നാല്‍ക്കവലകളില്‍ ആള്‍ക്കൂട്ടങ്ങളെ പ്രഘോഷണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ബൈബിളും ക്രിസ്തുവിന്റെ കഥകളും വിളിച്ചു പറയുന്ന സുവിശേഷ പ്രസംഗകരെ കേരളം കാണാന്‍ തുടങ്ങിയിട്ട് കാലംകുറേയായി. എന്നാല്‍, മലയാളികള്‍ കണ്ടുശീലിച്ച സുവിശേഷ പ്രസംഗരീതിയെ അടിമുടി മാറ്റിമറിച്ച ഒരു വ്യക്തിയുണ്ടായിരുന്നു. ബിലീവേഴ്‌സ് ചര്‍ച്ച് എന്ന ദൈവിക പ്രസ്ഥാനത്തിന്റെ അമരക്കാരനായ അന്തരിച്ച കെ.പി. യോഹന്നാന്‍. ദൈവ വേലയ്ക്കും ഒരു മാറ്റം വേണമെന്നാഗ്രഹിച്ചവരില്‍ പ്രമുഖന്‍. ദൈവവചനം ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ കേള്‍ക്കാന്‍ റേഡിയോയാണ് അദ്ദേഹം ഉപയോഗിച്ചത്. അതാണ് ആത്മീയയാത്ര. ഒന്നിരുട്ടി വെളുക്കുത്തപ്പോള്‍ ഈ റേഡിയോ പ്രചാരം നേടിക്കഴിഞ്ഞിരുന്നു.
കാലംമാറിയതിനൊപ്പം കേള്‍വിയില്‍ നിന്നും സുവിശേഷ പ്രവര്‍ത്തനം കാഴ്ചയിലേക്കും കേള്‍വിയിലേക്കും ചുവടുമാറ്റി. ആത്മീയയാത്ര ചാനല്‍സംഘം ഈ രംഗത്തെ മുന്‍നിരക്കാരായി മാറുകയും ചെയ്തു. പ്രത്യേക മേഖലകള്‍ മാത്രം അവതരിപ്പിക്കുന്ന ടി.വി.ചാനലുകളില്‍ ഇത് അദ്ഭുതമായിരുന്നു. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പ്രസ്ഥാനത്തെ വലിയ സാമ്പത്തിക ബലമുള്ള കൂട്ടായ്മയായി വളര്‍ത്താന്‍ ഇടയാക്കിയതില്‍ ആതമീയയാത്ര ചാനലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1983ല്‍ തിരുവല്ല മഞ്ഞാടി ആസ്ഥാനമായി ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഗോസ്പല്‍ ഫോര്‍ ഏഷ്യയെ പ്രശസ്തമായ പ്രസ്ഥാനമാക്കിയതും റേഡിയോയും ചാനലും തന്നെയാണ്. അമേരിക്കയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്താണ് ഇതിനെല്ലാം യോഹന്നാനെ തുണച്ചത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ലോകമെങ്ങും ശ്രദ്ധയാകര്‍ഷിച്ചതും ചാനലിലൂടെയാണ്.
അദ്ദേഹത്തിന്റെ പ്രശസ്തിക്കൊപ്പം സ്ഥാപനത്തിന്റെ സാമ്പത്തിക ആസ്ഥിയും വര്‍ധിച്ചു. ഇതോടെ മിഷണറി പ്രസ്ഥാനത്തില്‍ നിന്ന് സഭയുടെ ചട്ടക്കൂടിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അതി വേഗത്തിലായിരുന്നു. മറ്റ് സഭകള്‍ക്ക് താത്പര്യമില്ലെങ്കിലും യാതൊരു കലഹത്തിനും ഇടംകൊടുക്കാതെ അദ്ദേഹം സ്വന്തം മിഷണറി സംഘത്തെ സഭയായി പരിവര്‍ത്തനം ചെയ്തു. ബിഷപ്പാക്കി അദ്ദേഹത്തെ വാഴിച്ചതു വഴി സി.എസ്.ഐ സഭയുടെ ഒരു മേല്‍പ്പട്ടക്കാരനും ഏറെ വിമര്‍ശനം നേരിടേണ്ടിവന്നു. ഒരു ആക്ഷേപത്തിനും മറുവാക്ക് പറയാനോ വിമര്‍ശനം തിരികെ ഉന്നയിക്കാനോ അദ്ദേഹം ശ്രമിച്ചില്ല. പകരം, എല്ലാവരുമായും നല്ല ബന്ധത്തിന് ശ്രമിക്കുകയും ചെയ്തുവെന്നത് ചരിത്രം. 2000ന്റെ തുടക്കത്തില്‍ ബിലീവേഴ്സ് ചര്‍ച്ച് എന്ന പുതിയ സഭയുടെ വരവിനൊപ്പം വിവാദങ്ങളും കൂടെക്കൂടി.
