‘എന്റെ വിവാഹം കഴിഞ്ഞാല്‍ ചിലരുടെ ജീവിതം നന്നാവും; ഡിവോഴ്സാകുമ്പോൾ ആ ഒരാളുമെന്ന് വരലക്ഷ്മി!

മലയാളത്തിലും നിരവധി ആരാധകരുള്ള നടിയാണ് വരലക്ഷ്മി ശരത്കുമാർ. അടുത്തിടെയാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം വരലക്ഷ്മി ആരാധകരെ അറിയിച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പിന്നാലെ നടി പങ്കിട്ടു. നിക്കോളായ് സച്ച്ദേവാണ് പ്രതിശ്രുത വരൻ. മുംബെെയിൽ വെച്ചായിരുന്നു വിവാഹനിശ്ചയം. മുപ്പത്തൊമ്പതുകാരിയായ താരം സിനിമയിൽ വന്നകാലം തൊട്ട് വിശാൽ അടക്കമുള്ള താരങ്ങളുമായി ചേർത്ത് ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള നടിയാണ്.

അതുകൊണ്ട് തന്നെ വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നുവെന്നത് ആരാധകർക്കും വലിയ സർപ്രൈസായിരുന്നു. ഇതിന് പിന്നാലെ നിരവധി പരിഹാസങ്ങളും നടിക്ക് നേരിടേണ്ടി വന്നു. താരത്തിന്റെ വരൻ നിക്കോളായിയെ ബോഡി ഷെയിം ചെയ്തായിരുന്നു ആദ്യം പരിഹാസം. പിന്നീട് നിക്കോളായിയുടേത് രണ്ടാം വിവാ​ഹമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വരലക്ഷ്മിക്ക് നേരെ വിമർശനം ഉയർന്നത്. ഇതിനെല്ലാം കൃത്യമായ മറുപടിയും താരം നൽകിയിരുന്നു. എൻ്റെ അച്ഛൻ പോലും രണ്ടുതവണ വിവാഹം കഴിച്ചു. അദ്ദേഹം സന്തോഷവാനായിരിക്കുന്നിടത്തോളം അതിൽ തെറ്റൊന്നുമില്ല. നിക്കിനെക്കുറിച്ച് ആളുകൾ എങ്ങനെ സംസാരിക്കുന്നുവെന്ന് ഞാൻ കണ്ടു.

അവൻ എൻ്റെ കണ്ണിൽ സുന്ദരനാണ്. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മോശമായ അഭിപ്രായം പറയുന്നവരെ ഞാൻ കാര്യമാക്കുന്നില്ല. ഞാൻ എന്തിന് അതിനൊക്കെ ഉത്തരം പറയണം? അങ്ങനെ ചെയ്യുന്നത് തുടക്കം മുതലേ ഞാൻ ഒഴിവാക്കിയിരുന്നു എന്നായിരുന്നു വരലക്ഷ്മി പറഞ്ഞത്. ഇപ്പോഴിതാ വരലക്ഷ്മി ലൊക്കേഷനിൽ നിന്നും പകർത്തിയ ഒരു റീലാണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹം ചെയ്താൽ ജീവിതം നന്നാവുമെന്ന് പറഞ്ഞാണ് വരലക്ഷ്മിയുടെ വീഡിയോ ആരംഭിക്കുന്നത്. കല്യാണം കഴിഞ്ഞാല്‍ ജീവിതം മനോഹരമായിരിക്കുമെന്ന് വരലക്ഷ്മി പറയുമ്പോള്‍ ആരുടെ എന്ന ചോദ്യം വരുന്നു. ഫോട്ടോഗ്രാഫേഴ്‌സ്, വീഡിയോഗ്രാഫേഴ്‌സ്, സാരി ഡ്രേപ്പിസ്റ്റ്‌സ്, മണ്ഡപത്തിന്റെ ആളുകള്‍, ഡെക്കറേഷന്‍ ചെയ്യുന്നവര്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, കാറ്ററിങുകാര്‍ ഇവര്‍ എല്ലാവരുടെയും ജീവിതം വളരെ നന്നാവും. അതുകൊണ്ട് ദയവ് ചെയ്ത് വിവാഹം ചെയ്യൂ എന്നാണ് വരലക്ഷ്മി പറയുന്നത്.

തീര്‍ത്തുമൊരു ഫണ്‍ വീഡിയോ ആണെന്ന് വീഡിയോ പങ്കിട്ട് താരം പ്രത്യേകം പറഞ്ഞിട്ടുണ്ട്. റീൽ ക്ലിക്കായതോടെ ആരാധകരും വരലക്ഷ്മിക്കൊപ്പം കൂടി കമന്റുകൾ കുറിച്ചു. കല്യാണം കഴിക്കുമ്പോള്‍ ഇത്രയും ആളുകളുടെ ജീവിതം രക്ഷപ്പെടും. പക്ഷെ ഡൈവോഴ്‌സ് ചെയ്യുമ്പോള്‍ രക്ഷപ്പെടുന്നത് ഒരേ ഒരാള്‍ മാത്രമായിരിക്കും… വക്കീല്‍ എന്നാണ് റീലിന് ചിലർ മറുപടിയായി കുറിച്ചത്. അതുപോലെ തന്നെ റീലിലെ വരലക്ഷ്മിയുടെ ലുക്കും ചർച്ചയായിട്ടുണ്ട്. ഒരു നിമിഷം സാമന്തയാണെന്ന് വിചാരിച്ചുവെന്നാണ് ചിലർ കുറിച്ചത്. അടുത്തിടെയായി ഡയറ്റും വർക്കൗട്ടും എല്ലാം ചെയ്ത് സ്ലിം ബ്യൂട്ടിയായി മാറിയിട്ടുണ്ട് താരം. വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളായിരുന്നു. ഈ വർഷാവസാനത്തോടെ വിവാഹമുണ്ടാകുമെന്നും വൈകാതെ ഇരുവരും വിവാഹ തീയതി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.