വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് കനി കുസൃതി. വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് തന്നെയാണ് കനിയെ ,വ്യത്യസ്തയാക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി പുരസ്കാരങ്ങളും ചുരുങ്ങിയ കാലം കൊണ്ട് കാണിയെ തേടി എത്തിയിട്ടുണ്ട്. കില്ലർ സൂപ്പ്, പോച്ചെർ തുടങ്ങി ലോക ശ്രദ്ധ ആകർഷിച്ച നിരവധി വെബ് സീരീസുകളുടെ ഭാഗമാകാനും കനി കുസൃതിക്ക് സാധിച്ചു. ഇപ്പോഴിതാ കാൻ ഫെസ്റ്റിവലിലും തിളങ്ങാൻ ഒരുങ്ങുകയാണ് നടി.
മുപ്പതു വർഷങ്ങൾക്കു ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) മത്സരിക്കുന്ന ഇന്ത്യൻ ചിത്രം ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റി’ന്റെ ട്രയ്ലർ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാള സിനിമക്കും അഭിമാനിക്കാൻ സാധിക്കുന്ന നിമിഷം കൂടിയാണ് ഈ സെലക്ഷൻ. വിവിധ ഫിലിം അവാർഡുകളിൽ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുള്ള കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം തിരുവനന്തപുരം സ്വദേശിയായ യുവ താരം ഹ്രിദ്ദു ഹാറൂണും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനി കുസൃതി മലയാളികൾക്ക് പ്രിയങ്കരിയായത്, ഓള് , വഴക്ക്, ദി നോഷൻ, നിഷിദ്ധോ തുടങ്ങി നിരവധി ചിത്രങ്ങളിലും വെബ് സീരീസുകളിലും മികച്ച പ്രകടനങ്ങളിലൂടെയും ശ്രദ്ധേയമാണ്. രണ്ട് കുടിയേറ്റ മലയാളി നഴ്സുമാർ തങ്ങളുടെ ജീവിതത്തെ ഒരു കൂട്ടായ ബോധത്തിന്റെ ചങ്ങലകൾക്കപ്പുറത്തേക്ക് നയിക്കുമ്പോൾ ആ രാജ്യത്തിൽ അവരുടെ ജീവിതം കണ്ടെത്തുന്ന കഥാഗതിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.