ജീവിതത്തെ തുറന്ന ചിന്താഗതിയോടെ കാണുന്ന നടിയാണ് കനി കുസൃതി.ആക്ടിവിസ്റ്റ് മൈത്രെയൻ, ജയശ്രീ എന്നിവരാണ് കനിയുടെ മാതാപിതാക്കൾ. രണ്ട് പേരെയും അച്ഛൻ, അമ്മ എന്ന് കനി വിളിക്കാറില്ല. പേരാണ് വിളിക്കാറ്. മൈത്രേയനും ജയശ്രീയും നിയമപരമായി വിവാഹം ചെയ്തവരല്ല. വിവാഹമുൾപ്പെടെയുള്ള സങ്കൽപ്പങ്ങളിൽ വിശ്വസിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്. ഇപ്പോഴിതാ മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ കുട്ടിക്കാലത്ത് തനിക്ക് നേരെ വന്ന ചോദ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് കനി കുസൃതി. സ്കൂളിലെ സുഹൃത്തുക്കൾ നീയെന്തിനാണ് അച്ഛനെ പേര് വിളിക്കുന്നതെന്ന് ചോദിക്കും. കുറേ നേരം എനിക്ക് കേൾക്കാൻ പറ്റില്ല. അതൊക്കെ എനിക്ക് ഇറിറ്റേറ്റിംഗ് പോലെ തോന്നുമായിരുന്നു. പക്ഷെ പത്ത് വയസൊക്കെയായപ്പോൾ വീട്ടിൽ വന്ന കൂട്ടുകാരും മൈത്രെയൻ, ജയശ്രീ ചേച്ചി എന്നാണ് വിളിച്ചത്. അങ്കിളെന്നോ ആന്റിയെന്നോ അല്ല.
മുതിർന്നവർ മൈത്രേയനെക്കുറിച്ചും ജയശ്രീയെക്കുറിച്ചും ജഡ്ജ്മെന്റലായി സംസാരിച്ചത് തനിക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെന്നും കനി കുസൃതി പറയുന്നു. അവർ ശരിയായിട്ടുള്ള ആൾക്കാരല്ല, മകൾ എന്തായാലും കുഴപ്പമില്ലാതായി എന്നൊക്കെ പറഞ്ഞു. പതിനാല് പതിനഞ്ച് വയസ് വരെ എനിക്ക് വിഷമം ആയിരുന്നു. എനിക്കെന്റെ അച്ഛനും അമ്മയും ട്രൂത്ത്ഫുൾ ആയവരായാണ് തോന്നിയത്. കള്ളത്തരം തോന്നിയിട്ടില്ല. എന്റെ അച്ഛനും അമ്മയും ആയത് കൊണ്ട് പോലുമല്ല. എനിക്ക് സത്യസന്ധത വളരെ പ്രധാനമാണ്. എന്റെ അമ്മൂമ്മ എന്നെ ഒരുപാട് ഇഷ്ടപ്പെട്ട ആളാണ്. പക്ഷെ വീട്ടിൽ മീൻ വറുത്തതുണ്ടെങ്കിൽ കൂട്ടുകാരിൽ നിന്നും ഒളിച്ച് നിർത്തി മോളേ, ഒരെണ്ണം നീയെടുത്തോ എന്ന് പറയും. എനിക്ക് എല്ലാവർക്കും കൊടുക്കണം. പക്ഷെ അമ്മൂമ്മയ്ക്ക് എന്നോടാണ് കൂടുതൽ സ്നേഹം.
സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് ഫസ്റ്റ് റാങ്ക് കിട്ടി. മൈത്രേയനും ജയശ്രീയും റാങ്കിംഗ് സിസ്റ്റമൊന്നും കാര്യമാക്കിയില്ല. അതാണ് ശരിയെന്ന് എനിക്കും ആ പ്രായത്തിൽ മനസിലായി. ഞാനും കൂട്ടുകാരും മത്സരിച്ചിരുന്നില്ല. മൈത്രേയനും ജയശ്രീ ചേച്ചിയും അഭിപ്രായങ്ങൾ പറയുന്നതും തീരുമാനമങ്ങളെടുത്തതും പക്ഷപാതമില്ലാതെയാണ്. എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക ട്രീറ്റ്മെന്റൊന്നും ഇല്ലായിരുന്നു. ബന്ധുക്കളോ മറ്റോ മൈത്രയേനോ ജയശ്രീ ചേച്ചിയോ ശരിയല്ലെന്ന് പറഞ്ഞാൽ എനിക്കവർ ശരിയല്ലാത്ത കാര്യം ചെയ്യുന്നതായി തോന്നിയിട്ടില്ല. നമുക്ക് ചോദിക്കാനുള്ള സ്പേസ് ഉണ്ട്.
നമുക്ക് ഇഷ്ടമുള്ള ആന്റിമാർ ജയശ്രീ സാരിയുടുക്കുന്നത് നേരെയല്ല, കമ്മലും മാലയും എന്താണ് ഇടാത്തത് എന്നൊക്കെ പറയുമ്പോൾ അവരും എന്റെ അച്ഛനെയും അമ്മയെയും ഇഷ്ടപ്പെടണമെന്ന് ചിന്തിച്ച് ടീനേജ് വരെ വിഷമം വന്നിട്ടുണ്ട്. എന്നാൽ താൻ വളരുകയും വായിക്കുകയും നാടകം ചെയ്യുകയും ചെയ്തപ്പോൾ മനുഷ്യർ പല വിധമാണെന്ന് മനസിലാക്കിയെന്നും കനി കുസൃതി വ്യക്തമാക്കി.