പേടിസ്വപ്നം ആയിരുന്നു പിടിച്ചുപറിക്കാരനായിരുന്ന തങ്കയ്യൻ.

ടോപ് സ്റ്റേഷനിൽ നിന്ന് കൊരങ്കിണിയിലേക്കുള്ള പാതയായിരുന്നു തങ്കയ്യന്റെ താവളം. മാനേജർമാരുടെ ബംഗ്ലാവുകളിൽ കയറി മോഷണം നടത്തുകയായിരുന്നു തങ്കയ്യന്റെ ഹോബി. കിട്ടുന്നതിൽ ഒരു വിഹിതം പാവങ്ങൾക്കു നൽകിയിരുന്നു. ഒരുതവണ പൊലീസിന്റെ പിടിയിൽ ആയെങ്കിലും കബളിപ്പിച്ചു രക്ഷപ്പെട്ടു. അന്ന് ഈ ഗുഹ വഴിയാണ് രക്ഷപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. അങ്ങനെയാണ് ഈ ഗുഹയ്ക്ക് ഇയാളുടെ പേര് വന്നത്. 60കളുടെ അവസാനം തമിഴ്നാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ തങ്കയ്യൻ കൊല്ലപ്പെട്ടതായാണ് പഴമക്കാർ പറയുന്നത്.

 

എട്ട് പതിറ്റാണ്ട് കഴിഞ്ഞെങ്കിലും തങ്കയ്യന്റെ പേരിലുള്ള ഗുഹ ഇന്നും നിലനിൽക്കുന്നു. ഇരുട്ട് നിറഞ്ഞ് അകത്തേക്ക് കൂടുതൽ ദൂരം നടക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. അൽപം അകത്തേക്ക് നടന്നാൽ ശ്വാസംമുട്ടും അനുഭവപ്പെടും.

റോഡില്‍ നിന്ന് ഒരു മീറ്ററോളം ഉയരത്തിലാണ് ഗുഹയുടെ പ്രവേശന കവാടം. ഗുഹയിലേക്ക് കയറാന്‍ കോണ്‍ക്രീറ്റ് പടികള്‍ കെട്ടി ഉണ്ടാക്കിയിട്ടുണ്ട്. ഉള്‍വശം വിസ്താരം കുറവാണെങ്കിലും നല്ല ഉയരമുള്ളതാണ്. സന്ദര്‍ശകര്‍ക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കാനാവും. കഷ്ടിച്ച് ഒരാള്‍ക്ക് നില്‍ക്കാനുള്ള വലിപ്പം മാത്രമാണ് ഉള്ളിലുള്ളത്. ഗുഹക്ക് എതിര്‍ വശത്തായുള്ള വ്യൂപോയിന്റില്‍ നിന്നും നോക്കിയാല്‍ ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിന്റെയും മഞ്ഞണിഞ്ഞ ചൊക്രമുടിയുടെയും സുന്ദരമായ കാഴ്ചകളും കാണാം.

ദേവികുളം, സൂര്യനെല്ലി, പൂപ്പാറ, കൊളുക്കുമല എന്നിവിടങ്ങള്‍ക്ക് അടുത്തായാണ് മലയില്‍ കള്ളന്‍ ഗുഹ സ്ഥിതി ചെയ്യുന്നത്.