മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് ആന്ധ്രാക്കാരിയായ ഇന്ദ്രജ. ചുരുക്കം മലയാള സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂയെങ്കിലും ചെയ്ത കഥാപാത്രങ്ങളിൽ പലരും വൻ ജനശ്രദ്ധ നേടി. ക്രോണിക് ബാച്ചിലർ, ഇൻഡിപെൻഡൻസ് എന്നീ സിനിമകളിൽ ഇന്ദ്രജ ചെയ്ത വേഷം ഏറെ ശ്രദ്ധ നേടി. തെലുങ്ക് സിനിമകളിൽ ഒരു കാലത്ത് തിരക്കേറിയ നടിയായിരുന്നു ഇന്ദ്രജ. കരിയറിന്റെ ഒരു ഘട്ടത്തിലാണ് നടി മലയാളത്തിലേക്ക് ശ്രദ്ധ നൽകിയത്. ഇതേക്കുറിച്ച് ഇന്ദ്രജ മുമ്പൊരിക്കൽ തുറന്ന് സംസാരിച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്.
തെലുങ്കിൽ അറുപത് സിനിമകൾ ചെയ്തു. മലയാളത്തിൽ 60 സിനിമകൾ പൂർത്തിയാക്കി. ഏറ്റവും കൂടുതൽ നമ്പർ ചെയ്തത് തെലുങ്കിലാണ്. തെലുങ്കിൽ നിന്നും മലയാളത്തിൽ വന്നതിന്റെ പ്രധാന കാരണം ഗ്ലാമറസ് റോളുകൾ ചെയ്യേണ്ട, അത്രയും ഷോർട്ട് സ്കേർട്ടുകൾ ഇടേണ്ട എന്ന തീരുമാനമാണ്. ഏറ്റവും കൂടുതൽ സിനിമകൾ ചെയ്തത് തെലുങ്കിലാണെങ്കിലും മനസിനോടടുത്ത് നിന്ന ഇൻഡ്സ്ട്രി മോളിവുഡ് ആണെന്നും അന്ന് ഇന്ദ്രജ വ്യക്തമാക്കി. തെലുങ്കിൽ ചെയ്തതെല്ലാം കോളേജ് ഗേൾസ് റോളുകളും ഗ്ലാമറസ് റോളുകളുമാണ്. മലയാളത്തിലാണ് റിയലിസ്റ്റിക് അപ്രോച്ചുള്ളത്. ഒരു നടിയെന്ന നിലയിൽ ഞാൻ കൂടുതൽ കംഫർട്ടബിൾ മലയാളത്തിലാണ്. തെലുങ്കിൽ ഒരുപാട് സിനിമകൾ ചെയ്തെങ്കിലും അവ എനിക്ക് റിയൽ അല്ല. മലയാളത്തിൽ നമ്മളെയും ടെക്നീഷ്യനെയും കാണുന്ന രീതിയെല്ലാം തനിക്ക് കംഫർട്ടബിളാണെന്നും ഇന്ദ്രജ തുറന്ന് പറഞ്ഞു.
ഗ്ലാമറസ് റോളുകൾ ചെയ്യേണ്ട എന്ന തീരുമാനമെടുത്ത് തെലുങ്കിൽ ഒരു കൊല്ലം കാത്തിരുന്നു. പക്ഷെ ഓഫറുകൾ വന്നില്ല. തെലുങ്കിൽ നല്ല സിനിമകൾ ചെയ്തിട്ടുണ്ട്. ഇനി നല്ലൊരു സിനിമ വന്നാൽ ചെയ്യാമെന്ന് കരുതി കാത്തിരുന്നു. അപ്പോൾ പടങ്ങളില്ലാതെ ഞാൻ വീട്ടിൽ ഇരുന്നു. ആറേഴ് മാസം വീട്ടിലായിരുന്നു. തന്റെ കാഴ്ചപ്പാടുകൾ തെലുങ്ക് ഇൻഡസ്ട്രിയുമായി ചേർന്ന് പോകില്ലെന്ന് തോന്നി. ദൈവ കാരുണ്യത്താൽ തനിക്ക് മലയാളത്തിൽ നിന്ന് ഓഫർ വന്നെന്നും ഇന്ദ്രജ വ്യക്തമാക്കി. അമൃത ടിവിയുമായുള്ള അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്ന് സംസാരിച്ചത്. മമ്മൂട്ടി നായകനായ ഗോഡ്മാൻ എന്ന സിനിമയിലൂടെയാണ് ഇന്ദ്രജ ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത്.
പിന്നീട് നിരവധി മലയാള സിനിമകൾ ഇന്ദ്രജയെ തേടി വന്നു. സിനിമാ രംഗത്ത് പഴയത് പോലെ സജീവമല്ല ഇന്ദ്രജ. അതേസമയം ടെലിവിഷൻ ഷോകളിൽ ജഡ്ജായി ഇന്ദ്രജ സാന്നിധ്യം അറിയിക്കാറുണ്ട്. കരിയറിനൊപ്പം കുടുംബ ജീവിതവും ഇന്ദ്രജ ഇന്ന് മുന്നോട്ട് കൊണ്ട് പോകുന്നു. അബ്സർ എന്നാണ് ഇന്ദ്രജയുടെ ഭർത്താവിന്റെ പേര്. സാറ എന്ന മകളും ദമ്പതികൾക്കുണ്ട്. വിവാഹ ശേഷം കരിയറിൽ നിന്ന് ഇടവേളയെടുത്ത ഇന്ദ്രജ പിന്നീട് തിരിച്ച് വരവ് നടത്തി. സിനിമാരംഗത്ത് പഴയത് പോലെ സജീവമല്ലെങ്കിലും ഇന്നും വലിയ ആരാധക വൃന്ദം ഇന്ദ്രജയ്ക്കുണ്ട്.