അക്ഷരാർഥത്തില്‍ കടലിനടിയിലെ ശവക്കല്ലറയാണ് മെക്സിക്കോയിലെ ഹോയോ നീഗ്രോ തുരങ്കം. ഇതില്‍ 12000 വര്‍ഷം പഴക്കുള്ള മനുഷ്യരുടേതു മുതല്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ഗോംഫോതറസിന്റെ വരെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഐസ് ഏജ് സിനിമയിലൂടെ പ്രശസ്തമായ സാബര്‍ടൂത്ത് പുലികള്‍, സ്ലോത്തുകളുടെ മുന്‍ഗാമികള്‍, കൂറ്റന്‍ കാട്ടുപട്ടികള്‍, പ്യൂമകള്‍ തുടങ്ങിയവയുടേയും അസ്ഥികൂടങ്ങള്‍ ഈ തുരങ്കത്തില്‍ നിന്നു കണ്ടെത്തുകയുണ്ടായി. കരുതലോടെ സൂക്ഷിച്ചിരിക്കുന്ന ഫോസില്‍ ശേഖരമെന്നാണ് ഈ തുരങ്കത്തിലെ മൃഗങ്ങളുടെ ശേഷിപ്പുകളെ ഗവേഷകര്‍ വിശേഷിപ്പിച്ചത്.
മെക്സിക്കോയിലെ യുകാറ്റാന്‍ ഉപദ്വീപിലെ സാക് അക്റ്റണ്‍ ഗുഹാസമൂഹത്തിന്റെ ഭാഗമായുള്ള ഹോയോ നീഗ്രോ എന്നു പേരു നല്‍കിയിരിക്കുന്ന തുരങ്കത്തില്‍ നിന്നാണ് ഈ ഫോസിലുകള്‍ കണ്ടെത്തിയത്. ഹിമയുഗത്തിന്റെ അവസാനത്തില്‍ കടല്‍ നിരപ്പിലുണ്ടായ വലിയ വർധനവാണ് ഈ മേഖലയെ വെള്ളത്തിനടിയിലാക്കിയത്. അതുവരെ ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി പല തരത്തിലുള്ള പുരാതന ജീവികളുടെയും വിഹാര കേന്ദ്രമായിരുന്നു ഈ മേഖല. ഇത്രയധികം പുരാതന ജീവികളുടെ ഫോസിലുകള്‍ ഒരുമിച്ചു ലഭിച്ചതോടെയാണ് ഗുഹയ്ക്ക് ഹോയോ നീഗ്രോ എന്ന പേരു നല്‍കിയത്. ഹോയോ നീഗ്രോ എന്നാല്‍ സ്പാനിഷില്‍ ബ്ലാക്ക് ഹോള്‍ എന്നാണ് അർഥം.
പൗരാണിക ജീവികളെക്കുറിച്ചുള്ള നിര്‍ണായക കണ്ടെത്തലുകള്‍ക്കു വഴിവച്ചേക്കാവുന്നതാണ് ഈ ഫോസില്‍ ശേഖരം. അതിനാലാണ് ഈ ഫോസില്‍ ശേഖരം കണ്ടെത്തിയ ഗുഹയ്ക്ക് ബ്ലാക്ക് ഹോള്‍ എന്നര്‍ത്ഥം വരുന്ന പേരു നല്കിയതും. ഗുഹാസമൂഹത്തിന്റെ ഭാഗമാണെങ്കിലും തുരങ്കം എന്നു വിളിപ്പേരുണ്ടെങ്കിലും യഥാർഥത്തില്‍ ഒരു കിടങ്ങു പോലെയാണ് ഹോയോ നീഗ്രോ സ്ഥിതി ചെയ്യുന്നത്. 60 മീറ്റര്‍ താഴ്ചയാണ് ഈ കിടങ്ങിനുള്ളത്. അതുകൊണ്ട് തന്നെ ഒരു കാലത്ത് വെള്ളമില്ലാതെ വരണ്ടു കിടന്നിരുന്ന ഈ കിടങ്ങിലേക്ക് അബദ്ധത്തില്‍ ജീവികള്‍ വീഴാനുള്ള സാധ്യത ഏറെയായിരുന്നു. ഇങ്ങനെ വീണു ചത്തു പോയ ജീവികളുടേതാണ് ഈ കിടങ്ങിനുള്ളില്‍ കണ്ടെത്തിയ ഫോസിലുകളെന്നാണു ഗവേഷകര്‍ കരുതുന്നത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈ മരണക്കിടങ്ങ ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്.
അന്ന് മുതല്‍ പല തവണകളായുള്ള പര്യവേക്ഷണങ്ങളിലായി വിവിധ ഇനത്തില്‍ പെട്ട നൂറിലധികം ജീവികളുടെ ഫോസിലുകള്‍ കടലിനടിയിലെ ഈ കിടങ്ങില്‍ നിന്നു ലഭിച്ചിട്ടുണ്ട്. പക്ഷേ ഗവേഷകരെ ഏറ്റവുമധികം ആവേശഭരിതരാക്കിയത് അടുത്തിടെ കണ്ടെത്തിയ ചെന്നായ്ക്കരടികളുടെ ഫോസിലുകളാണ്. ധ്രുവപ്രദേശങ്ങളില്‍ നിന്നും സമശീതോഷ്ണ മേഖലകളില്‍ നിന്നും വ്യത്യസ്തമായി കേടുപാടുകള്‍ സംഭവിക്കാത്ത ഫോസിലുകള്‍ ഭൂമധ്യരേഖാ പ്രദേശത്തു നിന്നു കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ട് തന്നെ മെക്സിക്കോയിലെ ഈ ഫോസില്‍ ശേഖരം ഗവേഷകര്‍ക്ക് നിരവധി വിവരങ്ങള്‍ നല്‍കുന്നതാണ്.