ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജി എതിർത്ത് ഇഡി. കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജിയിൽ സുപ്രീംകോടതി നാളെ വിധി പറയാനിരിക്കെയാണ് പുതിയ നീക്കവുമായി ഇഡി രംഗത്തുവന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം നൽകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. തിരഞ്ഞെടുപ്പിന്റെ പേരിൽ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാഹചര്യമൊരുക്കുമെന്നും രാഷ്ട്രീയ നേതാക്കൾക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ വഴിയൊരുക്കുമെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ലെന്നുമാണ് ഇഡി വാദം. സ്ഥാനാർത്ഥിക്ക് പോലും കസ്റ്റഡിയിൽ ഇരിക്കെ ഇങ്ങനെ ഇളവ് നൽകാറില്ല. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശമോ ഭരണഘടനാ അവകാശമോ അല്ലെന്നും ഇഡി കോടതിയിൽ പറഞ്ഞു. അതേസമയം അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി മേയ് 20 വരെ നീട്ടിയിരിക്കുകയാണ്. ഡല്‍ഹി റോസ് അവന്യൂവിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.
അതേസമയം ഡല്‍ഹി മുഖ്യമന്ത്രിയുടെ ജാമ്യ ഹര്‍ജിയിൽ നാളെ ഉത്തരവുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സുപ്രിം കോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാകും കെജ്രിവാളിന്‍റെ ഇടക്കാല ജാമ്യം സംബന്ധിച്ച ഉത്തരവ് ഇറക്കുക. മദ്യനയ കേസിൽ ഇ ഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ദില്ലി മുഖ്യമന്ത്രി സുപ്രിം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഇ ഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത കെജ്‌രിവാൾ തനിക്ക് ജാമ്യം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.