പ്രപഞ്ചം സൃഷ്ടിച്ച ദൈവം പോലും ഒരു ദിവസം വിശ്രമിച്ചു. അപ്പോള്‍ മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ വിളിച്ചാല്‍ വിളിപ്പുറത്തുള്ള രാജ്യത്തേക്ക് പോകുന്നതിന് എന്താ കുഴപ്പമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍ സഖാവ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ മുഖ്യമന്ത്രിക്കൊപ്പം കൂട്ടിച്ചേര്‍ക്കേണ്ട മറ്റൊരു പേരാണ് ഗതാഗതമന്ത്രി ഗണേഷ്‌കുമാറിന്റേത്. KSRTCയെ രക്ഷിക്കാനുള്ള ഓട്ടം തുങ്ങിയിട്ട് കുറച്ചു നാളേ ആയുള്ളൂ എങ്കിലും ഒരു വിശ്രമം അനിവാര്യമായ ഘട്ടത്തിലാണ് ഗണേഷ്‌കുമാര്‍ ഇന്റോനേഷ്യയിലേക്ക് വെച്ചു പിടിച്ചിരിക്കുന്നത്.
പക്ഷെ, വിശ്രമിക്കുന്ന മന്ത്രി അറിയാന്‍, ഇവിടെ കാര്യങ്ങളെല്ലാം കൈവിട്ട മട്ടാണ്. ഇതുവരെയും KSRTC തൊഴിലാളികള്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. സര്‍ക്കാര്‍ ധനസഹായത്തിലൂടെ ആദ്യഗഡു കൊടുക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. സര്‍ക്കാര്‍ സഹായം ലഭിച്ചില്ല, ശമ്പളം കൊടുത്തില്ല. ഇതാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. ശമ്പളം കൊടുക്കാന്‍ വേണ്ടുന്ന തുകയെല്ലാം KSRTC ടടിക്കറ്റ് വരുമാനത്തില്‍ നിന്നും കണ്ടെംത്തുന്നുണ്ടെങ്കിലും അധികൃതരുടെ കണക്കിലെ കളികള്‍ കൊണ്ട് അതൊന്നും ഒന്നിനും തികയുന്നില്ലെന്നാണ് ഇപ്പോഴും പറയുന്നത്.
അതിന്റെ ഫലമായി ശമ്പലം രണ്ടു ഗഡുവായി നിശ്ചയിച്ചു. എന്നിട്ടും, പഞ്ഞത്തരം തീരാത്ത അവസ്ഥയാണ്. എന്തൊക്കെ പറഞ്ഞാലും, ഈമാസം ശമ്പളം കിട്ടാതെ ജീവനക്കാര്‍ ആകെ അസ്വസ്ഥരാണ്. ജീവനക്കാരുടെ നാഥനായ മന്ത്രി ഗണേശ്കുമാര്‍ ഇന്റോനേഷ്യയില്‍ ഇരുന്നുകൊണ്ട് വിഷയത്തില്‍ ഇടപെടുമെന്നാണ് വിശ്വാസം. പക്ഷെ, ശമ്പളം കിട്ടാന്‍ മന്ത്രി വേണമെന്നില്ലെന്നും, സര്‍ക്കാര്‍ സഹായം ലഭിച്ചാല്‍ അപ്പോള്‍ത്തന്നെ ശമ്പളത്തിന്റെ ആദ്യഗഡു അക്കൗണ്ടില്‍ ക്രെഡിറ്റാവുമെന്നുമാണ് ലഭിക്കുന്ന വിവരം.
പക്ഷെ, സര്‍ക്കാര്‍ സഹായം ഇതുവരെ കിട്ടിയിട്ടില്ല എന്നത് വസ്തുതയാണ്. നാളെ ശമ്പളം ക്രെഡിറ്റാകുമെന്ന് ഇടതു യൂണിയനുകളിലെ അംഗങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍, അതിനൊന്നും കാത്തു നില്‍ക്കാതെ ടി.ഡി.എഫ് നാളെ സമരത്തിനിറങ്ങുകയാണ്. പ്രതിപക്ഷ സംഘടനകള്‍ ഓരോരുത്തരായി ശമ്പളത്തിനു വേണ്ടി രംഗത്തിറങ്ങുമ്പോള്‍ സര്‍ക്കാര്‍ അനുകൂല സംഘടന എന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ്.
ഒറ്റത്തവണയായി എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കുമെന്നായിരുന്നു ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഉറപ്പ് നല്‍കിയിരുന്നത്. നാളെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനാണ് ബിഎംഎസിന്റെ തീരുമാനം. ശമ്പളം കിട്ടും വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. ശമ്പളം കിട്ടാതെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പട്ടിണി കിടക്കുമ്പോള്‍ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും വിദേശയാത്ര നടത്തുകയാണെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.
വിഷുവിനും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പൂര്‍ണ്ണമായി നല്‍കിയിരുന്നില്ല. ഡിപ്പോയില്‍ പ്രതിഷേധ കണി ഒരുക്കിയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനിടെ മേയര്‍ ആര്യാരാജേന്ദ്രനുമായുള്ള KSRTCയുടെ ഇടയല്‍, ശമ്പള പ്രതിസന്ധിക്ക് കാരണമായോ എന്നുള്ള സംശയം ജഡീവനക്കാര്‍ക്കിടയിലുണ്ട്. സി.പി.എമ്മിനെതിരേ ആരോപണം ഉന്നയിച്ച KSRTCക്കാര്‍ പാഠം പഠിച്ചിട്ട് ശമ്പളം വാങ്ങിയാല്‍ മതിയെന്ന് രഹസ്യ തീരുമാനം എങ്ങനും എടുത്തിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
ധനവകുപ്പിന്റെ നിസംഗതയും ചോദ്യം ചെയ്യുന്നുണ്ട്. അനാവശ്യ കാര്യങ്ങള്‍ക്ക് കോടികള്‍ അനുവദിക്കുന്ന ധനവകുപ്പിന് KSRTCക്കാരുടെ ശമ്പളത്തിന് ഫണ്ടനുവദിക്കാന്‍ എന്താണിത്ര മടിയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.