കേരളത്തില്‍ സ്വന്തം വിശ്വാസി സമൂഹത്തിന് പള്ളികള്‍ പണിയുന്നതിന്റെ കൂടെ വിവിധ സ്ഥാപനങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. ഇതിനായി വിദേശസഹായവും ലഭിച്ചു. തിരുവല്ലയിലെ മെഡിക്കല്‍ കോളേജും ചെറുവള്ളി എസ്റ്റേറ്റുമൊക്കെ അദ്ദേഹത്തെ രാജ്യത്തെ വലിയൊരു സംരംഭകന്റെ നിലയിലേക്കും വളര്‍ത്തി. പാട്ടക്കാലാവധി കഴിഞ്ഞ് തര്‍ക്കത്തിലായിരുന്ന ചെറുവള്ളി എസ്റ്റേറ്റ് വാങ്ങിയ ബിലീവേഴ്സ് ചര്‍ച്ച് എങ്ങനെ എസ്റ്റേറ്റ് നന്നായി നടത്താം എന്ന് കാണിച്ചുകൊടുക്കുകയായിരുന്നു. പക്ഷേ നിയമത്തിന്റെ കുരുക്കുകള്‍ കിനാവള്ളിപോലെ അദ്ദേഹത്തിന് പിന്നാലെ വന്നു.
16-ാം വയസ്സിലാണ് യോഹന്നാന്‍ ആത്മീയരംഗത്തേയ്ക്ക് എത്തിപ്പെടുന്നത്. അദ്ദേഹം ഓപ്പറേഷന്‍ മൊബിലൈസേഷന്‍ തിയോളോജിക്കല്‍ എന്ന ആത്മീയ സംഘവുമായി പരിചയപ്പെടുകയും ഇന്ത്യ മുഴുവന്‍ സഞ്ചരിക്കുകയും ചെയ്തു. ജോര്‍ജ് വെര്‍വറിനെ ആത്മീയഗുരുവായി തിരഞ്ഞെടുത്തു. 1971ല്‍ ജോണ്‍ ഹഗ്ഗായി എന്ന ആത്മീയ പ്രഭാഷകന്റെ നിര്‍ദേശ പ്രകാരം യോഹന്നാന്‍ സുവിശേഷ പ്രവര്‍ത്തനം വിദേശത്തേക്ക് വ്യാപിപ്പിച്ചു. 1974ല്‍ അദ്ദേഹം അമേരിക്കയിലെത്തി. ക്രിസ്വെല്‍ കോളേജില്‍ ദൈവശാസ്ത്ര പരിശീലനം നേടി. ആത്മീയ പ്രസ്ഥാനങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ഗിസല്ലയെ വിവാഹം ചെയ്തത് ഈ കാലത്താണ്. ഡാളസിലെ ഒരു പള്ളിയില്‍ പുരോഹിതനായും പ്രവര്‍ത്തിച്ചു. സുവിശേഷ പ്രവര്‍ത്തനത്തിന് തിരികെ ഇന്ത്യയിലേക്ക് മടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു.
