നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച നടിയാണ് മീന ഗണേശ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവൻ, കരുമാടിക്കുട്ടൻ തുടങ്ങിയ സിനിമകളിൽ മീന ഗണേശ് ചെയ്ത വേഷം ഇന്നും പ്രേക്ഷകർ ഓർക്കുന്നു. കുറച്ച് വർഷങ്ങളായി അഭിനയ രംഗത്ത് മീന സജീവമല്ല. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മീന ഗണേശ്. ആരോഗ്യപരമായ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടാണ് സിനിമകൾ ചെയ്യാത്തതെന്ന് നടി പറയുന്നു. അമ്മ സംഘടനയിൽ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ട്. മരുന്ന് കഴിക്കലൊക്കെ അങ്ങനെ കഴിഞ്ഞ് പോകുന്നു. മകൾ പാലക്കാടുണ്ട്.
മകൻ സീരിയലിന്റെ ഡയറക്ടറാണ്. അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്നു. ഈ വീട്ടിൽ എനിക്ക് സഹായത്തിന് ഒരു സ്ത്രീ വരും. മകൾ എന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്. പക്ഷെ വീട് വിട്ട് പോകാൻ മനസിനൊരു ബുദ്ധിമുട്ട്. എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷമായി. മൂപ്പര് പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. എവിടെ പോകുവാണെങ്കിലും എന്റെ കൂടെ ഉണ്ടാകുമായിരുന്നു. അദ്ദേഹം പോയതോടെ എന്റെ ബലം പോയി. ജീവിച്ച് മതിയായി. രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതും വലുതായതും. 39 വർഷം ഞാനും ഭർത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളർത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷെ ഈ വീട് വിട്ട് പോകാൻ മനസനുവദിക്കുന്നില്ലെന്നും മീന ഗണേശ് പറഞ്ഞു.
നാടകം ചെയ്യുന്ന സമയത്താണ് ഭർത്താവുമായി പ്രണയത്തിലായത്. ആറ് വർഷം പ്രണയിച്ചാണ് വിവാഹം ചെയ്തത്. അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. നാടകത്തിന് പോകുന്ന സമയമാണ്. നാട്ടിലെ പൂവാലൻമാർ കളിയാക്കും. ഞങ്ങൾ നാട്ടിലാണെന്ന് പറയും. നാട്ടിലാണെങ്കിൽ നീ വാടാ, വന്നെന്റെ കുടുംബം നോക്കെന്ന് പറയും. നല്ല തന്റേടമായിരുന്നു എനിക്ക്. ഒരിക്കൽ കളിയാക്കുന്നവൻ പിന്നെ മുഖത്ത് നോക്കില്ല. അങ്ങനത്തെ തന്റേടമായിരുന്നു. പ്രണയത്തിന് എതിർപ്പ് വന്നെങ്കിലും ഞങ്ങൾ ഉറച്ച് നിന്നെന്നും മീന ഗണേശ് ഓർത്തു. കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ തന്നെ സഹായിച്ചേനെയെന്നും മീന ഗണേശ് പറയുന്നു. അഭിനയിക്കാൻ പോകുമ്പോൾ എന്റെ കൂടെ ഭർത്താവുണ്ടാകും. ഞങ്ങൾ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. വയ്യായിരുന്നെന്നും മീന ഗണേശ് വ്യക്തമാക്കി.