കൊച്ചി: സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ അന്തരിച്ചു. 54 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 4.40ന് മൂവാറ്റുപുഴയില്‍വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ താലുക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ലോകനാഥന്‍ ഐഎഎസ്, കനക സിംഹാസനം, കളഭം, മൈഡിയര്‍ മമ്മി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. ആഴ്ചപ്പതിപ്പുകളില്‍ നിരവധി നോവലുകള്‍ എഴുതിയിട്ടുണ്ട്.
ചക്കരവാവ, വെളുത്ത കത്രീന തുടങ്ങിയ നോവലുകള്‍ സീരിയലാക്കി. ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാ സമാഹാരത്തിന് കടവനാട് കുട്ടികൃഷ്ണന്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കമല സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ മനോമി എന്ന നോവലാണ് രാമ രാവണന്‍ എന്ന പേരില്‍ സിനിമയാക്കിയത്. കേരള ഗ്രന്ഥശാല സംസ്ഥാന കൗണ്‍സില്‍ അംഗം, സിപിഎം ഒക്കല്‍ ലോക്കല്‍ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.