മിഷണറി പ്രവര്‍ത്തനം നടത്തിവന്നിരുന്ന ഒരു സംഘത്തെ ഏകോപിപ്പിച്ചാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തത്. 1978ലായിരുന്നു ഇത്. 1983ല്‍ ഇതിന്റെ ആസ്ഥാനമായി സ്വദേശമായ തിരുവല്ലയിലെ മഞ്ഞാടിയെ തിരഞ്ഞെടുത്തു. 1980കള്‍ മുതല്‍ ഇദ്ദേഹം റേഡിയോ വഴി നടത്തി വന്ന ആത്മീയപ്രഭാഷണത്തിന് ആരാധകര്‍ വര്‍ദ്ധിച്ചു. ഇതോടെ സ്വന്തമായി ആത്മീയയാത്ര എന്ന റേഡിയോ ആരംഭിച്ചു. ഇത് വലിയ വിജയമായി. 110 ഭാഷകളില്‍ 10 ലക്ഷത്തിലധികം ആളുകളില്‍ സുവിശേഷം എത്തിക്കാന്‍ അദ്ദേഹത്തിന്റെ റേഡിയോയ്ക്ക് കഴിഞ്ഞു. ആത്മീയ കൂട്ടായ്മയ്ക്ക് സഭയുടെ രൂപം നല്‍കാന്‍ ഇതിനിടെ അദ്ദേഹം ശ്രമിച്ചു. 1990കള്‍ മുതല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ സഭാരൂപത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു.
സുവിശേഷവേലയെ വലിയൊരു ആള്‍ക്കൂട്ടത്തിലേക്ക് എത്തിക്കാന്‍ അതാത് കാലത്തിന്റെ മാധ്യമങ്ങളെ ഉപയോഗിച്ചതുവഴിയാണ് അദ്ദേഹം 90-കളില്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ശ്രോതാക്കളായ വിശ്വാസികളുമായി പെട്ടന്ന് വൈകാരികബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിത്യജീവിതത്തിലെ സന്ദര്‍ഭങ്ങളുദ്ധരിച്ച് ഉപദേശങ്ങളായിരുന്നു കൂടുതല്‍. ടെലിവിഷന്‍ പ്രചാരത്തിലായതോടെ തട്ടകം അതിലേക്കു മാറ്റി. അപ്പോഴേക്കും റേഡിയോവഴി അദ്ദേഹം സൃഷ്ടിച്ച ആരാധക വൃന്ദം ഭീമമായിരുന്നു. പിന്നീടത് ബിലീവേഴ്സ് ചര്‍ച്ച് എന്ന സ്വന്തം സഭയായി. ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന സ്വന്തം കൂട്ടായ്മയാണ് ബിലീവേഴ്സ് സഭയായി രൂപാന്തരപ്പെട്ടത്. ഒരു പ്രൊട്ടസ്റ്റന്റ് ഇവാഞ്ചലിക്കല്‍ സഭയാണ് ബിലീവേഴ്സ് ചര്‍ച്ചെന്ന് അക്കാലത്ത് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
വിശുദ്ധരിലും ദൈവമാതാവ് എന്ന സങ്കല്‍പ്പത്തിലും വിശ്വാസമില്ലാത്ത സഭ. എന്നാല്‍, വിശ്വാസത്തിന്റെ അടയാളമായി കുരിശുണ്ട്. മാര്‍ത്തോമ്മസഭയുടെ ആചാര-വിശ്വാസ രീതികളോട് ഏറെ സമാനതകളുമായാണ് ബിലീവേഴ്സ് ചര്‍ച്ച് രൂപപ്പെട്ടത്. അദ്ദേഹത്തിന്റെ ജനനവും മാര്‍ത്തോമ്മ സഭയിലാണ്. ഐ ഇന്‍ വൈറ്റ് യു ടു കം, ഡൈ ആന്‍ഡ് ലിവ് (ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. വരുക, മരിക്കുക, ജീവിക്കുക) എന്ന എട്ടു വാക്കുകളാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് യോഹന്നാന്‍ എഴുതിയിട്ടുണ്ട്. ദൈവത്തിലേക്കുള്ള ക്ഷണമായിരുന്നു അത്. 17-ാം വയസ്സില്‍ ഒരു മിഷന്‍ കോണ്‍ഫറന്‍സില്‍ ജോര്‍ജ് വെര്‍വര്‍ എന്ന സുവിശേഷകന്റേതായിരുന്നു ആ വാക്കുകള്‍. നാനൂറോളം കുട്ടികളാണ് അതില്‍ പങ്കെടുത്തത്. ഓപ്പറേഷന്‍ മൊബിലൈസേഷന്‍ എന്ന ആത്മീയക്കൂട്ടായ്മയുടെ സ്ഥാപകനായിരുന്നു വെര്‍വര്‍.
