ദുബൈ: ശ്വാസകോശ സംബന്ധമായ നിരവധി അസുഖങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ കണ്ടെത്താൻ സഹായിക്കുന്ന നിർമിത ബുദ്ധി (എ.ഐ) സാങ്കേതിക വിദ്യ നടപ്പിലാക്കി ദുബൈ സെൻട്രൽ ലബോറട്ടറി. ശ്വാസകോശ അണുബാധകൾക്ക് കാരണമാകുന്ന പൾമണറി ബാക്ടീരിയയായ ലെജിയോണല്ലയെ അതിവേഗത്തിൽ കണ്ടെത്താൻ സഹായിക്കുന്നതാണിത്. ഈ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ ദുബൈയിൽ സ്ഥാപിക്കുന്നതെന്ന് ദുബൈ സെൻട്രൽ ലബോറട്ടറി ഡിപാർട്മെന്റ് ഡയറക്ടർ എൻജിനീയർ ഹിന്ദ് മഹമൂദ് അഹമ്മദ് പറഞ്ഞു.
ലെജിയോണല്ല പൾമണറി ബാക്ടീരിയയെ കണ്ടെത്തുന്നതിനുള്ള വിപ്ലവകരമായ ഈ രീതി യൂറോപ്യൻ വാട്ടർ ടെസ്റ്റിങ് നെറ്റ്വർക് ആഗോള തലത്തിൽ അംഗീകാരം നൽകിയ ഏറ്റവും പുതിയ രീതിയാണ്. നിലവിൽ 14 ദിവസം കൊണ്ട് ലഭിച്ചിരുന്ന ഫലം പുതിയ രീതിയിലൂടെ 48 മണിക്കൂറായി ചുരുങ്ങും. കൂടാതെ ഏറ്റവും കൃത്യതയാർന്ന ഫലം നൽകാനും പുതിയ സാങ്കേതിക വിദ്യക്ക് സാധിക്കും. എമിറേറ്റിലെ ആരോഗ്യ സുരക്ഷ രംഗത്തെ പുരോഗതിക്കായി ഏറ്റവും മികച്ച സാങ്കേതിക വിദ്യകളും അടിസ്ഥാന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പുതിയ രീതി അവതരിപ്പിച്ചതെന്ന് അഹമ്മദ് കൂട്ടിച്ചേർത്തു.
ദുബൈയിലെ വിപണിയിൽ വിൽപനക്കെത്തുന്ന വ്യത്യസ്തങ്ങളായ ഭക്ഷ്യ വസ്തുക്കൾ, ജലം, മറ്റ് ഉപഭോഗ വസ്തുക്കൾ എന്നിവ ഇതിൽ ഉൾപ്പെടും. 5000ത്തോളം സാങ്കേതിക സംവിധാനങ്ങളും ഉപകരണങ്ങളും ഉൾപ്പെടുന്ന സംയോജിത സാങ്കേതിക സംവിധാനങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലബോറട്ടറി എമിറേറ്റിലെ സർക്കാർ, അക്കാദമി സ്ഥാപനങ്ങൾക്ക് വലിയ സഹായമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.