മലയാള സിനിമാ ലോകത്തിന്റെ സുവർണ കാലഘട്ടം തന്നെയാണ് ഇപ്പോൾ എന്ന് പറയാം. ഒന്നിന് പുറകെ ഒന്നായി ഇറങ്ങുന്ന എല്ലാ സിനിമകളും ഹിറ്റാകുന്നു. മലയാള ചിത്രത്തിന് മുന്നില്‍ ബോളിവുഡ് സിനിമകള്‍ പോലും മാറി നില്‍ക്കുന്നതാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രേക്ഷകർ കാണുന്നത്. ഇനി ഓണം റിലീസിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ. അക്കൂട്ടത്തിലുള്ളതാണ് ബറോസ്, അജയന്റെ രണ്ടാം മോഷണം, കത്തനാർ എന്നീ ത്രീഡി സിനിമകള്‍ എത്തുന്നത്.
ഓണത്തിനെത്തുന്ന ചിത്രങ്ങളില്‍ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ബറോസ്. മോഹൻലാല്‍ ആദ്യമായി സംവിധാനം ചെയ്ത് അഭിനയിക്കുന്ന ചിത്രത്തിനായി ആരാധകരും ഏറെ പ്രതീക്ഷയോടെയാണുള്ളത്. സെപ്റ്റംബർ 12-നാണ് ബറോസ് തിയേറ്ററുകളിലെത്തുന്നത്. ബറോസിനൊപ്പം അന്നേ ദിവസം ‘അജയന്റെ രണ്ടാം മോഷണം’ കൂടി റിലീസിന് എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ക്രിസ്തുമസ് റിലീസായി എത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
ബറോസിനൊപ്പം അജയന്റെ രണ്ടാം മോഷണം കൂടി എത്തുകയാണെങ്കില്‍ വലിയ മത്സരമായിരിക്കും സിനിമാ മേഖലയില്‍ ഉണ്ടാകുന്നതെന്നാണ് വിലയിരുത്തല്‍. നവാഗതനായ ജിതിൻ ലാല്‍ സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ആറ് ഭാഷകളിലായാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് മോഹൻലാല്‍ ചിത്രം പറയുന്നത്. ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കി ജിജോ പുന്നൂസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 170 ദിവസം നീണ്ടുനിന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്ബാവൂര്‍ ആണ് ‘ബറോസ്’ നിർമിക്കുന്നത്.