തന്റെ ജീവിതത്തെ ഏറ്റവും സ്വാധീനിച്ചതും വെര്‍വറാണെന്ന് യോഹന്നാന്‍ എഴുതിയിട്ടുണ്ട്. ഉത്തരേന്ത്യയിലെ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ജോര്‍ജ് വെര്‍വര്‍ക്കൊപ്പം സഞ്ചരിച്ചു. പിന്നീടാണ് അമേരിക്കയിലേക്കു പോയത്. തിരുവല്ല കേന്ദ്രീകരിച്ചായി പില്‍ക്കാലത്തു പ്രവര്‍ത്തനം. താന്‍ സ്ഥാപിച്ച സഭയുടെ മെത്രാനായി അദ്ദേഹം മാറി. പൗരോഹിത്യത്തിലേക്കുള്ള ചുവടുമാറ്റത്തിലൂടെ പേരും മാറി. അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത എന്ന പേരു സ്വകരിച്ചു. 200ല്‍ അധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ചെന്നൈയിലെ ഹിന്ദുസ്ഥാന്‍ ബൈബിള്‍ കോളേജ് അദ്ദേഹത്തെ ഡോക്ടര്‍ ബിരുദം നല്‍കി ആദരിച്ചു. രാജ്യത്ത് സഭയ്ക്ക് സ്വന്തമായി പള്ളികളും സ്‌കൂളുകളുമുണ്ട്. നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് തിരഞ്ഞെടുത്ത ചെറുവള്ളി എസ്റ്റേറ്റ് സഭ ഹാരിസണ്‍ മലയാളം കമ്പനിയില്‍ നിന്ന് വാങ്ങിയതാണ്.
സഭയുടെ സമ്പത്തും ബിഷപ്പിന്റെ വിദേശബന്ധങ്ങളുമാണ് മറ്റൊരു വിവാദവിഷയമായത്. പലപ്പോഴും ആദായനികുതി വകുപ്പ് സഭയുടെ ആസ്ഥാനത്തേക്ക് എത്തി. അക്കൗണ്ടുകളില്‍ പലവട്ടം പരിശോധന നടന്നു. ചെറുവള്ളി എസ്റ്റേറ്റും മറ്റും ഇടയ്ക്ക് കണ്ടുകെട്ടി. നികുതി ഇടപാട് തെളിഞ്ഞതോടെ നടപടി അവസാനിച്ചു എന്നാണ് സഭ വിശദീകരിച്ചത്. വിദേശ ധനം സ്വീകരിക്കുന്നതിന്റെ പേരിലും സഭയ്‌ക്കെതിരേ ആദായ നികുതി വകുപ്പ് നീങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് മരവിപ്പിച്ച അക്കൗണ്ടുകളും പഴയനിലയിലായി എന്നാണ് സഭയുടെ വാദം. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ പരമാധ്യക്ഷനും ആത്മീയപ്രഭാഷകനുമായ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്ത (കെ.പി. യോഹന്നാന്‍) ബുധനാഴ്ചയാണ് കാലം ചെയ്തത്.
74 വയസ്സായിരുന്നു. അമേരിക്കയിലെ ടെക്സാസില്‍ പ്രഭാതസവാരിക്കിടെ വാഹനം ഇടിച്ച് ഗുരുതരമായി പരിക്കറ്റ അദ്ദേഹം അവിടെ ചികിത്സയിലിരിക്കെയാണ് കാലം ചെയ്തത്. വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്ന് സഭാ നേതൃത്വം അറിയിച്ചിട്ടുണ്ട്. സമ്പത്തും, ആരാധക വൃന്ദവും, ആര്‍ഭാഡങ്ങളും കൂടെയുണ്ടായിരുന്നിട്ടും, കഞ്ഞിയും ചമ്മന്ദിയും ഇഷ്ടഭക്ഷണമാക്കിയ കെ.പി. യോഹന്നാന്‍ ഒരു സാധാരണ വിശ്വാസിക്കപ്പുറം മറ്റെന്താണ്. 30 ബിഷപ്പുമാരുള്ള ഒരു സഭയുടെ പരമാധ്യക്ഷനായി പ്രവര്‍ത്തിക്കുമ്പോഴും ജീവിതരീതികളില്‍ യോഹന്നാന്‍ പുലര്‍ത്തിയിരുന്നത് ലാളിത്യമായിരുന്നു.